Wednesday, Jan 8, 2025 06:06 PM
1 GBP = 106.03
breaking news

കാവൽക്കാരുടെ സങ്കീർത്തനങ്ങൾ (ഭാഗം – 18) ഓര്‍മ്മകളുടെ വഴി

കാവൽക്കാരുടെ സങ്കീർത്തനങ്ങൾ (ഭാഗം – 18) ഓര്‍മ്മകളുടെ വഴി

18 – ഓര്‍മ്മകളുടെ വഴി

ജ്ഞാനമായവള്‍ വീഥിയില്‍ ഘോഷിക്കുന്നു; വിശാലസ്ഥലത്തു സ്വരം കേള്‍പ്പിക്കുന്നു. അവള്‍ ആരവമുള്ള തെരുക്കളുടെ തലെക്കല്‍ നിന്നു വിളിക്കുന്നു; നഗരദ്വാരങ്ങളിലും നഗരത്തിന്നകത്തും പ്രസ്താവിക്കുന്നതു: ബുദ്ധിഹീനരേ, നിങ്ങള്‍ ബുദ്ധീഹിനതയില്‍ രസിക്കയും പരിഹാസികളേ, നിങ്ങള്‍ പരിഹാസത്തില്‍ സന്തോഷിക്കയും ഭോഷന്മാരേ, നിങ്ങള്‍ പരിജ്ഞാനത്തെ വെറുക്കയും ചെയ്യുന്നതു എത്രത്തോളം? എന്‍റെ ശാസനെക്കു തിരിഞ്ഞുകൊള്‍വിന്‍; ഞാന്‍ എന്‍റെ മനസ്സു നിങ്ങള്‍ക്കു പൊഴിച്ചു തരും; എന്‍റെ വചനങ്ങള്‍ നിങ്ങളെ അറിയിക്കും.

–സദൃശ്യവാക്യങ്ങള്‍, അധ്യായം 1

പള്ളിക്കുള്ളില്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന ആദ്യ ഫല സാധനങ്ങളില്‍ കത്തനാരുടെ മനസ്സ് ലയിച്ചിരുന്നു. ചെറുപ്പത്തില്‍ വീട്ടില്‍ കോഴിമുട്ടയും കപ്പയും ചേനയും വാഴക്കുലയുമൊക്കെ ആദ്യമായി ലഭിച്ചതിന്‍റെ സന്തോഷം പങ്കുവയ്ക്കാന്‍ പള്ളിയില്‍ കൊണ്ടുപോയത് ഓര്‍മയുണ്ട്. നിലാവില്‍ നിഴല്‍ കഴിയുന്നതുപോലെ ഇവരില്‍ അറിവും അറിവില്ലായ്മയും ഓടിയിരിക്കയാണ്. യേശു ക്രിസ്തുവിന് മുന്‍പ് ജെറുസലേം ദേവാലയത്തില്‍ പുരോഹിതന്മാര്‍ ദൈവത്തെ പ്രസാദിപ്പിക്കാന്‍ വേണ്ടി മനുഷ്യര്‍ക്ക് കൊടുത്ത ആജ്ഞയായിരുന്നു നിനക്ക് ലഭിക്കുന്ന കൃഷിവിളകളില്‍ നിന്നും പക്ഷിമൃഗങ്ങളില്‍നിന്നും ആദ്യത്തെത് ദേവാലയത്തില്‍ കാഴ്ചവയ്ക്കണം. ആ ദൗത്യം യേശു ക്രിസ്തുവിന് ശേഷവും ഒരു കൂട്ടം ക്രിസ്ത്യാനികള്‍ ഏറ്റെടുത്ത് നടത്തുന്നു. യേശുക്രിസ്തു ഒരിക്കല്‍ പോലും അത്തരത്തില്‍ ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് ജെറുസേലം ദേവാലയത്തില്‍ കച്ചവടം നടത്തിയ പുരോഹിതന്മാരെയും കൂട്ടരെയും അദ്ദേഹം ആട്ടിപ്പുറത്താക്കിയിട്ട് പറഞ്ഞു. ‘ദൈവ ഭവനത്തെ നിങ്ങള്‍ അശുദ്ധമാക്കി കള്ളന്മാരുടെ ഗൃഹമാക്കരുത്.’

പല സഭകളും സമ്പത്തുണ്ടാക്കാന്‍ ഇതൊരു വ്യാപാരതന്ത്രമായി ആവിഷ്ക്കരിച്ചിട്ടുണ്ട്. അതിനെ ഉള്‍ക്കൊള്ളാനാകില്ലെങ്കിലും പള്ളിക്ക് സന്തോഷമായി കൊടുക്കുന്ന ആദ്യഫലത്തെ എതിര്‍ക്കാന്‍ കഴിയില്ല. പള്ളിക്കുള്ളില്‍ വില്പനയ്ക്കായി നിരത്തി വച്ചിരിക്കുന്ന പച്ചക്കറികല്‍, തുണിത്തരങ്ങള്‍, സാരികള്‍, പ്ലാസ്റ്റിക് സാധനങ്ങള്‍, പാത്രങ്ങള്‍ കളിപ്പാട്ടങ്ങള്‍ മുതലായവയില്‍ കത്തനാര്‍ ഉറ്റുനോക്കി. അകത്തെ മുറിയില്‍ പല തരത്തിലുള്ള ആഹാരവിഭവങ്ങളും തയ്യാറെടുക്കുന്നുണ്ട്. ആരാധനയില്‍ പങ്കെടുക്കാതെ മിക്ക സ്ത്രീകളും അവിടെയാണ്. ആരാധന ആരംഭിച്ചപ്പോള്‍ പുറത്ത് നിന്നവരെല്ലാം അകത്ത് കയറി ആരാധനയില്‍ പങ്കുകൊണ്ടു. ആദ്യഫലം വരുന്ന ദിവസം ദിവ്യബലി ഇല്ല. ആദിമ കാലങ്ങളില്‍ ആദ്യഫലങ്ങളെ വാഴ്ത്തി ആരാധിച്ചുകൊണ്ടായിരുന്നു തുടക്കം. അതുതന്നെ ഇവിടെയും തുടരുന്നു. ആരാധന പത്ത് മണിക്കവസാനിച്ചു. ലേലം വിളിക്കുള്ള തയ്യാറെടുപ്പായി. സീസ്സറും ജോബിയും, കണ്‍വീനര്‍ കൈസും രണ്ട് സ്ത്രീകളും തലയില്‍ നീളത്തിലുള്ള തൊപ്പിയണിഞ്ഞു വന്നപ്പോള്‍ കത്തനാരുടെ മുഖത്ത് ഒരു മാറ്റം കണ്ടു. നീളത്തിലുള്ള തൊപ്പിയുടെ അഗ്രഭാഗം സര്‍ക്കസ്സ് കൂടാരത്തിലെ കുള്ളന്‍മാരുടെ തലയില്‍ ഇരിക്കുന്നപോലുണ്ട്. അവരുടെ വേഷങ്ങള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. ഏതോ മേളയില്‍ പങ്കെടുക്കുന്ന പ്രതീതി. മാര്‍ട്ടിനും സീസ്സറിന്‍റെ ചില ശിങ്കിടികളും ഒരു ഭാഗത്തായി മേശയിട്ട് കണക്കെഴുതുവാന്‍ ബുക്കുമായിരുന്നു. അവര്‍ക്കൊപ്പം ഫോള്‍സില്‍ നിന്ന് വന്നവരും ചേര്‍ന്നിരുന്നു. ഓരോ സാധനങ്ങള്‍ ഉയര്‍ത്തി കാട്ടുമ്പോള്‍ അതിനെപ്പറ്റി ഒരു ലഘുവിവരണം പരസ്യം പോലെ സീസ്സര്‍ അല്ലെങ്കില്‍ കൈസര്‍ അറിയിക്കും. ആദ്യം ലേലം വിളിക്കായി എടുത്തത് യേശുക്രിസ്തുവിന്‍റെ പ്ലാസ്റ്റിക്കിലുള്ള ഒരു പടം. അത് പത്ത് പൗണ്ടില്‍ തുടങ്ങിയത് ഓരോരുത്തര്‍ മാറിമാറി വിറോടും വാശിയോടും വിളിച്ച് നിറുത്തിയത് അഞ്ഞൂറ് പൗണ്ട്. തുടര്‍ന്ന് മാതാവിന്‍റെയും ശിശുവായ ക്രിസ്തുവിന്‍റെയും പടം, പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി, പയര്‍ തുടങ്ങിയ പച്ചക്കറി സാധനങ്ങള്‍. ലേലം വിളിക്കുന്നവരുടെ മുഖത്ത് വാശിയുടെ ലഹരിയാണ്. നീ എന്നെക്കാള്‍ വലിയവനൊന്നുമല്ല. എന്നോട് കളിക്കേണ്ട. ഞാന്‍ കളി പഠിപ്പിക്കും എന്ന ഭാവം. പുറമേ നിന്ന് വന്നവരെല്ലാം ലേലം വിളിക്കുന്നവരെ സൂക്ഷിച്ചു നോക്കി. അവരുടെ ശബ്ദവും ഏറെ ഉച്ചത്തിലായി. ലേലം വിളിക്ക് കൊഴുപ്പു പകരാനായി കോമാളി വേഷം കെട്ടിയവരുമുണ്ട്. പലരെയും ലേലം വിളി അമ്പരപ്പിക്കുന്നുണ്ടെങ്കിലും കത്തനാരില്‍ അത്ഭുതമാണുണ്ടാക്കിയത്.

തുടര്‍ന്ന് സ്ത്രീപുരുഷന്മാരുടെ കുട്ടികളുടെ വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, പടങ്ങള്‍, സുന്ദരിമാരുടെ വര്‍ണ്ണപ്പകിട്ടാര്‍ന്ന ചിത്രങ്ങള്‍. കത്തനാര്‍ ഏതോ പുതിയ ലോകത്ത് ഇരിക്കുന്നതുപോലെ അനുഭവപ്പെട്ടു. കാളച്ചന്തയിലെ ആടുമാടുകളുടെ വിലപേശല്‍ പോലും ഇവിടെ തോറ്റുപോകും. ഇത് പള്ളിയോ, അതോ കാളച്ചന്തയോ? ഓരോ സാധനത്തിനും തുക കൂട്ടിക്കൂട്ടികൊണ്ടുപോകാന്‍ കൈസറും സീസ്സറും മാറി മാറി വിളിക്കും. തുക കൂടുന്തോറും അവര്‍ പിന്‍മാറും. ചാര്‍ളി കരിന്തോട്ടവും സുരേഷ് മാര്‍വിടവും പിറകിലിരുന്ന് കാഴ്ചകള്‍ കാണുന്നുണ്ട്. അരക്കിലോ പയറിന് വരെ നൂറ്റിഅന്‍പത് പൗണ്ടോളം വിലവരുന്നു. മാര്‍ട്ടിനും കൂട്ടരും വിളിക്കുന്നവരുടെ പേരു വിവരങ്ങള്‍ അപ്പോഴപ്പോള്‍ എഴുതികൊണ്ടിരിക്കും. ജോബ് ചിരിച്ചുകൊണ്ട് അതിനുള്ളില്‍ ഓടി നടന്ന് പറയും. വി…വി.. വിളിക്കൂ എന്നാണ് അവന്‍ പറയുന്നത്.

ഇവിടെ ഇരുന്നപ്പോള്‍ കത്തനാര്‍ക്ക് ഭ്രാന്തു പിടിക്കുന്നതുപോലെ തോന്നി. ആ കൂട്ടത്തില്‍ സ്വിറ്റ്സര്‍ലാന്‍ഡീല്‍ നിന്നുള്ള കറിവേപ്പില തൈകളുമുണ്ടായിരുന്നു. എന്തിനെയും ആദ്യഫലം എന്ന പേരില്‍ കച്ചവടമാക്കുന്ന വ്യാപാരതന്ത്രങ്ങള്‍ സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ കാട്ടി കാശുണ്ടാക്കുന്ന ഇവിടുത്ത മാധ്യമസംസ്കാരം പോലെ ദൈവത്തിന്‍റെ ഭവനവും ആളുകളെ കൂട്ടി ധനത്തിന്‍റെ സമൃദ്ധിയില്‍ വിശ്വസിക്കുന്നു. കരിന്തോട്ടം ആദ്യമായിട്ടാണ് ഹാര്‍വെസ്റ്റ് ഫെസ്റ്റിവെലില്‍ പങ്കെടുക്കുന്നത്. എല്ലാം വര്‍ഷവും ഇതിവിടെ നടക്കാറുണ്ട്. എന്നാല്‍ തെല്ല് അമര്‍ഷത്തോടെ അതിന്‍റെ കണ്‍വീനറോട് പറയും. ‘ക്ഷമിക്കണം. എനിക്കീ കച്ചവടത്തിന് യാതൊരു താത്പര്യവുമില്ല.’ പള്ളിയുടെ വൈസ് പ്രസിഡന്‍റ് എന്നൊരു പദവി തലയില്‍ വലിച്ചുവെച്ചതുകൊണ്ട് മാത്രം ഇന്ന് വന്നു. ഇത്രയൊക്കെ കണ്ടിട്ടും കത്തനാര്‍ക്ക് ഒന്നും പറയാനില്ലേ എന്ന് നിനച്ചിരിക്കുമ്പോഴാണ് കത്തനാര്‍ കസേരയില്‍ നിന്നെഴുന്നേറ്റ് ട്രഷറര്‍ കൈസറോട് ചോദിച്ചത്:

“ഇപ്പോള്‍ എത്ര രൂപവരെയായി?”

കൈസര്‍ അക്കൗണ്ടന്‍റെ മാര്‍ട്ടിനോട് ചോദിച്ചു.

“ഇരുപത്തിരണ്ടായിരം പൗണ്ട്. ഞങ്ങളുടെ ബഡ്ജറ്റ് മുപ്പതിനായിരമാണ്. കഴിഞ്ഞ വര്‍ഷം ഇരുപതിനായിമായിരുന്നു.” കൈസര്‍ അഭിമാനത്തോടെ മറുപടി കൊടുത്തു. കത്തനാര്‍ ജനത്തെ നോക്കി പറഞ്ഞു.

“തത്കാലം ഈ ലേലം വിളി ഒന്നവസാനിപ്പിക്കണം.”

എല്ലാവരും മുഖത്തോട് മുഖം നോക്കി. സീസ്സറും കൂട്ടരും കത്തനാരെ സംശയത്തോടെ നോക്കി. പള്ളിയില്‍ പെട്ടെന്ന തളം കെട്ടിയ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് കത്തനാരുടെ ശബ്ദമുയര്‍ന്നു:

“ഇതിന്‍റെ പേര് തന്നെ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ എന്നാണ്. ഇതുണ്ടായത് പഴയ വിശുദ്ധ വേദപുസ്തകത്തില്‍നിന്നാണ്. അല്ലാതെ പുതിയ നിയമ വിശുദ്ധ വേദപുസ്തകത്തില്‍ നിന്നല്ല. ഇവിടെ ഒരു വാക്യം കൂടി പഴയ വേദപുസ്തകത്തില്‍ നിന്നു നാം കൂട്ടിച്ചേര്‍ക്കണം.”

എന്താണത്? എല്ലാവരും അറിയാനായി കാതോര്‍ത്തു.

യിരേവ്യ പ്രവാചകന്‍ പറയുന്നു.”യിസ്രായേല്‍ യഹോവെക്ക് വിശുദ്ധവും അവന്‍റെ വിളവിന്‍റെ ആദ്യഫലവും ആകുന്നു. ഇവിടെയും അതെ ചോദ്യം തന്നെ നമ്മോടും ചോദിക്കുന്നു. നിങ്ങള്‍ ആ വിളവിന്‍റെ ആദ്യഫലത്തിലേയ്ക്ക് മടങ്ങി വരിക. എങ്ങനെ? നിങ്ങള്‍ വിളവിന്‍റെ ആദ്യഫലം ആദ്യം കണ്ടെത്തെണ്ടത് ദൈവത്തിന്‍റെ വചനത്തിലാണ്. നമ്മുടെ ഹൃദയത്തില്‍ ആ വിത്ത് നാം വിതച്ചിട്ടുണ്ടോ? അത് വളര്‍ന്ന് നമ്മുടെ മനസ്സില്‍ എത്തിയിട്ടുണ്ടോ? വചനത്തില്‍നിന്ന് വിശ്വാസമുണ്ടാകുന്നു. വിശ്വാസത്തില്‍നിന്നും ദൈവത്തിന്‍റെ അത്ഭുതങ്ങളെ നാം കാണുന്നു. ഇന്ന് ഞാനിവിടെ കണ്ടത് വിശ്വസിക്കാതെ അത്ഭുതം കാണുന്നവരെയാണ്. അത് ക്രിസ്തീയ വിശ്വാസമല്ല. ആദ്യം നമ്മുടെ ഹൃദയത്തെ വിശുദ്ധികരിക്കുക. സ്വര്‍ഗ്ഗരാജ്യം അവിടെയാണ്. അതിനാല്‍ നമ്മുടെ കഷ്ടപ്പാടില്‍ നിന്ന് കൊണ്ടു വന്നിട്ടുള്ളവരുടെ ആദ്യഫലം ലേലം വിളിച്ചെടുക്കുക. അതും ന്യായമായ വിലക്ക് അല്ലാതെ കടകളില്‍ നിന്ന് ഓരോന്ന് വാങ്ങിക്കൊണ്ടു വന്ന്  ഇവിടെ കച്ചവടം നടത്താന്‍ ഇതൊരു ചന്തയല്ല.

ഇവിടെ നടക്കുന്നത് കുതിരപ്പന്തയമല്ല. എനിക്കറിയാം നിങ്ങള്‍ക്കിവിടെ കൃഷി ചെയ്യാനുള്ള സൗകര്യങ്ങള്‍ കുറവാണ്. വീടിന് പിറകില്‍ പയറും ടോമാറ്റോയൊക്കെ ചട്ടികളില്‍ വളര്‍ത്തുന്ന പല കുടുംബങ്ങളെയും ഞാന്‍ കണ്ടു. മുന്തിരിങ്ങായും ആപ്പിളും കണ്ടു. അവരില്‍ പലരും ആദ്യഫലമായി സന്തോഷത്തോടെ കൊണ്ടു വരികയും ചെയ്തിട്ടുണ്ട്. അതിന്‍റെ വില നിങ്ങള്‍ പറയുക. അത് ലേലം വിളിച്ച് പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന ഒരു മരത്തെപ്പോലെ വളര്‍ത്താതെയിരിക്കുക. നിങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം എന്തിനിങ്ങനെ നശിപ്പിക്കണം. മറ്റൊന്നു കൂടി ഓര്‍പ്പിക്കാനുള്ളത്. ആദ്യഫലം നിങ്ങളുടെ വരുമാനത്തില്‍ നിന്നു സന്തോഷത്തോടെ കൊടുക്കുക. മറിച്ച്, സാധനങ്ങള്‍ വാങ്ങി ലേലം വിളിച്ച് അതിന്‍റെ പരിശുദ്ധിയെ നശിപ്പിക്കാതിരിക്കുക. ഞാനീ പറഞ്ഞത്, യേശുക്രിസ്തു ജെറുസേലം ദേവാലയത്തില്‍ വെച്ച് പറഞ്ഞ കാര്യം തന്നെയാണ്.  ഇതില്‍ നിങ്ങള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ ഇത് തുടരാം. അല്ലെങ്കില്‍ ഞാന്‍ പറയുന്നതുപോലെ തുടരാം. നിങ്ങള്‍ളുടെ ഇഷ്ടത്തിനാണ് തുടരാന്‍ ആഗ്രഹിക്കുന്നെതെങ്കില്‍ ഞാനിവിടെ ഇരിക്കാന്‍  ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ അഭിപ്രായം തുറന്നു പറയുക.”

സിസ്സറിന്‍റെയും കൂട്ടരുടെയും ഹൃദയമിടുപ്പുകള്‍ വര്‍ദ്ധിച്ചു. എന്‍റെ തലയ്ക്ക് മീതെ പറക്കുന്നതുപോലെ പള്ളിക്ക് മീതെയും ഇയാള്‍ പക്കുകയാണല്ലോ. പള്ളിയുടെ സാമ്പത്തിക വളര്‍ച്ചയിലാണല്ലോ ഇയാള്‍ കോടാലി വെച്ചിരിക്കുന്നത്. പള്ളിക്കുള്ളില്‍ നാട്ടിലെ വെളിച്ചപ്പാടിന്‍റെ രൂപമെടുത്ത് വന്നിരിക്കുകയാണ്. എല്ലാം വെട്ടിനിരത്താന്‍.  കൈസറും മാര്‍ട്ടിനും സീസ്സറും പരസ്പരം നോക്കി. കത്തനാരുടെ സാന്നിദ്ധ്യം അവരെ അസ്വസ്തരാക്കി. അവിടെ ഇരുന്നവര്‍ അടക്കിയ ശബ്ദത്തില്‍ പരസ്പരം പിറുപിറുക്കുന്നു. ജോബ് അവിടെയിരുന്നവരെ നോക്കി ചിരിച്ചു. ആ ചിരിയുടെ അലയടികള്‍ ഏറ്റവും കൂടുതല്‍ ഏറ്റത് സീസ്സറിലായിരുന്നു. ഒരു തൊഴികൊടുത്താലോ എന്നുവരെ തോന്നി.

ലൂയിസും ലിന്‍ഡയും പരസ്പരം നോക്കി പുഞ്ചിരിച്ചു. ഇതൊന്ന് തീര്‍ന്ന് പുറത്ത് പോകാനുള്ള വ്യഗ്രതയാണ് അവര്‍ക്ക്. സീസ്സറിന്‍റെയും കൂട്ടരുടെയും മുമ്പില്‍ ഇടിയും മഴയും തുടരുകയാണ്  പലരും നിശ്ശബ്ദരായിരിക്കുന്നു. കത്തനാര്‍ പറയുന്നതാണ് ശരിയെന്ന് ഒരു കൂട്ടര്‍ക്ക് തോന്നിയപ്പോള്‍, അവിടുത്തെ വാശിയേറിയ ലേലം വിളിയുടെ രസം കളയുന്നതില്‍ മറ്റൊരു കൂട്ടര്‍ക്ക് വൈമുഖ്യം.മറ്റുള്ളവരുടെയൊക്കെ മുന്നില്‍ ഞെളിയാനും അഹങ്കരിക്കാനും വന്നവന്‍റെയെല്ലാ വായ് ഈ കത്തനാര്‍ അടപ്പിച്ചല്ലോ. കൈസര്‍ക്കും കൂട്ടര്‍ക്കും കത്തനാരുടെ വാദത്തെ അംഗീകരിക്കാന്‍ കഴിഞ്ഞില്ല. കൈസര്‍ എഴുന്നേറ്റു പറഞ്ഞു.

“വികാരി ഇതില്‍ ഇടപെട്ട് പള്ളിയുടെ വരുമാനം കുറയ്ക്കരുതെന്നാണ് എന്‍റെ അഭിപ്രായം.”

“ശരി മറ്റുള്ളവരുടെ അഭിപ്രായം കൂടി കേക്കട്ടേ”, കത്തനാര്‍ ഇടപെട്ടു.

“ഈ കച്ചവടം ഇവിടെ അവസാനിപ്പിക്കണമെന്നാണ് എന്‍റെ അഭിപ്രായം”, കരിന്തോട്ടം എഴുന്നേറ്റ് പറഞ്ഞു.

സീസ്സറും കൂട്ടരും ദേഷ്യത്തോടെ നോക്കി. ഇവന്‍ കരിന്തോട്ടമല്ല കരിന്തേളാണ്. ഈ സമയം ലക്ഷ്യം വെച്ച കാര്യം നടപ്പാക്കണമെന്നുണ്ടെങ്കില്‍ കത്തനാര്‍ക്കൊപ്പം നിന്ന് നല്ലപിള്ള ചമയുന്നതാണ് നല്ലത്. ജനങ്ങളുടെ പ്രീതിയും ലഭിക്കും. ഉള്ളില്‍ അമര്‍ത്തിവെച്ച അമര്‍ഷം മുഖത്ത് കാണിക്കാതെ എഴുന്നേറ്റിട്ട് പറഞ്ഞു.

“വികാരി പറഞ്ഞത് ആത്മീയ സത്യങ്ങളാണ്. ആ പറയുന്നത് അനുസരിക്കുന്നതാണ് നമ്മുടെ കടമ. അതിനപ്പുറം ഇതൊരു തര്‍ക്കവിഷമമാക്കീട്ട് കാര്യമില്ല. സമ്പത്ത് നല്കാന്‍ ദൈവം നമ്മുടെ പക്ഷത്തില്ലേ. പിന്നെന്തിന് ഭയക്കണം.”

എല്ലാവരും അത് കൈയ്യടിച്ച് പാസ്സാക്കി. സീസ്സര്‍ ഒന്ന് പൊങ്ങി. സ്റ്റെല്ല ആശ്ചര്യപ്പെട്ടു നോക്കി. സ്വന്തം ഗ്രൂപ്പില്‍ നിന്ന് പുറത്തായോ? അതോ അവരെ പുറത്താക്കിയോ? കൈസര്‍ക്കും കൂട്ടര്‍ക്കും വല്ലാത്ത വിരോധം തന്നെ തോന്നി. എപ്പോഴും ഒപ്പം നില്ക്കുന്ന വ്യക്തി കൂടെ നടന്നിട്ട്  കാലു വാരിയത് കണ്ടില്ലേ? മുമ്പൊരിക്കലും ഇങ്ങനെ കണ്ടിട്ടില്ല. മറ്റുള്ളവരുടെ മുന്നില്‍ ശ്രദ്ധേയനും മിടുക്കനുമായി.

കത്തനാര്‍ വീണ്ടും എഴുന്നേറ്റു. “പ്രിയപ്പെട്ടവരെ, പള്ളിയുടെ സെക്രട്ടറി പറഞ്ഞതിനോട് നിങ്ങള്‍ യോജിച്ചതില്‍ സന്തോഷമുണ്ട്. ഇനിയും നാം നട്ടുവളര്‍ത്തിയത് പലരും കൊണ്ടു വന്നിട്ടുണ്ട്. അതിനുള്ള വില അതിന്‍റെ ഇരട്ടിയായി കൊടുത്ത് നിങ്ങള്‍ എടുക്കുക. അതിന് ഒരു ലേലം വിളിയുടെ ആവശ്യമില്ല.”

കത്തനാര്‍ എഴുന്നേറ്റ് ചെന്ന് പച്ചമുളക്, ടൊമാറ്റോ, ഉരുളക്കിഴങ്ങ്, വഴുതനങ്ങ, പയര്‍, മുന്തിരി, ഓറഞ്ച് മുതലായവയെടുത്ത് കൈസറെ ഏല്‍പ്പിച്ചു. ജോബും അവരെ സഹായിക്കാനുണ്ടായിരുന്നു. മറ്റ് സാധനങ്ങള്‍ അവിടെ തന്നെ ഇരുന്നു. അത് കൊണ്ടുവന്നവര്‍ മടക്കി കൊണ്ടുപോകട്ടെ. ഓരോന്നിന്‍റെ ഇരട്ടി വിലവെച്ച് അതാവശ്യമുള്ളവര്‍ക്കായി ഭക്ഷ്യസാധനങ്ങള്‍ വീതിച്ചു കൊടുത്തു.

ഉച്ചയൂണിനായി എല്ലാവരും പിരിഞ്ഞു. പുറത്ത് വന്ന സീസ്സറിനെ കൈസറും മാര്‍ട്ടിനും റോബിനും തടഞ്ഞു നിറുത്തി. കൈസന്‍ ചോദിച്ചു, “താന്‍ എന്തു പണിയ കാണിച്ചേ?”

അത് കേട്ട് സീസ്സര്‍ പൊടിച്ചിരിച്ചു. അവര്‍ ആ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി. സീസ്സറിന്‍റെ മുഖഭാവം മാറി. “നിങ്ങള്‍ക്ക് ഇഷ്ടമായില്ലെന്ന് എനിക്കറിയാം. ഇയാളുമൂലമുള്ള തലവേദന ഇതോടെ അവസാനിക്കുന്നു. സഭ ആവശ്യപ്പെട്ടുമ്പോഴൊത്തെ സഹായധനം എവിടുന്നുണ്ടാക്കും? ഇങ്ങനെയുള്ള കത്തനാര്‍മാരെ പടച്ചു വിട്ടാല്‍ ഇത് വച്ചും പിതാവിന്‍റെ അടുക്കല്‍ നമ്മുടെ അവസാനത്തെ പരാതിയും അയയ്ക്കുന്നു. ഇങ്ങനെ ഒരാളെ നമുക്കാവശ്യമില്ല. ഒരു ശത്രുവിനെപ്പോലെ മടക്കി അയയ്ക്കുന്നതിനെക്കാള്‍ നല്ലത് ഒരു മിത്രത്തെപ്പോലെ അയയ്ക്കുന്നതല്ലേ.

കൈസര്‍ നിസ്സാഹയതയോടെ നോക്കി.

“മടക്കി അയയക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അഞ്ച് വര്‍ഷം ഇവിടെയിരുന്ന് നമ്മളെകൊണ്ടേ അയാള്‍ പോകൂ. നോക്കീക്കോ.”

“ഇത് നമ്മുടെ അവസാനത്തെ പരാതിയാണ്. പിതാവിനെ ഞാന്‍ വിളിച്ചത് കത്തനാര്‍ വന്ന മാസം. ഇനിം ഞാന്‍ ഒന്നുകൂടി വിളിക്കും. ഈ ആറാം മാസം. അതാണ് ഇയാടെ അവസാനമാസം.”

“എനിക്കതത്ര കാര്യമായി തോന്നുന്നില്ലേ?” കൈസര്‍ പറഞ്ഞു.

“എടോ കൈസര്‍, ഇയാള്‍ പറഞ്ഞത് ഇവിടുത്തെ രാഷ്ട്രീയം. ഞാന്‍ പറഞ്ഞത് ഇന്ത്യന്‍ രാഷ്ട്രീയം. കൂടെ നില്ക്കുക, കാല് വാരുക. മനസ്സിലായോ?” അവര്‍ക്ക് ചിരിവന്നു.

ഇതിനിടയില്‍ മൂത്രപ്പുരയില്‍ പോയിട്ടു വന്ന ജോബ് അവര്‍ പുറത്ത് നിന്ന് സംസ്സാരിക്കുന്നത് കണ്ടു.

അവന്‍ കണ്ണെടുക്കാതെ നോക്കുന്നത് കണ്ട് കൈസര്‍ ചോദിച്ചു.

“ഇവനെന്താ നമ്മളെ ഇങ്ങനെ നോക്കുന്നേ.”

അവരുടെയെല്ലാം കണ്ണുകള്‍ അവന്‍റെ കളിയാക്കിയുള്ള ചിരിയില്‍ തറച്ചു. സീസ്സറുടെ ഉള്ളം വിറച്ചു. കണ്ണുകള്‍ തുറിച്ചു. അവന്‍ വീണ്ടും ചിരിക്കുന്നത് കണ്ട് അടുത്തേക്ക് ചെന്നപ്പോള്‍ ഓടി മറഞ്ഞു.

“കൈയ്യീല്‍ കിട്ടിയിരുന്നെങ്കില്‍ ഒരു ചവിട്ടു ഞാന്‍ കൊടുത്തേനേ.”

“എന്താ ജയിലില്‍ പോയി കിടക്കണോ?” കൈസര്‍ ചോദിച്ചു.

വളരെ പ്രതീക്ഷയോടെ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ആഘോഷിക്കാന്‍ വന്നവരുടെ മനസ്സാകെ തളര്‍ന്നിരുന്നു.

ഹെലന്‍ പള്ളിയില്‍ വരാത്തതും ഈ കത്തനാര്‍ മൂലമെന്ന് സീസ്സര്‍ക്കറിയാം. അവര്‍ അകത്തേക്ക് വന്നു. വര്‍ണ്ണാഭമായ ഹാളിനുള്ളില്‍ തീന്‍മേശകളും കസേരകളും നിറഞ്ഞിരുന്നു. തീന്‍മേശയ്ക്ക് മുകളില്‍ വിവിധ തരത്തിലുള്ള ആഹാരസാധനങ്ങള്‍ നിരന്നിരിക്കുന്നു. ഓരോ ഭക്ഷണത്തിനും ഓരോ നിറത്തിലുള്ള കൂപ്പണുകളാണ് കൊടുത്തിരിക്കുന്നത്. മൂന്നു പൗണ്ട് വരുന്ന കപ്പയ്ക്കും മീന്‍ കറിക്കും ആറ് പൗണ്ടാണ്. അങ്ങനെ ഓരോ ഭക്ഷണസാധനങ്ങള്‍ക്കും ഇരട്ടി വില. വീട്ടില്‍ പാകം ചെയ്തതും രുചിയോട് കഴിക്കാന്‍ കിട്ടുന്നതുമായതുകൊണ്ട് വില ആരും മുഖവിലയ്ക്കെടുക്കില്ല.

സ്റ്റെല്ലയും ജോബും ലിന്‍ഡയും ലൂയിസും ഒരുമിച്ച് ആഹാരം കഴിച്ചു. കത്തനാര്‍ക്കുള്ള ആഹാരം ഒരു പാത്രത്തില്‍ കൊണ്ടു ചെന്നെങ്കിലും അദ്ദേഹം അത് വാങ്ങാതെ കപ്പയ്ക്കും മീനുമുള്ള കാശ് കൊടുത്ത് അത് വാങ്ങി കഴിച്ചു.

ഭക്ഷണം കഴിച്ചിട്ട് എല്ലാവരും വീണ്ടും ഒന്നിച്ചു കൂടി. ട്രഷറര്‍ കണക്ക് വായിച്ചു. അന്നു മൊത്തം പിരിഞ്ഞു കിട്ടിയ തുക മൂവായിരത്തി ഇരുനൂറ് പൗണ്ട് മാത്രം. എല്ലാം വര്‍ഷവും വില കുറച്ച് സാധനങ്ങള്‍ വാങ്ങി പള്ളിക്കുള്ളില്‍ കൊണ്ടുവന്ന് ലേലം നടത്തി വന്‍തുക സമാഹരിച്ചിരുന്നതാണ്. പല തരത്തില്‍ അതിലേറെയും പലരുടെയും പോക്കറ്റിലേക്കാണു പോകുക എന്നുമാത്രം. ഇതൊന്നും ഇടവക അംഗങ്ങള്‍ക്ക് അറിയണമെന്നില്ല. ആദ്യഫലത്തില്‍ ആ കൃത്രിമപ്പെട്ടി അടഞ്ഞു കിടന്നു. അടുത്ത ദിവസം തന്നെ സീസ്സര്‍ കത്തനാരുടെ വഴിയില്‍ മൂര്‍ച്ചയുള്ള കല്ലുകളും മുള്ളകളും വിതറിച്ചാടന്‍ തുടങ്ങി. സീസ്സറുടെ അറിവോടെ കത്തനാരുടെ കാര്‍ മോഷണം പോയി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more