1 GBP = 107.02
breaking news

എഡിജിപി എം ആർ അജിത് കുമാറിന് സംരക്ഷണം? മൗനം തുടർന്ന് സിപിഎം; മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ചയായില്ല

എഡിജിപി എം ആർ അജിത് കുമാറിന് സംരക്ഷണം? മൗനം തുടർന്ന് സിപിഎം; മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ചയായില്ല

തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദം മുറുകുമ്പോഴും എഡിജിപി എം ആർ അജിത് കുമാറിനെ മാറ്റുന്നത് മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല. സിപിഐ മന്ത്രിമാരടക്കം പ്രശ്നം ഉന്നയിച്ചില്ല. വൈകീട്ട് ചേരുന്ന എൽഡിഎഫ് യോഗത്തിൽ അജിത് കുമാറിനെ മാറ്റണമെന്ന ആവശ്യം ഉയരുമോ എന്നതിലാണ് ആകാംക്ഷ. ഇതിനിടെ നാല് ദിവസത്തെ അവധി എഡിജിപി പിൻവലിച്ചു.

അജിത് കുമാറിനെ മാറ്റുന്നതിൽ ഇന്ന് നിർണ്ണായക തീരുമാനം വരുമെന്നാണ് പ്രതീക്ഷ. എന്നാല്‍, രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ എഡിജിപി വിവാദം ചർച്ചയായതേയില്ല. അജണ്ടയ്ക്ക് പുറത്തായി സിപിഐ മന്ത്രിമാർ പോലും വിഷയം ഉന്നയിച്ചില്ല. ഊഴം വെച്ച് എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതിനെ പരസ്യമായി കടന്നാക്രമിക്കുന്ന സിപിഐയാണ് കാബിനറ്റിൽ വിഷയം തൊടാതിരുന്നത്. ഇനി എല്ലാ ആകാംക്ഷയും ഇടത് മുന്നണിയോഗത്തിലാണ്. മുന്നണി യോഗത്തിലും അജിത് കുമാറിനെ മാറ്റാൻ സിപിഐയും ആർജെഡിയും ആവശ്യപ്പെട്ടില്ലെങ്കിൽ കത്തിപ്പടരുന്ന വിഷയത്തിൽ പാർട്ടികളുടെ നിലപാടിലെ ആത്മാർത്ഥതയില്ലായ്മയാകും പിന്നെ ചർച്ചയാകുക. എഡിജിപി കൂടിക്കാഴ്ച വിവാദത്തിൽ ഇതുവരെ മൗനം തുടരുന്ന മുഖ്യമന്ത്രി എൽഡിഎഫ് യോഗത്തിൽ എന്തെങ്കിലും വിശദീകരിക്കുമോ എന്നും കാത്തിരിക്കണം. എഡിജിപിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മിലടക്കം അമർഷം പുകയുകയാണ്. 

വിവാദം മുറുകുന്നതിനിടെയാണ് ശനിയാഴ്ച മുതൽ നാല് ദിവസം അവധിയെടുക്കാനുള്ള തീരുമാനം അജിത് കുമാർ മാറ്റിയത്. ഇന്നലെ മലപ്പുറത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിയതിന് പിന്നാലെയാണ് തീരുമാനം. അവധി നീട്ടാനുള്ള ആവശ്യം നേരത്തെ സർക്കാർ തള്ളിയിരുന്നു. അവധിയെടുക്കുന്നത് തെളിവ് നശിപ്പിക്കാനാണെന്ന ആക്ഷേപം പി വി അൻവർ അടക്കം ഉന്നയിച്ച സാഹചര്യത്തിലാണോ പിന്മാറ്റമെന്ന് വ്യക്തമല്ല. വിവാദങ്ങൾക്ക് മുമ്പ് ചില സ്വകാര്യ ആവശ്യങ്ങൾക്കായിരുന്നു അവധി ചോദിച്ചിരുന്നത്. അൻവറിന് ഒപ്പം അജിത് കുമാറിൻ്റെയും പരാതി ഉള്ളതിനാൽ അജിത് കുമാറിൻ്റെയും മൊഴി ഡിജിപി രേഖപ്പെടുത്തും. അപ്പോഴും അൻവറിൻ്റെ പരാതിയിലെ അന്വേഷണത്തിനപ്പുറം ആർഎസ്എസ് കൂടിക്കാഴ്ചയിൽ എഡിജിപിക്കെതിരായ നടപടി എന്ത് എന്ന ചോദ്യം ഇനിയും ഉത്തരമില്ലാതെ തുടരുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more