ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭരണപക്ഷ എംഎൽഎ പി വി അൻവർ നടത്തുന്ന വെളിപ്പെടുത്തലിൽ മുഖം രക്ഷിക്കാൻ ആഭ്യന്തരവകുപ്പ് പാടുപെടുന്നതിനിടെയാണ് സേനയെ വെട്ടിലാക്കി പൊലീസിനെതിരെ യുവതിയുടെ ബലാത്സംഗ പരാതി.
മലപ്പുറം മുൻ എസ്പി സുജിത്ത് ദാസും പൊന്നാനി മുൻ എസ്എച്ച്ഒ ആയിരുന്ന വിനോദും ചേർന്ന് പീഡിപ്പിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി. പരാതി നൽകിയിട്ടും കേസൊതുക്കാൻ ഡിവൈഎസ്പി ഉൾപ്പെടെയുള്ളവർ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. ഇപ്പോൾ പരാതിപെടാന്‍ ധൈര്യം കിട്ടിയത് പി വി അന്‍വർ എംഎൽഎ പൊലീസിനെതിരെ വെളിപ്പെടുത്തൽ നടത്തിയതിനെ തുടർന്നാണെന്ന് പരാതിക്കാരി പറഞ്ഞു.
ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന മൌനം പാലിച്ചിരുന്ന പല നടികളും തങ്ങള്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ ഭയമില്ലാതെ തുറന്നു പറയുന്ന ഈ സാഹചര്യത്തില്‍ തന്നെയാണ് അന്‍വറിന്‍റെ വെളിപ്പെടുത്തലിനെ തുടർന്ന് പൊലീസിനെതിരെ അതിക്രമ പരാതിയുമായി വീട്ടമ്മ എത്തിയത് എന്നത് ശ്രദ്ധേയം.
അതേസമയം, പിവി അൻവർ എഡിജിപി എംആർ അജിത് കുമാറിനെതിരെയും സുജിത്ത് ദാസിനെതിരെയും എയ്തുവിടുന്ന അമ്പുകൾ സേനയിലെ കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യ മുനമ്പിൽ നിർത്തുകയാണ്. ആഭ്യന്തരവകുപ്പിനും പൊലീസിനും എതിരെ സിപിഎമ്മിൽ തന്നെ അത്രപ്തി ഉണ്ടെങ്കിലും അതാരും പരസ്യമായി പുറത്ത് പറയാൻ തയ്യാറായിരുന്നില്ല.
ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ നിയമവാഴ്ച തകർന്ന അവസ്ഥയിലാണ് എന്ന് പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു, “പൊലീസ് തന്നെ കുറ്റാരോപിതരാകുന്നു. കേരളത്തിൽ അധികം കാണാത്ത സംഭവമാണിത്. സ്വർണക്കടത്ത് അടക്കമുള്ള കേസുകളിൽ എല്ലാ റാങ്കിലുമുള്ള പൊലീസുകാർ ഉൾപ്പടുന്നു,” പി വി അൻവറിന്റ് വാക്കുകൾ സർക്കാറിന്റെ വിശ്വാസ്യതയെ ഉലയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ഭരണകക്ഷി എംഎൽഎയും പിണറായി സർക്കാറിനെ സൈബർ ലോകത്ത് പ്രതിരോധിക്കുന്നവരുടെ നേതാവുമായ പി വി അൻവർ തന്നെ പൊലീസിനെതിരെ തെളിവുകളുമായി എത്തുമ്പോൾ അതിന്റെ മുന ചൂണ്ടുന്നത് മുഖ്യമന്ത്രിക്ക് എതിരെയാണ്.
മുഖ്യമന്ത്രിയെ എഡിജിപി ബ്ലാക്മെയിൽ ചെയ്യുകയാണ് എന്നാണ് മുൻ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് നേതാവുമായ രമേഷ് ചെന്നിത്തല ആരോപിച്ചത്.
“കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും നോക്കുകുത്തിയാക്കി ഒരു എഡിജിപിയും പൊളിറ്റിക്കല്‍ സെക്രട്ടറിയും കൂടി കേരളം ഭരിക്കുകയാണ്. പിണറായി വിജയന്റെ ബിജെപി ബാന്ധവം മാത്രമല്ല, സാമ്പത്തിക ഇടപാടുകള്‍ അടക്കമുള്ള നിരവധി രഹസ്യങ്ങള്‍ അജിത് കുമാറിന് അറിയാം. ഇതുകൊണ്ട് തന്നെ പിണറായിക്ക് അജിത് കുമാറിനെ ഭയമാണ്,” രമേഷ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.
നിലവിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെയുള്ള അന്വേഷണം അദ്ദേഹത്തെ എഡിജിപി സ്ഥാനത്ത് നിലനിർത്തിക്കൊണ്ട് തന്നെയാണ് നടത്തുന്നത് എന്നതാണ് ശ്രദ്ധേയം. ഇതിനെതിരെ വലിയ പ്രതിഷേധം തെരുവിലടക്കം നടക്കുമ്പോഴാണ് ജില്ല പൊലീസ് മേധാവിയായിരുന്ന ഉദ്യോഗസ്ഥർക്കടക്കം ലൈംഗിക പീഡന പരാതി വരുന്നത്.
ഈ പരാതികളുടെ നിജസ്ഥിതി ഒരുതവണ വ്യാജ പരാതി എന്ന് പറഞ്ഞുതള്ളിയ പൊലീസ് തന്നെയാണോ അന്വേഷിക്കുക എന്നത് കണ്ടറിയണം. അതിനിടെ വീട്ടമ്മയുടെ രണ്ടുവർഷം മുൻപുള്ള പരാതിയിൽ എസ്പിയുടെ പേരു ഉണ്ടായിരുന്നില്ല എന്ന റിപ്പോർട്ട് പൊലീസും പുറത്തുവിട്ടു. മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ആരോപണ വിധേയരായ ഉദ്യോഗസ്ഥർ പറയുമ്പോൾ തുറന്നപോരിലേക്ക് പൊലീസും എത്തുകയാണെന്ന് വ്യക്തം.
click on malayalam character to switch languages