1 GBP = 106.97
breaking news

പെനാല്‍റ്റി നഷ്ടപ്പെടുത്തി റൊണാൾഡോ; ഷൂട്ടൗട്ടില്‍ രക്ഷകനായി കോസ്റ്റ, പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍

പെനാല്‍റ്റി നഷ്ടപ്പെടുത്തി റൊണാൾഡോ; ഷൂട്ടൗട്ടില്‍ രക്ഷകനായി കോസ്റ്റ, പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍

സ്ലോവേനിയയെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ തോൽപ്പിച്ച് പോർച്ചുഗൽ യൂറോ കപ്പിന്റെ ക്വാർട്ടറിൽ.
ഷൂട്ടൗട്ടില്‍ 3-0 നാണ് പോര്‍ച്ചുഗലിന്റെ വിജയം. പോര്‍ച്ചുഗീസ് ഗോള്‍കീപ്പര്‍ ഡിയാഗോ കോസ്റ്റയുടെ തകര്‍പ്പന്‍ സേവുകളാണ് പോര്‍ച്ചുഗലിനെ രക്ഷിച്ചത്.

ക്രിസ്റ്റ്യാനോയും സംഘവും ആദ്യ മിനിറ്റുകളില്‍ തന്നെ ആധിപത്യം പുലര്‍ത്തുന്നതാണ് കണ്ടത്. പോര്‍ച്ചുഗീസ് മുന്നേറ്റനിര തുടര്‍ച്ചയായി ആക്രമണങ്ങളുടെ കെട്ടഴിച്ചുവിട്ടു. 5-ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ വെച്ച് ലഭിച്ച മികച്ച അവസരം റൂബന്‍ ഡയസ് നഷ്ടപ്പെടുത്തി. പിന്നാലെ 13-ാം മിനിറ്റില്‍ വലതുവിങ്ങില്‍ നിന്ന് മുന്നേറിയ ബെര്‍ണാഡോ സില്‍വ സ്ലൊവേനിയയുടെ ബോക്‌സ് ലക്ഷ്യമാക്കി ഉഗ്രന്‍ ക്രോസ് നല്‍കി. എന്നാല്‍ ബ്രൂണോ ഫെര്‍ണാണ്ടസിന് അത് കണക്ട് ചെയ്യാനായില്ല. കിട്ടിയ അവസരങ്ങളില്‍ സ്ലൊവേനിയയും മുന്നേറി.

30-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയുടെ ഹെഡര്‍ സ്ലൊവേനിയന്‍ ഗോള്‍കീപ്പര്‍ ജാന്‍ ഒബ്ലാക് കൈയ്യിലൊതുക്കി. റൊണാള്‍ഡോ സുന്ദരമായ നീക്കങ്ങളുമായി മൈതാനത്തെ ത്രസിപ്പിക്കുന്ന കാഴ്ചയ്ക്കും ആദ്യ പകുതി സാക്ഷ്യം വഹിച്ചു. 55-ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഫ്രീകിക്ക് ഒബ്ലാക് തട്ടിയകറ്റി. വിങ്ങുകളിലൂടെയുള്ള പോര്‍ച്ചുഗല്‍ മുന്നേറ്റങ്ങളെ പ്രതിരോധിക്കാന്‍ സ്ലൊവേനിയ നന്നായി ബുദ്ധിമുട്ടി.

പോര്‍ച്ചുഗലിന്റെ നീക്കങ്ങളെ കൃത്യമായി മനസിലാക്കി ഗോളവസരങ്ങളെ തടഞ്ഞ സ്ലൊവേനിയന്‍ പ്രതിരോധം മികച്ച പ്രകടനമാണ് മത്സരത്തില്‍ പുറത്തെടുത്തത്. പിന്നാലെ ക്രിസ്റ്റ്യാനോയെടുത്ത ഫ്രീകിക്ക് വീണ്ടും ബാറിന് മുകളിലൂടെ ലക്ഷ്യം കാണാതെ പോയി. 89-ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ നിന്ന് റോണോയുടെ ഇടംകാലന്‍ ഷോട്ട് ഒബ്ലാക് കൈയ്യിലാക്കി. പിന്നാലെ കളിയവസാനിച്ചതായി പ്രഖ്യാപിച്ച് റഫറി വിസില്‍ മുഴക്കി. മത്സരം അധികസമയത്തേക്ക് നീണ്ടു.

അധികസമയത്തിലും പോര്‍ച്ചുഗീസ് പട മുന്നേറ്റം തുടര്‍ന്നു. ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കേ പോര്‍ച്ചുഗലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. പോര്‍ച്ചുഗീസ് ആരാധകര്‍ ആവേശത്തിലായി. കിക്കെടുക്കാന്‍ പതിവുപോലെ നായകന്‍ റൊണാള്‍ഡോയെത്തി. എന്നാല്‍ ഇക്കുറി റോണോയ്ക്ക് പിഴച്ചു. കിടിലന്‍ ഡൈവിലൂടെ ഒബ്ലാക് പെനാല്‍റ്റി സേവ് ചെയ്തു. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് പിന്നാലെ മൈതാനത്ത് റൊണാള്‍ഡോ കണ്ണീരണിഞ്ഞു.

രണ്ടാം പകുതിയില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കേ സുവര്‍ണാവസരം സ്‌ട്രൈക്കര്‍ ബെഞ്ചമിന്‍ സെസ്‌കോ നഷ്ടപ്പെടുത്തിയത് സ്ലൊവേനിയയ്ക്കും തിരിച്ചടിയായി. അധികസമയത്തും വിജയികളെ കണ്ടെത്താനാവാതെ വന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗീസ് ഗോള്‍കീപ്പര്‍ ഡിയാഗോ കോസ്റ്റയുടെ തകര്‍പ്പന്‍ സേവുകളാണ് പോര്‍ച്ചുഗലിനെ രക്ഷിച്ചത്. സ്ലൊവേനിയയുടെ മൂന്ന് കിക്കും കോസ്റ്റ തടുത്തിട്ടു. റോണോയും സംഘവും ക്വാര്‍ട്ടറിലേക്ക് കടന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more