1 GBP = 107.49
breaking news

മാഞ്ചസ്റ്ററിൽ മാർ തോമാശ്ലീഹായുടെയും വി. അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാളാഘോഷത്തിന് ഇന്ന് കൊടിയേറും…..പ്രധാന തിരുന്നാൾ ജൂലൈ 6 ശനിയാഴ്ച

മാഞ്ചസ്റ്ററിൽ മാർ തോമാശ്ലീഹായുടെയും വി. അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാളാഘോഷത്തിന് ഇന്ന് കൊടിയേറും…..പ്രധാന തിരുന്നാൾ ജൂലൈ 6 ശനിയാഴ്ച

മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് പ്രസിദ്ധമായ മാഞ്ചസ്റ്റർ ദുക്റാന തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് മിഷൻ ഡയറക്‌ടർ റവ. ഫാ.ജോസ് കുന്നുംപുറം കൊടിയേറ്റുന്നതോടെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. തിരുന്നാൾ കൊടിയേറുന്നതോടെ ഒരാഴ്ചക്കാലം മാഞ്ചസ്റ്റർ ഉത്സവപ്രതീതിയിലാണ്. ജൂലൈ ഏഴാം തിയതി ശനിയാഴ്ചയാണ് പ്രധാന തിരുന്നാൾ. റാസ കുർബാനയും, പ്രദക്ഷിണവും, ഒക്കെയായി തിരുന്നാൾ ആഘോഷമാക്കുന്നതിനുള്ള ഒരുക്കങ്ങൾ മിഷൻ ഡയറക്‌ടർ റവ. ഫാ.ജോസ് കുന്നുംപുറത്തിലിൻ്റെ നേതൃത്വത്തിൽ പ്രവത്തിക്കുന്ന 101 അംഗ തിരുന്നാൾ കമ്മറ്റിയുടെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നു.

ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വിഥിൻഷോ സെൻ്റ്.ആൻറണീസ് ദേവാലയത്തിൽ മിഷൻ ഡയറക്‌ടർ ഫാ.ജോസ് കുന്നുംപുറം കൊടിയേറ്റ് നിർവഹിക്കും. തിരുസ്വരൂപ പ്രതിഷ്ടയും, ലദീഞ്ഞും നടക്കും. തുടർന്ന് നടക്കുന്ന ദിവ്യബലിയിൽ ലീഡ്സ് സെൻ്റ് മേരീസ് & സെൻ്റ് വിൽഫ്രഡ് ഇടവക വികാരി റവ. ഫാ.ജോസ് അന്ത്യാകുളം MCBS കാർമ്മികനാകും. ദിവ്യബലിക്ക് ശേഷം പതിവുപോലെ വീടുകളിലേക്കുള്ള അമ്പെഴുന്നള്ളിക്കൽ നടക്കുന്നതാണ്. തുടർന്ന് ഇടവകാംഗങ്ങൾ ദേവാലയത്തിൽ കാഴ്ചവയ്ക്കുന്ന ഉൽപ്പന്നങ്ങളുടെ ലേലവും നടക്കും.

നാളെ ജൂലൈ ഒന്ന് തിങ്കളാഴ്ച മുതൽ അഞ്ചാം തീയ്യതി വെള്ളിയാഴ്ച വരെ ദിവസവും വൈകുന്നേരം 5.30 ന് ദിവ്യബലിയും, നൊവേനയും നടക്കും. ഒന്നാം തിയതി തിങ്കളാഴ്ച ദിവ്യബലിക്ക് മാഞ്ചസ്റ്റർ ഹോളിഫാമിലി മിഷൻ ഡയറക്‌ടർ റവ. ഫാ. വിൻസെൻറ് ചിറ്റിലപ്പള്ളി മുഖ്യ കാർമ്മികനാകും നാളത്തെ കുർബാനയുടെ പ്രത്യേക നിയോഗം സെൻ്റ്.ആൻ്റണീസ് ഫാമിലി യൂണിറ്റ്, സെൻ്റ്. പോൾ ഫാമിലി യൂണിറ്റ്, സെൻ്റ്. ജോൺ ഫാമിലി യൂണിറ്റ്, കാറ്റിക്കിസം എന്നിവർക്ക് വേണ്ടിയായിരിക്കും.

പ്രധാന തിരുന്നാൾ ദിനമായ ജൂലൈ ആറാം തിയതി ശനിയാഴ്ച രാവിലെ 9.30 ന് നടക്കുന്ന സിറോമലബാർ സഭയുടെ ഏറ്റവും അത്യാഘോഷപൂർവ്വമായ കുർബാന ക്രമമായ പരിശുദ്ധ റാസക്ക് പ്രെസ്റ്റൺ കത്തീഡ്രൽ വികാരി റവ. ഫാ.ബാബു പുത്തൻപുരയിൽ മുഖ്യ കാർമ്മികനാകും.തുടർന്ന് തിരുന്നാൾ പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും.

ജൂലൈ ഏഴാം തിയതി ശനിയാഴ്ച വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്‌ടർ ഫാ.ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.

യുകെയിൽ ആദ്യമായി തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററിൽ ആയിരുന്നു. ആദ്യം തോമാശ്ലീഹയുടെ തിരുനാൾ ആഘോഷിച്ചിരുന്നത്, പിന്നീട് അൽഫോസാമ്മയുടെയും സംയുക്ത തിരുന്നാളാക്കി മാറ്റുകയായിരുന്നു.
മുത്തുക്കുടകളും പൊന്നിൻ കുരിശുകളുമെല്ലാം നാട്ടിൽ നിന്നും എത്തിച്ചു തുടങ്ങിയ തിരുന്നാൾ ആഘോഷങ്ങൾ അടുത്ത വർഷം രണ്ട് പതിറ്റാണ്ടിലേക്ക് പ്രവേശിക്കുകയാണ്. വർഷങ്ങൾ കഴിയും തോറും പ്രൗഢി ഒട്ടും ചോരാതെയാണ് ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാസ്ലീഹായുടെയും, ഭാരതത്തിലെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ ആഘോഷങ്ങൾ കാലാകാലങ്ങളായി നടന്നുവരുന്നത്.

തിരുന്നാൾ ദിനം വിഥിൻഷോ സെൻറ്‌ ആൻറണീസ് ദേവാലയവും പരിസരങ്ങളും കൊടിതോരങ്ങളാൽ അലങ്കരിച്ചു മോടിപിടിപ്പിക്കും. വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് ചെണ്ടമേളങ്ങളുടെയും, വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന തിരുന്നാൾ പ്രദക്ഷിണം മറുനാട്ടിലെ വിശ്വാസ പ്രഘോഷണമാണ്.
യുകെയുടെ നാനാ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങൾ അന്നേ ദിവസം മാഞ്ചസ്റ്ററിൽ എത്തിച്ചേരും.

തിരുനാളിന്റെ ഭാഗമായി പ്രശസ്ത പിന്നണി ഗായകൻ ഫ്രങ്കോയും, ഐഡിയ സ്റ്റാർസിംഗറും മികച്ച ഗായികയുമായ സോണിയയും നയിച്ച ഗാനമേള കഴിഞ്ഞ ദിവസം ഫോറം സെന്ററിൽ പ്രൗഢഗംഭീരമായി നടന്നിരുന്നു.

മിഷൻ ഡയറക്ടർ റവ. ഫാ.ജോസ് കുന്നുംപുറം, കൈക്കാരന്മാരായ ട്വിങ്കിൾ ഈപ്പൻ, റോസ്ബിൻ സെബാസ്റ്റ്യൻ, ജോബിൻ ജോസഫ് എന്നിവരുടെയും, പാരിഷ് കമ്മറ്റിയുടെയും നേതൃത്വത്തിൽ തിരുന്നാൾ വിജയത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഒരാഴ്ച നീളുന്ന മാഞ്ചസ്റ്റർ തിരുന്നാൾ ആഘോഷങ്ങളിൽ പങ്കുചേർന്ന് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും മിഷൻ ഡയറക്ടർ റവ. ഫാ.ജോസ് കുന്നുംപുറം സ്വാഗതം ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more