1 GBP = 107.76
breaking news

വയനാട്ടില്‍ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

വയനാട്ടില്‍ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

മാനന്തവാടി: വയനാട്ടില്‍ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ട്രാക്ടർ ഡ്രൈവർ പടമല ചാലിഗദ്ദ പനച്ചിയിൽ അജി (47) യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. പുല്ലരിയാൻ പോയപ്പോൾ ആനയുടെ മുന്നിലകപ്പെട്ടതായാണ് വിവരം. ആനയെ കണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു.

റേഡിയോ കോളർ ഘടിപ്പിച്ച മോഴയാനയാണ് ആക്രമിച്ചത്. കർണാടകയിൽ നിന്ന് പിടിച്ച് റേഡിയോകോളർ ഘടിപ്പിച്ച് വിട്ട ഈ ആന മാസങ്ങൾക്കു മുമ്പ് വയനാട് വന്യജീവിസങ്കേതത്തിലും പിന്നീട് സൗത്ത് വയനാട് വനം ഡിവിഷനിലും എത്തിയതായി സ്ഥിരീകരിച്ചിരുന്നു. നോർത്ത് – സൗത്ത് വയനാട് വനം ഡിവിഷനുകൾ അതിരിടുന്ന പ്രദേശമാണ് ചാലിഗദ്ദ.

അജിയുടെ മൃതദേഹം നിലവില്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍ ഉയര്‍ത്തി ഇവിടെ നാട്ടുകാരുടെ പ്രതിഷേധവും നടക്കുന്നുണ്ട്.

പുലര്‍ച്ചെ ആന ജനവാസമേഖയില്‍ ഇറങ്ങിയതായി റേഡിയോ കോളര്‍ വഴി നിരീക്ഷിച്ചപ്പോള്‍ വ്യക്തമായിരുന്നു. വനപാലകര്‍ കാട്ടാനയെത്തുരത്തി വനത്തോട് അടുത്ത ചാലിഗദ്ദ വരെ എത്തിച്ചിരുന്നു. എന്നാല്‍, അജിയെ ആന ഓടിക്കുകയായിരുന്നു. അജി തൊട്ടടുത്തുള്ള വീട്ടിലേക്ക് മതില്‍ ചാടി കടന്നെങ്കിലും പിന്നാലെ എത്തിയ ആന ഗേറ്റ് പൊളിച്ചുകയറി അക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

തണ്ണീര്‍ക്കൊമ്പനൊപ്പം ബന്ദിപ്പുര്‍ വനമേഖലയില്‍ തുറന്നുവിട്ട ഒരു കാട്ടാനകൂടി വയനാട്ടിലുണ്ടെന്ന് കഴിഞ്ഞ ദിവസം സി.സി.എഫ്. വ്യക്തമാക്കിയിരുന്നു. റേഡിയോ കോളറിന്റെ ആന്റിനയും റിസീവറും ആവശ്യപ്പെട്ട് കേരള വനംവകുപ്പ് കര്‍ണാടകത്തിന് കത്തയച്ചിരുന്നു. എന്നാല്‍, ഇന്റര്‍നെറ്റ് വഴി ട്രാക്ക് ചെയ്യുന്ന യൂസര്‍ ഐഡിയും പാസ്‌വേഡും മാത്രമായിരുന്നു കര്‍ണാടക നല്‍കിയത്. ഇതില്‍ പലപ്പോഴും വൈകിയായിരുന്നു സിഗ്നല്‍ ലഭിച്ചിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more