1 GBP = 106.75
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ ഓവറോൾ കിരീടം നേടി ആതിഥേയരായ സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ; റണ്ണറപ്പായി വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ; മൂന്നാം സ്ഥാനത്ത് ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷൻ

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ ഓവറോൾ കിരീടം നേടി ആതിഥേയരായ സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ; റണ്ണറപ്പായി വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ; മൂന്നാം സ്ഥാനത്ത് ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷൻ

സ്വന്തം ലേഖകൻ

യോവിൽ: ജൂലായ് ഒന്ന് ശനിയാഴ്ച്ച യോവിലിലെ ഒളിമ്പ്യാഡ് അത്ലറ്റിക് ക്ലെബ്ബിൽ നടന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ ഓവറോൾ കിരീടം നേടി ആതിഥേയരായ സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ. വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ റണ്ണറപ്പായപ്പോൾ ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനത്തെത്തി.

2015ലും കായികമേളയ്ക്ക് ആതിഥേയത്വം വഹിച്ച എസ്എംസിഎ ഇക്കുറി കൃത്യമായ മുന്നൊരുക്കങ്ങളുമായാണ് കായികമേളയിൽ അണിനിരന്നത്. പ്രസിഡന്റ് അനിൽ ആന്റണിയുടെയും സെക്രട്ടറി ഷിജുമോൻ ജോസഫിന്റെയും നേതൃത്വത്തിൽ കളത്തിലിറങ്ങിയ എസ്എംസിഎ 314 പോയിന്റുമായാണ് ഒന്നാമതെത്തിയത്. പ്രസിഡന്റ് പ്രിൻസ്‌മോൻ മാത്യുവിന്റെയും സെക്രട്ടറി പ്രദീഷിന്റേയും നേതൃത്വത്തിലെത്തിയ വിൽറ്റ്ഷെയർ മലയാളി അസ്സോസിയേഷൻ 112 പോയിന്റ് നേടി രണ്ടാമതെത്തിയപ്പോൾ 39 പോയിന്റ് നേടിയാണ് ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനത്തെത്തിയത്.

രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച രജിസ്‌ട്രേഷൻ നടപടികൾക്ക് ശേഷമാണ് കായികമേളയ്ക്ക് തുടക്കമായത്. പത്ത് മണിയോടെ നടന്ന കായിക താരങ്ങൾ പങ്കെടുത്ത മാർച്ച് പാസ്റ്റ് യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ ജോയിന്റ് സെക്രട്ടറി ഉമ്മൻ ജോൺ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്‌ഘാടനം ചെയ്തു. വിവിധ അസോസിയേഷൻ ബാനറുകൾക്ക് പിന്നിലായി ചിട്ടയായ ക്രമത്തിൽ നടന്ന മാർച്ച് പാസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് എസ്എംസിഎ പ്രസിഡന്റ് അനിൽ ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ റീജിയണൽ റീജിയണൽ പ്രസിഡന്റ് സുജു ജോസഫ് കായികമേള ഉദ്‌ഘാടനം ചെയ്തു. സൗത്ത് വെസ്റ്റ് റീജിയണൽ ജോയിന്റ് സെക്രട്ടറി ഉമ്മൻ ജോൺ എസ്എംസിഎ സെക്രട്ടറി ഷിജുമോൻ ജോസഫ് തുടങ്ങിയവർ ആശംസൾ നേർന്നു. സൗത്ത് വെസ്റ്റ് റീജിയണൽ സെക്രട്ടറി സുനിൽ ജോർജ്ജ് കായികമേളയിൽ പങ്കെടുത്തവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. സൗത്ത് വെസ്റ്റ് വള്ളംകളി കോർഡിനേറ്റർ ജോബി തോമസ്, സൗത്ത് വെസ്റ്റ് നേഴ്‌സസ് ഫോറം കോർഡിനേറ്റർ രാജേഷ് നടേപ്പിള്ളി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

റീജിയണൽ സെക്രട്ടറി സുനിൽ ജോർജ്ജ്, റീജിയണൽ ട്രഷറർ രാജേഷ് രാജ്, റീജിയണൽ ജോയിന്റ് സെക്രട്ടറി ഉമ്മൻ ജോൺ, വള്ളംകളി കോർഡിനേറ്റർ ജോബി തോമസ്, ഇ എം എ പ്രതിനിധികളായ ബിജോയ് വർഗ്ഗീസ്, ബിജോ തോമസ്, ജോയ് ജോൺ, സബ് അബ്രഹാം, എസ്എംസിഎ പ്രസിഡന്റ് അനിൽ ആന്റണി, എസ്എംസിഎ സെക്രട്ടറി ഷിജുമോൻ ജോസഫ്, ട്രഷറർ ജോൺസൺ സെബാസ്റ്റ്യൻ, എസ്എംസിഎ സ്പോർട്സ് കോർഡിനേറ്റർമാരായ ടോബിൻ തോമസ്, ചിഞ്ചു ടോബിൻ, സന്ധ്യ സുരേഷ്, സന്തോഷ് കുമാർ, ഗിരീഷ് കുമാർ, സൂരജ് സുകുമാരൻ, മായാ രവികുമാർ, സുരേഷ് ദാമോദരൻ, നിർമൽ ആന്റോ, ഐശ്വര്യ നിർമൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കായിക മത്സരങ്ങൾ നടത്തപ്പെട്ടത്.

ഓരോ ഇനങ്ങളിലും വാശിയേറിയ മത്സരങ്ങളാണ് നടന്നത്. കിഡ്സ് ഫീമെയിൽ വിഭാഗത്തിൽ എസ്എംസിഎയുടെ എലൈൻ മിയ ടോബിനും ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷന്റെ നേഹ ജോ അരുണും പതിനൊന്ന് പോയിന്റ് വീതം നേടി വ്യക്തിഗത ചാമ്പ്യൻ പട്ടം പങ്കിട്ടപ്പോൾ കിഡ്സ് മെയിൽ വിഭാഗത്തിൽ എസ്എംസിഎയുടെ സ്റ്റീഫൻ ടിന്റു തമ്പി പത്ത് പോയിന്റ് നേടി വ്യക്തിഗത ചാമ്പ്യനായി. സബ് ജൂനിയർ ഫീമെയിൽ വിഭാഗത്തിൽ എസ്എംസിഎയുടെ ആൻഡ്രിയ ജോസഫ് പതിമൂന്ന് പോയിന്റും ആൺകുട്ടികളുടെ വിഭാഗത്തിൽ എസ്എംസിഎയുടെ തന്നെ സായൂജ് സന്തോഷ് പത്ത് പോയിന്റും നേടി വ്യക്തിഗത ചാമ്പ്യന്മാരായി. ജൂനിയർ ഫീമെയിൽ വിഭാഗത്തിൽ തനയ സജീവ് (എസ്എംസിഎ – പത്ത് പോയിന്റ്), ജൂനിയർ മെയിൽ ജോസ് പ്രദീഷ് (ഡബ്ള്യു എം എ – പതിമൂന്ന് പോയിന്റ്), സീനിയർ ഫീമെയിൽ മാളവിക മനോജ് (എസ്എംസിഎ – 12 പോയിന്റ്) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.

സീനിയർ മെയിൽ വിഭാഗത്തിൽ എസ്എംസിഎയുടെ തന്നെ ബെനിറ്റോ എബ്രഹാമും ക്രിസ് ജോസ് സോജനും പതിനഞ്ച് പോയിന്റ് വീതം നേടി വ്യക്തിഗത ചാമ്പ്യന്മാരായപ്പോൾ അഡൽറ്റ് ഫീമെയിൽ വിഭാഗത്തിൽ ജിഎംഎ യുടെ ജോമി ജോസ് മണ്ണാറത്തും അഡൽറ്റ് മെയിൽ വിഭാഗത്തിൽ എസ്എംസിഎ യുടെ അരുൺ തോമസും പതിനഞ്ച് പോയിന്റ് വീതം നേടി വ്യക്തിഗത ചാമ്പ്യന്മാരായി. സീനിയർ അഡൽറ്റ് ഫീമെയിൽ വിഭാഗത്തിൽ എസ്എംസിഎ യുടെ സന്ധ്യ സുരേഷ് പതിനാലു പോയിന്റും സീനിയർ അഡൽറ്റ് മെയിൽ വിഭാഗത്തിൽ എസ്എംസിഎ യുടെ തന്നെ എബിൻ ജോർജ്ജ് പതിനാറു പോയിന്റും നേടി വ്യക്തിഗത ചാമ്പ്യന്മാരായി. സൂപ്പർ സീനിയർ ഫീമെയിൽ വിഭാഗത്തിൽ ഡബ്ള്യ എം എ യുടെ അയ്ന ആന്തണി പതിനഞ്ചര പോയിന്റ് നേടി ചാമ്പ്യനായപ്പോൾ മെയിൽ വിഭാഗത്തിൽ ഡബ്ള്യ എം എ യുടെ തന്നെ മാത്യു കുര്യാക്കോസാണ് പതിനഞ്ച് പോയിന്റ് നേടി വ്യക്തിഗത ചാമ്പ്യനായത്.

അത്‌ലറ്റിക് മത്സരയിനങ്ങൾക്ക് ശേഷം നടന്ന വാശിയേറിയ വടംവലി മത്സരത്തിൽ സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസിയേഷന്റെ എ ടീമാണ് കിരീടമണിഞ്ഞത്. എക്സിറ്റർ മലയാളി അസോസിയേഷനാണ് വടംവലിയിൽ രണ്ടാം സ്ഥാനത്തെത്തിയത്. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു.

രാവിലെ ഒൻപത് മണിയോടെ ആരംഭിച്ച കായികമേള സമ്മാനദാനത്തിന് ശേഷം രാത്രി എട്ടര മണിയോടെയാണ് അവസാനിച്ചത്. ആദ്യം മുതൽ അവസാനം വരെ രുചിയേറിയ നാടൻ വിഭവങ്ങളൊരുക്കി മട്ടാഞ്ചേരി റെസ്റ്റോറന്റ് കായികമേളയുടെ ഭാഗമായുണ്ടായിരുന്നു. ജെ എം പി യുക്മയ്ക്കായി ഒരുക്കി നൽകിയ സോഫ്റ്റ്വെയറിന്റെ സഹായത്തോടെയാണ് ബാക് ഓഫീസ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്. റീജിയണൽ പ്രസിഡന്റ് സുജു ജോസെഫിന്റെ നേതൃത്വത്തിൽ യുക്മ നേഴ്‌സസ് ഫോറം നാഷണൽ വൈസ് പ്രസിഡന്റ് സിൽവി ജോസ്, എസ്എംഎ അംഗം ജോഷ്ന പ്രശാന്ത് എന്നിവർ ഓഫീസ് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തു.

സമാപന സമ്മേളനത്തിൽ ജൂലായ് പതിനഞ്ചിന് നനീട്ടണിൽ നടക്കുന്ന യുക്മ ദേശീയ കായികമേളയിൽ റീജിയണിൽ നിന്നും വിജയിച്ച മുഴുവൻ കായിക താരങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. അലൈഡ് ഫിനാൻഷ്യൽ സർവീസസ്, ബെറ്റർ ഫ്രെയിംസ്, ജെ എം പി സോഫ്റ്റ്വെയർ, മട്ടാഞ്ചേരി റെസ്റ്റോറന്റ് തുടങ്ങിയവരായിരുന്നു പരിപാടിയുടെ സ്‌പോൺസർമാർ.

ഫോട്ടോ കടപ്പാട്…. ബെറ്റർ ഫ്രെയിംസ്… രാജേഷ് നടേപ്പിള്ളി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more