1 GBP = 106.30
breaking news

മാനുഷിക മൂല്യങ്ങൾ മറന്ന ജോണിക്കുട്ടി സ്വാർത്ഥമതികളുടെ പ്രതിരൂപം; കാണികളെ കണ്ണീരിലാഴ്ത്തിയ മാധവൻ നായരും നന്ദിനിക്കുട്ടിയും ഏവർക്കും വേദനയായി മാറി; വർത്തമാനകാലത്തിന്റെ നേർസാക്ഷ്യമായ ‘വെളിച്ചം’ നാടകം ശ്രദ്ധേയമാകുന്നു.

മാനുഷിക മൂല്യങ്ങൾ മറന്ന ജോണിക്കുട്ടി സ്വാർത്ഥമതികളുടെ പ്രതിരൂപം; കാണികളെ കണ്ണീരിലാഴ്ത്തിയ മാധവൻ നായരും നന്ദിനിക്കുട്ടിയും ഏവർക്കും വേദനയായി മാറി; വർത്തമാനകാലത്തിന്റെ നേർസാക്ഷ്യമായ ‘വെളിച്ചം’ നാടകം ശ്രദ്ധേയമാകുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ: കേരളത്തിൽ ഒരുകാലത്ത് നിരവധി ആസ്വാദകരെ സൃഷ്ടിച്ചിരുന്ന ജനകീയ കലയായിരുന്ന നാടകത്തെ യുകെയിലെ പുതുതലമുറയിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നാടക കലയെ ഇഷ്ടപ്പെടുന്ന ബേസിംഗ്സ്റ്റോക്കിലെ ഏതാനും കലാസ്നേഹികൾ ചേർന്ന് അവരുടെ ആദ്യ നാടകമായ ‘വെളിച്ചം’ എന്ന നാടകത്തിന്റെ പേര് തന്നെ നാടക കലാസമിതിക്കും നൽകി ബേസിംഗ്സ്റ്റോക്ക് വെളിച്ചം തിയറ്റേഴ്സിന് രൂപം നൽകിയിരിക്കുകയാണ്.

ബേസിംഗ്സ്റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷന്റെ (BMCA) ഈസ്റ്റർ-വിഷു ആഘോഷത്തോടനുബന്ധിച്ചാണ് ‘വെളിച്ചം’ എന്ന ഈ നാടകം ആദ്യമായി അവതരിപ്പിച്ചത് . ബിഎംസിഎ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ കാണികളിൽ നിന്നും ആവേശകരമായ പ്രതികരണവും വലിയ പ്രോത്സാഹനവുമായിരുന്നു നാടകത്തിന് ലഭിച്ചത്. വർത്തമാനകാലത്തിന്റെ നേർസാക്ഷ്യമാണ് ഈ നാടകമെന്നും പ്രേക്ഷകരായ എല്ലാവരുടെയും മനസ്സുകളിൽ ഈ നാടകം വെളിച്ചമായി കത്തി ജ്വലിക്കുമെന്നുള്ള അഭിപ്രായത്തോടെ കാണികളെല്ലാവരും ഏറെ സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് ഈ നാടകത്തെ എതിരേറ്റത്.

മാനുഷികമൂല്യങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത ധനാഢ്യനും ധാർഷ്ട്യനും അതോടൊപ്പംതന്നെ ആധുനിക സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന സ്വാർത്ഥമതികളുടെ പ്രതിരൂപവുമായ ജോണിക്കുട്ടി മുതലാളിയെന്ന പൊങ്ങച്ചക്കാരനാണ് ഈ നാടകത്തിലെ മുഖ്യ കഥാപാത്രം. ബേസിംഗ് സ്റ്റോക്ക് ബറോ കൗൺസിലറും, ലണ്ടൻ ബ്രൂണൽ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും അറിയപ്പെടുന്ന ആത്മീയ പ്രഭാഷകനുമായ ഡോ. അജി പീറ്ററാണ് ജോണിക്കുട്ടി മുതലാളിക്ക് ജീവൻ നൽകി കാണികളുടെ കയ്യടി നേടിയത്. ഇതിന് മുൻപും പല നാടകങ്ങളുടെയും സംഗീത ആൽബങ്ങളുടെയും രചനയും സംവിധാനവും നിർവ്വഹിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ള ഡോ. അജി പീറ്റർ തന്നെയാണ് ‘വെളിച്ചം’ നാടകത്തിന്റെയും രചനയും സംവിധാനവും നിർവ്വഹിച്ചിട്ടുള്ളത്.

അനുകമ്പയുടെയും ആർദ്രതയുടെയും പ്രതീകമായ ജോണിക്കുട്ടി മുതലാളിയുടെ ഭാര്യ അന്നക്കുട്ടിയായി അഭിനയിച്ച ആൽഫി ജോബി സോഫ്റ്റ്‌വെയർ എൻജിനീയറായി ബേസിംഗ്‌സ്‌റ്റോക്കിൽ ജോലി ചെയ്യുന്നു. നല്ലൊരു നർത്തകിയുമായ ആൽഫി ജോബി ആദ്യമായിട്ടാണ് നാടകത്തിൽ അഭിനയിക്കുന്നതെങ്കിലും ഒരു തുടക്കക്കാരിയുടെ യാതൊരു പരിഭ്രമവുമില്ലാതെ സ്വാഭാവിക അഭിനയത്തിന്റെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

ജീവിക്കുവാൻ മറ്റു മാർഗ്ഗമില്ലാതെ നിസ്സഹായതയുടെയും ദൈന്യതയുടെയും തീവ്രതയാർന്ന പ്രതീകമായ മാധവൻ നായർ എന്ന കഥാപാത്രത്തെ വേറിട്ട മേക്കോവറിൽ പ്രത്യക്ഷപ്പെട്ട് രംഗത്ത് അവതരിപ്പിച്ചത്
സി എ ജോസഫാണ്. യുകെയിൽ നിന്നുമുള്ള ലോക കേരള സഭാംഗവും, മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റും, യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയുമായ സി എ ജോസഫ് യുകെയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ‘സമ്മർ ഇൻ ബ്രിട്ടൻ’ ‘ഓർമ്മകളിൽ സെലിൻ’ എന്നീ ഷോർട്ട് ഫിലിമുകളിലും ‘ഒരു ബിലാത്തി പ്രണയം’ എന്ന സിനിമയിലും മുഖ്യ കഥാപാത്രങ്ങളിലൊരാളായി അഭിനയിച്ച് മികവ് പ്രകടിപ്പിച്ചിട്ടുള്ള കലാപ്രതിഭയാണ്. ഈ നാടകത്തിന്റെ ക്രിയേറ്റീവ് കോർഡിനേറ്ററായി പ്രവർത്തിച്ചിരുന്നതും സി എ ജോസഫ് ആയിരുന്നു.

മാധവൻനായരുടെ പേരക്കുട്ടിയായ നന്ദിനിക്കുട്ടി എന്ന ബാലികയായി വേഷമിട്ട ആൻ ജോബി അസാമാന്യമായ അഭിനയമാണ് കാഴ്ചവെച്ചത്. ചെറുപ്രായത്തിൽ തന്നെ ഭരതനാട്യത്തിലും മികവുപുലർത്തുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഈ കൊച്ചു മിടുക്കി യുക്മ കലാമേളകളിലും, ബൈബിൾ കലോത്സവങ്ങളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. അപ്രതീക്ഷിതമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വന്ന തന്റെ പേരക്കുട്ടിയായ നന്ദിനിക്കുട്ടിയുടെ ബാല്യകാലത്തിൽ അവൾക്ക് അനുഭവിക്കേണ്ടി വന്ന മനോവേദന മാധവൻ നായർക്ക് നൽകിയ അനിർവ്വചനീയമായ ആത്മസംഘർഷവും മാധവൻ നായരുടെയും നന്ദിനിക്കുട്ടിയുടെയും ഹൃദയസ്പർശിയായ ജീവിതാവസ്ഥയും പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിപ്പിക്കുമെന്നുള്ളതിൽ സംശയമില്ല.

പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയ വിശന്നു വലയുന്ന അന്ധ യാചകനായി രംഗത്ത് വന്ന സജി കുന്നത്ത് നാട്ടിലും യുകെയിലും നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള മികച്ച അഭിനേതാവ് കൂടിയാണ് . യുകെയിലെ പ്രശസ്തമായ ബേസിംഗ്‌സ്‌റ്റോക്ക് ചെണ്ടമേളത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളും ചെണ്ട വിദ്വാനുമായ സജി കുന്നത്ത് തന്നെയാണ് ഈ നാടകത്തിന്റെ രംഗ സജ്ജീകരണവും നിർവ്വഹിച്ചിട്ടുള്ളത്.

വിശപ്പ് സഹിക്കുവാൻ കഴിയാതെ അല്പം ഭക്ഷണം ചോദിച്ചതിന് ജനക്കൂട്ടം കല്ലെറിഞ്ഞ് ഓടിച്ചപ്പോൾ ജോണിക്കുട്ടി മുതലാളിയുടെ വീട്ടിൽ അഭയം തേടിയെത്തിയ ഭ്രാന്തനായി ശ്രദ്ധേയമായ അഭിനയപാടവം പ്രകടിപ്പിച്ച ഫിലിപ്പ്കുട്ടി ഇംഗ്ലണ്ടിൽ ആദ്യമായി ചെണ്ട മേളത്തിന് തുടക്കം കുറിച്ച സ്വിണ്ടൻ ചെണ്ടമേള ട്രൂപ്പിനെ പരിശീലിപ്പിക്കുകയും യുകെയിൽ പതിനാലിൽപരം ചെണ്ടമേള ട്രൂപ്പുകൾക്ക് പരിശീലനവും നൽകിയിട്ടുള്ള ചെണ്ടമേള വിദ്വാനും ആശാനുമാണ്. കേരളത്തിലെ അമച്വർ നാടകങ്ങളുടെ ഭാഗമായും നാടക കളരികളിലെ സജീവ സാന്നിധ്യമായും പ്രവർത്തിച്ചിട്ടുള്ള ഫിലിപ്പ്കുട്ടിയാണ് ‘വെളിച്ചം’ നാടകത്തിലെ കഥാപാത്രങ്ങൾക്ക് ചമയവും ഒരുക്കിയത്.

അവിശ്വസനീയമായ അഭിനയ മികവ് പുലർത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച ഈ നാടകത്തിലെ ഓരോ കഥാപാത്രങ്ങളും നാടകത്തിന്റെ മുഴുവൻ ആസ്വാദകരുടെയും മനസ്സുകളിൽ ഇടം നേടുമെന്നുള്ളത് ഉറപ്പാണ്. ‘വെളിച്ചം’ നാടകത്തിന്റെ വിജയത്തിന് അവിഭാജ്യ ഘടകമായിരുന്ന മികവാർന്ന റെക്കോർഡിംഗും പശ്ചാത്തല സംഗീതവും നൽകിയ സിബു ജോർജ് യുകെയിലെ അറിയപ്പെടുന്ന ഗായകനും സൗണ്ട് എൻജിനീയറുമാണ് .

മറഞ്ഞിരിക്കുന്ന ജീവിത സത്യങ്ങളുടെ നേർക്കാഴ്ചയായ ഈ നാടകം പല സന്ദേശങ്ങളും പുനർവിചിന്തനങ്ങളും സമൂഹത്തിന് നൽകുന്നു. കഷ്ടതകളും ദുരിതവും അനുഭവിക്കുന്ന സഹജീവികളുടെ വിശപ്പിന്റെ വിളി കേൾക്കാത്തവന്റെ ജീവിതാവസാനം ഇരുൾ നിറഞ്ഞതായിരിക്കുമെന്നുള്ള യാഥാർത്ഥ്യം സമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്നതുകൊണ്ട് പ്രേക്ഷകരുടെ മനസ്സുകളിൽ തിരി കെടാതെ ഈ ‘വെളിച്ചം’ കത്തിജ്വലിക്കുമെന്നും ഉറപ്പാണ്.

ഒരുകാലത്ത് നാട്ടിലെ വ്യത്യസ്തമായ ആഘോഷാവസരങ്ങളിൽ നാടകാസ്വാദകർ എത്രയോ ആകാംക്ഷയോടെയായിരുന്നു നാടകങ്ങൾ ആസ്വദിച്ചിരുന്നത്.
ആ ഓർമ്മകൾ നിറഞ്ഞ മനസ്സോടുകൂടിയാണ് എല്ലാ മലയാളികളും ഈ നാടകവും കാണേണ്ടത് . ‘വെളിച്ചം’ നാടകം കാണുവാൻ താഴെ കൊടുത്തിരിക്കുന്ന യുട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക.

നാടകം എന്ന ദൃശ്യകലയെ സ്നേഹിക്കുന്ന എല്ലാവരും ഈ നാടകം കണ്ട് പ്രോത്സാഹിപ്പിക്കണമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more