1 GBP = 106.76

ആദ്യമായി കണ്ടത് നെല്ല് എന്ന ചിത്രത്തിനിടെ’; ഇന്നസെന്റുമായുള്ള സൗഹൃദത്തിനെ കുറിച്ച് മമ്മൂട്ടി.

ആദ്യമായി കണ്ടത് നെല്ല് എന്ന ചിത്രത്തിനിടെ’; ഇന്നസെന്റുമായുള്ള സൗഹൃദത്തിനെ കുറിച്ച് മമ്മൂട്ടി.

ഇന്നസെന്റിന്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമ്മൂട്ടി. ഇന്നസെന്റ് എങ്ങനെയാണ് തനിക്ക് ജ്യേഷ്ഠനും സുഹൃത്തും വഴികാട്ടിയുമെല്ലാമായി മാറിയതെന്ന് വിശദീകരിക്കുന്നതാണ് കുറിപ്പ്.

ഇന്നസെന്റ് ഇനി ഇല്ല..

ഏതൊരു വിയോഗത്തെക്കുറിച്ച് ഓർക്കുമ്പോഴും എന്നത് പോലെ ഇന്നസെന്റിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുമ്പോഴും അദ്യം സങ്കടംതന്നെയാണ് തോന്നുന്നത്. അടുത്തനിമിഷം അദ്ദേഹം തന്ന പൊട്ടിച്ചിരികളും .ദുഃഖം മാത്രമല്ലാതെ അതിനപ്പുറത്തേക്ക് ചിരി ഓർമ്മകളും കടന്നുവരുന്നു എന്നതിൽ ആ മനുഷ്യൻ നമ്മളിൽ ആഴത്തിൽ അവശേഷിപ്പിച്ചുപോയ സ്വാധീനത്തിന്റെ അംശമുണ്ട്.
ഇന്നസെന്റുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് പറയുമ്പോൾ ‘സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനും പോലെ’ എന്ന വിശേഷണത്തിൽ നിന്ന് ‘പോലെ’ എന്ന വാക്ക് അടർത്തി മാറ്റാനായിരുന്നു എനിക്കിഷ്ടം. പോലെയല്ല…അദ്ദേഹം എനിക്ക് മേൽപ്പറഞ്ഞ എല്ലാമായിരുന്നു.
ഇന്നസെന്റിനെ ഞാൻ ആദ്യമായി കാണുന്നത് ‘നെല്ല്’ എന്ന ചിത്രത്തിലെ ചായക്കടദൃശ്യത്തിൽ ആണ്. ചെറിയ വേഷങ്ങളിൽ വരുന്നവരെപ്പോലും ശ്രദ്ധിച്ച് അവർ ആരാണെന്ന് അന്വേഷിച്ച് നടക്കുന്ന ഒരു സിനിമാ മോഹിയായ കാലമുണ്ടായിരുന്നു;എനിക്ക്. വേഷങ്ങൾ തേടി നടക്കുന്നകാലത്ത് ‘നൃത്തശാല’യിലെയും ‘ജീസസി’ലെയും ചെറിയവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ‘ഇയാളാരാണ്’ എന്ന ജിജ്ഞാസയോടെ ഞാൻ ഇന്നസെന്റിനെ ശ്രദ്ധിച്ചിരുന്നു. ‘ഇന്നസെന്റ്’ എന്ന പേര് തന്നെ അന്ന് അപൂർവ്വതയായിരുന്നു.. ഇന്നും. പിന്നീട് സിനിമയിൽ വന്നതിന് ശേഷമാണ് ഇന്നസെന്റിനെ അദ്യമായി നേരിട്ട് കാണുന്നത്. നെടുമുടി വേണുവിന്റെ ‘വിടപറയും മുമ്പേ..’എന്ന സിനിമയുടെ നിർമാതാക്കളായിരുന്നു ഇന്നസെന്റും സുഹൃത്ത് ഡേവിഡ് കാച്ചപ്പള്ളിയും. ശത്രു ഫിലിംസ് എന്നായിരുന്നു ബാനറിന്റെ പേര്. അന്നത്തെ നവസിനിമാസംവിധായകരോടായിരുന്നു എനിക്ക് ആഭിമുഖ്യം. അവരുടെ സിനിമകളിൽ അഭിനയിക്കാനായിരുന്നു ആഗ്രഹവും. വാണിജ്യവിജയം നേടുന്ന സിനിമകളേക്കാൾ ഇന്നസെന്റിന്റെ ശത്രുഫിലിംസ് സമാന്തരസിനിമകളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. അങ്ങനെ ഇന്നസെന്റുമായി പരിചയപ്പെടുകയും അത് വലിയ സൗഹൃദത്തിലേക്ക് വളരുകയുമാണുണ്ടായത്. ഈ ബന്ധത്തിലൂടെയാണ് ശത്രു ഫിലിംസിന്റെ ‘ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്’ എന്ന സിനിമ എന്നെത്തേടിവന്നത്. കെ.ജി.ജോർജ് ആയിരുന്നു സംവിധായകൻ. സിനിമപശ്ചാത്തലമായ കഥയിൽ പ്രേംസാഗർ എന്ന നായകനടന്റെ വേഷമായിരുന്നു എനിക്ക്.തുടർന്ന് മോഹന്റെയും ഇന്നസെന്റിന്റെയും ശ്രീനിവാസന്റേയുമെല്ലാം ആലോചനയാണ് ‘ഒരു കഥ ഒരു നുണക്കഥ’ എന്ന ചിത്രമായി പരിണമിച്ചത്. ഞാൻ പ്രൊഫസർ മോഹൻദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമയിലൂടെ ആണ് ഇന്നസെന്റുമായുള്ള എന്റെ സൗഹൃദം ദൃഢമായത്.
തനി തൃശ്ശൂർഭാഷസംസാരിക്കുന്ന ഇന്നസെന്റുമായുള്ള ചങ്ങാത്തം നാൾക്കുനാൾ വളർന്നു.
താരതമ്യേന ജൂനിയറായ ഞാൻ ഇന്നസെന്റുൾപ്പെടെയുള്ളവരുടെ സൗഹൃദക്കൂട്ടായ്മകളിൽ കാഴ്ചക്കാരനും കേൾവിക്കാരനുമായി കൂടി. പതിയെ എനിക്ക് കൂടുതൽനല്ലവേഷങ്ങൾ കിട്ടിത്തുടങ്ങി. ജോൺപോളിന്റെ തിരക്കഥയിൽ ഞാനും മോഹൻലാലും പ്രധാനവേഷങ്ങളിലഭിനയിച്ച ‘അവിടത്തെപ്പോലെ ഇവിടെയും’ എന്ന സിനിമയിൽ അനിരുദ്ധൻ എന്ന സെയിൽസ്മാന്റെ കഥാപാത്രമായിരുന്നു എന്റേത്.തൃശ്ശൂർക്കാരനായ ലോനപ്പൻചേട്ടൻ എന്ന കച്ചവടക്കാരന്റെ വേഷം അഭിനയിക്കാൻ ആരുണ്ടെന്ന ആലോചനകൾക്കിടെ ഞാനാണ് ഇന്നസെന്റിന്റെ പേര് ഓർമിപ്പിച്ചത്… സ്വതസിദ്ധമായ ശൈലിയിൽ ഇന്നസെന്റ് ഞങ്ങളൊരുമിച്ചുള്ള സീൻ പൊലിപ്പിച്ചെടുത്തു.
ഒന്നിച്ചുള്ള ആദ്യ സീൻ പിന്നീട് എത്രയോ അധികം സിനിമകളിൽ ഞാനും ഇന്നസെന്റും ഒരുമിച്ചഭിനയിച്ചു. 1995-ൽ അമ്മ സംഘടന രൂപവത്കരിക്കുമ്പോൾ ഇന്നസെന്റ് മുൻനിരയിലുണ്ടായിരുന്നു.പിന്നീട് ഭരണസമിതി പുന:സംഘടിപ്പിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ടത്. ഗൗരവമുള്ള വിഷയങ്ങളും സാഹചര്യങ്ങളുമുണ്ടാകുമ്പോൾ തീർത്തും ലളിതമായി അത് കൈകാര്യം ചെയ്യാൻ ഇന്നസെന്റിനാകുമെന്നും അത് സംഘടനയ്ക്ക് പ്രതിരോധകവചമാകുമെന്നുമുള്ള കണക്കുകൂട്ടലായിരുന്നു എല്ലാവർക്കുമുണ്ടായിരുന്നത്.
ഇന്നസെന്റ് എല്ലാവരെപ്പറ്റിയും കഥകളുണ്ടാക്കുമായിരുന്നു. ആരെപ്പറ്റിയാണോ കഥയുണ്ടാക്കുന്നത് അയാളോടായിരുന്നു ആ കഥ ആദ്യം പറയുക. അയാൾ പൊട്ടിച്ചിരിച്ചാൽ മാത്രമേ കഥ മറ്റുള്ളവരോട് പറയൂ. കേൾക്കുന്ന ആളിനനുസരിച്ച് പ്രധാനകഥാപാത്രങ്ങൾ മാറും. എന്നോടു പറയുമ്പോൾ ലാലും മോഹൻലാലിനോട് പറയുമ്പോൾ ഞാനു മായിരിക്കും കേന്ദ്രകഥാപാത്രം. പലപ്പോഴും ഇന്നസെന്റിന്റെ കഥകളിലെ പ്രധാനകഥാപാത്രം അദ്ദേഹം തന്നെയാണ്. എപ്പോഴും നമ്മെ രസിപ്പിക്കുന്നതല്ലാതെ,ആരെക്കുറിച്ചും പരദൂഷണം പറയുന്ന ശീലം ഇന്നസെന്റിനില്ലായിരുന്നു. നടൻ എന്ന നിലയിൽ വിലയിരുത്തുമ്പോൾ ഇന്നസെന്റിന് മാത്രം ചെയ്യാനാകുന്ന എത്രയോ കഥാപാത്രങ്ങൾ മനസിലെത്തും. ഞങ്ങൾ ഒരുമിച്ച് ചെയ്തവയിലും എത്രയോ എണ്ണം…ഇടയ്ക്കിടയ്ക്ക് എനിക്ക് അദ്ദേഹത്തെ ഒരാവശ്യവുമില്ലാതെ ഓർമവരും. അപ്പോൾ വിളിക്കും. അവസാനത്തേതിനുതൊട്ടുമുമ്പുള്ള ആശുപത്രിവാസത്തിലും ഞാൻ ഇന്നസെന്റിനെ വിളിച്ചിരുന്നു…..
അദ്ദേഹം പോയപ്പോൾ നഷ്ടമായത് ഒരു വ്യക്തി, നടൻ, സംഘടകൻ, സാമാജികൻ സഹൃദയൻ ഇവരൊക്കെയാണ് ഒരാളല്ല നമ്മെ വിട്ടു പോയത്
ഒത്തിരിപ്പേരാണ്.
എനിക്ക് നഷ്ടമായതും ഇത്രയുംപേരെയാണ്. ഒരാൾക്ക് പലതാകാൻ പറ്റില്ല. അയാൾ മാത്രമാകാനേ കഴിയൂ. പക്ഷേ ഇന്നസെന്റിന് ഇന്നസെന്റ് മാത്രമല്ലാത്ത പലരായി ജീവിക്കാനും സൗഹൃദങ്ങൾ പങ്കിടാനും സാധിച്ചു. അതുകൊണ്ടാണ് ഇത്രയും വലിയ ജനാവലി അദ്ദേഹത്തെ യാത്രയയ്ക്കാൻ എത്തിയതും. ഉള്ളിൽ തേങ്ങലുണ്ടാകുമെങ്കിലും ഇനിയും അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ നമ്മുടെ ചുണ്ടിലോ മനസിലോ ചിരി നിറയ്ക്കട്ടെ…സന്തോഷം പകരട്ടെ…അതിനപ്പുറത്തേക്ക് ക്യാൻസർ വാർഡിലും ചിരിച്ച ഒരു മനുഷ്യന് എന്ത് സമ്പാദിക്കാൻ…!

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more