1 GBP = 110.23
breaking news

സപോറിഷ്യ ആണവനിലയം സന്ദർശിക്കാൻ യു.എൻ പരിശോധകർക്ക് അനുമതി

സപോറിഷ്യ ആണവനിലയം സന്ദർശിക്കാൻ യു.എൻ പരിശോധകർക്ക് അനുമതി

മോസ്കോ: ആണവദുരന്ത ഭീഷണി മുന്നറിയിപ്പുകൾക്കിടെ ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര പരിശോധകസംഘത്തിന് റഷ്യ കൈവശപ്പെടുത്തിയ യുക്രെയ്നിലെ സപോറിഷ്യ ആണവനിലയം യുക്രെയ്ൻ വഴി സന്ദർശിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അനുമതി നൽകി. അന്താരാഷ്ട്ര ആണവോർജ ഏജൻസി പ്രതിനിധികൾ റഷ്യയിലൂടെ ആണവനിലയത്തിൽ എത്തണമെന്നായിരുന്നു പുടിന്റെ നിർദേശം. പിന്നീട് യുക്രെയ്‌ൻ വഴി യാത്ര നടത്താൻ അനുമതി നൽകുകയായിരുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഓഫിസ് വൃത്തങ്ങൾ അറിയിച്ചു. 

അതിനിടെ, ധാന്യവുമായി രണ്ടു കപ്പലുകൾകൂടി യുക്രെയ്നിലെ ചൊർണോമോർസ്ക് തുറമുഖത്തുനിന്ന് പുറപ്പെട്ടതായി തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തുർക്കിയയുടെ നേതൃത്വത്തിൽ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ നിലവിൽവന്ന ധാന്യ കയറ്റുമതി കരാറിനു കീഴിൽ യുക്രെയ്നിലെ കരിങ്കടൽ തുറമുഖങ്ങളിൽനിന്ന് പുറപ്പെട്ട കപ്പലുകളുടെ എണ്ണം 27 ആയി. ഇതുവരെ യുക്രെയ്നിലെ മൂന്നു തുറമുഖങ്ങളിൽനിന്ന് ആറു ലക്ഷം മെട്രിക് ടൺ ധാന്യമാണ് കയറ്റുമതി ചെയ്തത്. 

അതേസമയം, ക്രിമിയയിലെ റഷ്യയുടെ കരിങ്കടൽ നാവികസേന ആസ്ഥാനത്തിനു മുകളിൽ ശനിയാഴ്ച ഡ്രോൺ വെടിവെച്ചിട്ടതായി ഗവർണർ. സെവാസ്റ്റോപോൾ നഗരത്തിലെ ആസ്ഥാനത്തിന് തൊട്ടു മുകളിലാണ് ഡ്രോൺ വെടിവെച്ചിട്ടതെന്ന് ഗവർണർ മിഖായേൽ റസ്വോജേവ് ടെലിഗ്രാമിൽ അറിയിച്ചു. ഡ്രോൺ ആക്രമണശ്രമത്തിന് യുക്രെയ്ൻ സേനയെ അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, നാശനഷ്ടങ്ങളോ ആളപായമോ ഇല്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more