ലണ്ടൻ: 2.5 മില്യൺ പൊതുമേഖലാ തൊഴിലാളികൾക്കുള്ള ഈ വർഷത്തെ ശമ്പള കരാർ സർക്കാർ പുറത്തിറക്കും. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, പോലീസ് ഉദ്യോഗസ്ഥർ, സായുധ സേനയിലെ അംഗങ്ങൾ എന്നിവരുൾപ്പെടെ നാലിലൊന്ന് പൊതുമേഖലാ ജീവനക്കാർക്കാണ് ശമ്പള വർദ്ധനവ്. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ എന്നിവരുടെ വേതനം 5% വരെ വർധിപ്പിക്കാൻ ബോറിസ് ജോൺസന്റെ മന്ത്രിസഭ ഇന്ന് തീരുമാനിക്കും.
40 വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കിൽ പണപ്പെരുപ്പം ഉയരുന്നതിനാൽ, ജീവിതച്ചെലവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ അഞ്ചു ശതമാനം വർദ്ധനവ് പോരെന്ന നിലപാടിലാണ് യൂണിയനുകൾ.
ഈ വർഷാവസാനം മുതൽ സമരവുമായി മുന്നോട്ട് പോകുമെന്ന് ഇതിനകം തന്നെ നിരവധി യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എൻഎച്ച് എസ് തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയനുകളും 5 ശതമാനം ശമ്പള ഓഫർ നിരസിക്കുകയും പണിമുടക്കിനായി അംഗങ്ങളുടെയിടയിൽ ബാലറ്റിംഗ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
വരുന്ന വർഷത്തേക്കുള്ള ശമ്പള വർദ്ധനവുകൾ ഓരോ മേഖലയിലും വ്യത്യാസപ്പെടും, എന്നാൽ 4 മുതൽ 5 ശതമാനം വരെ ശമ്പള വർദ്ധനവ് പ്രതീക്ഷിക്കുന്നതായി ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗവൺമെന്റിന്റെ ചെലവ് അവലോകനത്തിൽ ഉൾപ്പെടുത്തിയ പൊതുമേഖലാ വേതനത്തിലെ 2 മുതൽ 3 ശതമാനം വരെ വർധനയേക്കാൾ ഇത് കൂടുതലാണ്, എന്നാൽ കുതിച്ചുയരുന്ന ജീവിതച്ചെലവുകളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്.
ആരോഗ്യ പ്രവർത്തകർ, അധ്യാപകർ, മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർ, ജഡ്ജിമാർ, പോലീസ്, ജയിൽ ഉദ്യോഗസ്ഥർ, സായുധ സേന എന്നിവയുൾപ്പെടെ ഓരോ പൊതുമേഖലാ ഗ്രൂപ്പുകൾക്കുമുള്ള ശമ്പളവർദ്ധനവ് ചൊവ്വാഴ്ചത്തെ മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
click on malayalam character to switch languages