1 GBP = 110.31

രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ശരദ് പവാർ; പ്രതിപക്ഷ പാർട്ടികൾക്ക് തിരിച്ചടി

രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ശരദ് പവാർ; പ്രതിപക്ഷ പാർട്ടികൾക്ക് തിരിച്ചടി

രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ. സ്ഥാനാർത്ഥിയാകാനില്ലെന്ന് ശരദ് പവാർ പ്രതിപക്ഷ പാർട്ടികളെ നിലപാടറിയിച്ചു. ഗുലാംനബി ആസാദിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാമെന്ന് അദ്ദേഹം നിർദേശിച്ചു. സീതാറാം യെച്ചൂരിയുമായി ശരദ് പവാർ കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂറോളം കൂടിക്കാഴ‍്ച നീണ്ടുനിന്നു. സമവായ സ്ഥാനാർത്ഥി എന്ന സൂചന എൻഡിഎ മുന്നോട്ടുവച്ചിട്ടില്ലാത്തതിനാൽ ഒരു മത്സരത്തിനില്ലെന്ന് ശരദ് പവാർ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പവാർ അറിയിച്ചു.

ദേശീയരാഷ്ട്രീയത്തിൽ ദീർഘകാല പ്രവൃത്തിപരിചയമുള്ളതും കക്ഷിരാഷ്ട്രീയവ്യത്യാസമില്ലാതെ സ്വീകാര്യതയുള്ളതും മതേതരത്വം ഉയർത്തിപ്പിടിക്കുന്നതുമായ സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്നാണ് പൊതുധാരണ. പ്രതിപക്ഷ പാർട്ടികളാണ് രാഷ്ട്രപതി സ്ഥാനാർത്ഥിയായി ശരദ് പവാറിൻറെ പേര് മുന്നോട്ടുവച്ചത് . പവാറാണ് സ്ഥാനാർത്ഥിയെങ്കിൽ അംഗീകരിക്കാം എന്ന സൂചന കോൺഗ്രസും ഇടതുപക്ഷവും നൽകിയിരുന്നു. പവാറിനെ അംഗീകരിക്കാം എന്ന് ആം ആദ്‍മി പാർട്ടിയും വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് സ്ഥാനാർത്ഥിയാകാനില്ലെന്ന നിലപാട് പവാർ വ്യക്തമാക്കിയത്.

പ്രതിപക്ഷ പാർട്ടികളുടെ നീക്കം പവാർ തള്ളിയതോടെ, മമത ബാനർജി നാളെ വിളിച്ച യോഗം നിർണായകമായി. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലേക്ക് കോൺഗ്രസിനെയും ഇടതുപാർട്ടികളെയും ക്ഷണിച്ചിട്ടുണ്ട്. പവാറും യോഗത്തിനായി ദില്ലിയിൽ എത്തും. പവാർ പിൻവാങ്ങിയതിനാൽ, ഗുലാംനബി ആസാദ്, യശ്വന്ത് സിൻഹ, ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഗുലാം നബി ആസാദുമായി നേതാക്കളിൽ ചിലർ ചർച്ചകൾ നടത്തിയിട്ടുണ്ട്. കോൺഗ്രസിലെ ജി 23 ഗ്രൂപ്പിന് നേതൃത്വം നൽകുന്നത് ഗുലാം നബിയാണ്. ഗുലാം നബിയെ പിന്തുണയ്ക്കാം എന്ന ധാരണ പൊതുവേ ഇടതുപക്ഷത്തിനുണ്ട്. എന്നാൽ ഇക്കാര്യത്തിൽ മറ്റ് പാർട്ടികളുമായി ചർച്ച നടത്തിയ ശേഷം തീരുമാനമെന്ന നിലപാടിലാണ് ഇടതുനേതാക്കളും. എന്തായാലും നിലവിലെ സാഹചര്യത്തിൽ നാളെ ചേരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം സ്ഥാനാർത്ഥി പ്രഖ്യാപനത്തിലേക്കെത്താനുള്ള സാധ്യത കുറവാണ്.

രാഷ്ട്രപതി സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട് ബിജെപിയും നീക്കം സജീവമാക്കിയിട്ടുണ്ട്. എൻഡിഎയിലെ സഖ്യകക്ഷികളുമായി രാജ് നാഥ് സിംഗും ജെ.പി.നഡ്ഡയും ചർച്ച തുടങ്ങിയതായാണ് സൂചന. രാംനാഥ് കോവിന്ദിന് ഒരു ടേം കൂടി നൽകേണ്ടതുണ്ടോ എന്ന ആലോചനയും പാർട്ടിയിലുണ്ട്.

50 വർഷംനീണ്ട രാഷ്ട്രീയപ്രവർത്തനം, സംഘടനാശേഷി, പൊതുസ്വീകാര്യത, പാർട്ടിഭേദമില്ലാതെ വോട്ടുകൾ നേടാനുള്ള ശേഷി, മതനിരപേക്ഷ നിലപാടുകൾ തുടങ്ങിയ ഘടകങ്ങളാണ് പവാറിന്റെ സ്ഥാനാർഥിത്വത്തിനായി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more