കോവിഡ് മഹാമാരി സമയത്ത് രോഗികളെ പരിചരിക്കുന്നതിനായി വിവാഹം വേണ്ടെന്നുവെച്ച ആരോഗ്യപ്രവര്‍ത്തകന് അവാര്‍ഡ്. 20-ാമത് ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡാണ് ആരോഗ്യപ്രവര്‍ത്തകന് ലഭിച്ചത്. 12 നഴ്‌സുമാര്‍ക്കാണ് ഈ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ഇന്ദിരാനഗറിലെ സിവി രാമന്‍ ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസര്‍ നവീന്‍ രാജ് ആണ് രോഗികള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനായി വിവാഹം വേണ്ടെന്നു വെച്ചത്.
2020ല്‍ കോവിഡ് മഹാമാരിയുടെ സമയത്ത് രാജ് വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു. അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡ്യൂട്ടിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വിവാഹം വേണ്ടെന്നുവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് 37കാരനായ രാജ് പറയുന്നു.
കോവിഡിന്റെ ആദ്യ തരംഗത്തില്‍ തന്നെ യാതൊരു ഭയവും കൂടാതെ കോവിഡ് രോഗികളെ പരിചരിക്കാൻ ഈ തീരുമാനം സഹായിച്ചുവെന്ന് രാജ് പറയുന്നു. ”എന്റെ മാതാപിതാക്കള്‍ ബംഗളൂരുവിലായിരുന്നു. അവര്‍ക്ക് ഒരു തവണ കോവിഡ് പിടിപെട്ടിരുന്നു. എന്നാല്‍ അവരെയും ഹോസ്പിറ്റല്‍ ഡ്യൂട്ടിയും ഒരു പോലെ കൊണ്ടുപോകാന്‍ എനിക്ക് കഴിഞ്ഞു. എന്നാല്‍, വിവാഹിതനാകുമ്പോള്‍ മറ്റ് പല ഉത്തരവാദിത്തങ്ങളും ഉണ്ടാകും” അദ്ദേഹം പറഞ്ഞു.
” അഡ്മിഷന്‍, ബെഡ് അലോട്ട്മെന്റ്, കോവിഡ് മരണങ്ങള്‍ എന്നീ കാര്യങ്ങളെല്ലാം ഞാന്‍ കൈകാര്യം ചെയ്തിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തെക്കുറിച്ച് കുടുംബങ്ങളോട് ആശയവിനിമയം നടത്തുന്നതായിരുന്നു കോവിഡ് ഡ്യൂട്ടിയുടെ ഏറ്റവും പ്രയാസകരമായ ഭാഗം. ചിലപ്പോള്‍, കുടുംബങ്ങള്‍ പോലും രോഗബാധിതരെ ഉപേക്ഷിക്കും, അവരുടെ ശവസംസ്‌കാരം നല്ല രീതിയില്‍ നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തി”, രാജ് പറഞ്ഞു.
കോവിഡ് രണ്ടാം തരംഗ സമയത്തെ ഒരു അനുഭവത്തെ കുറിച്ചും രാജ് പറയുന്നത് ഇങ്ങനെയാണ്. ആ ഭീകരത ഇന്നും അയാളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ” 26 വയസ്സുള്ള ഒരു യുവാവ് എന്റെ ചുമലിലേക്ക് കുഴഞ്ഞു വീണു. ആ സയത്ത്, 24 മണിക്കൂറും ഞാന്‍ ജോലി ചെയ്തിരുന്നു, ഓരോ രണ്ട് ദിവസത്തിലും കഷ്ടിച്ച് നാല് മണിക്കൂര്‍ മാത്രം ഉറങ്ങി. ഞാന്‍ ഒരിക്കലും എന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നില്ല. എന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആകാതിരിക്കാന്‍ സൂപ്രണ്ട് എനിക്ക് ഒരു പവര്‍ ബാങ്ക് തന്നു,” അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടതായി തോന്നുന്നുവെന്നും എന്റെ കുടുംബം എനിക്ക് ഒരു വധുവിനെ തിരയുകയാണെന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.
കോവിഡ് ബാധിതരായ സ്ത്രീകളുടെ പ്രസവം കൈകാര്യം ചെയ്ത ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് ലഭിച്ചിരുന്നു. ഗുജറാത്ത് സ്വദേശിയായ ഭാനുമതിയാണ് അവാര്‍ഡിന് അര്‍ഹയായത്. വഡോദരയിലെ സര്‍ സായാജിറാവു ജനറല്‍ ആശുപത്രിയിലാണ് ഇവർ ജോലി ചെയ്യുന്നത്. കോവിഡ് പോസിറ്റീവ് ആയ ഗര്‍ഭിണികളുടെ പ്രസവവും നവജാത ശിശുക്കളുടെ പരിചരണവുമാണ് അവര്‍ കൈകാര്യം ചെയ്തിരുന്നത്.
click on malayalam character to switch languages