1 GBP = 110.29

എല്ലാ നിയമസഭാ മണ്ഡലത്തിലും 100 കിടക്കയുളള ആശുപത്രികൾ: UP മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

എല്ലാ നിയമസഭാ മണ്ഡലത്തിലും 100 കിടക്കയുളള ആശുപത്രികൾ: UP മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിൽ ആരോഗ്യ ക്യാമ്പയിൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 403 നിയമസഭാ മണ്ഡലങ്ങളിലും 100 കിടക്കകളുള്ള ആശുപത്രികളുണ്ടെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജംഗിൾ കൗഡിയ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വച്ച് സംസ്ഥാനത്ത് ജൻ ആരോഗ്യ മേളയ്ക്ക് തുടക്കം കുറിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലാണ് തന്റെ സർക്കാർ നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 100 കിടക്കകളോട് കൂടി എല്ലാ സൗകര്യങ്ങളുമുള്ള ആശുപത്രി ഉണ്ടായിരിക്കുമെന്നും എല്ലാ ഞായറാഴ്ചകളിലും എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജൻ ആരോഗ്യ മേള സംഘടിപ്പിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. യാത്രകളിൽ ആളുകൾക്ക് സൗജന്യ കൺസൾട്ടേഷനും മരുന്നുകളും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2020ലാണ് ക്യാമ്പയിൻ ആരംഭിച്ചതെന്നും എന്നാൽ കൊറോണ വൈറസ് മഹാമാരി കാരണം ഇത് നിർത്തലാക്കിയിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. 1977 മുതൽ 2017 വരെ 50,000ത്തിലധികം കുട്ടികളുടെ ജീവൻ അപഹരിച്ച മാരകമായ മസ്തിഷ്ക ജ്വരം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൂട്ടായ പരിശ്രമത്താൽ നിയന്ത്രണവിധേയമായെന്നും അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞ മാസം അവസാനമാണ് ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് തുടർച്ചയായി രണ്ടാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി , ആഭ്യന്തരമന്ത്രി അമിത് ഷാ , പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ബി ജെ പി ദേശീയ അധ്യഷൻ ജെ പി നഡ്ഡ, മുതിർന്ന ബിജെപി നേതാക്കൾ, ബോളിവുഡ് താരങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. 37 വർഷത്തിനിടെ സംസ്ഥാനത്തു ഭരണകാലാവധി തികച്ച് വീണ്ടും അധികാരമേറ്റ ആദ്യ മുഖ്യമന്ത്രിയാണ് യോഗി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more