കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ശ്രീലങ്ക. ജനം പട്ടിണിയുടെ ഏറ്റവും കടുത്ത അവസ്ഥയിലേക്ക് തഴയപ്പെട്ടിരിക്കുന്നു. ശ്രീലങ്കയ്ക്ക് സംഭവിച്ചതെന്താണെന്ന് അത്ഭുതപ്പെടുകയാണ് ലോകം. അതിനൊരു കാരണം ചൈനയാണ്.
കൊളംബോയിലെ ഷാംഗ്രില ഹോട്ടലിന് സമീപമായി ഒരു പോർട്ട് സിറ്റി ഉണ്ട്. ഈ വെള്ളാനയാണ് ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായ ഘടകങ്ങളിൽ ഒന്ന്. പോർട്ട് സിറ്റിയെന്ന വെള്ളാനയെ സ്ഥാപിക്കാനായി ചൈനയാണ് ശ്രീലങ്കയ്ക്ക് സൗകര്യങ്ങൾ വാഗ്ദാനം ചെയ്തത്. 2014 ലായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. ഈ പോർട്ട് സിറ്റിയെ ദുബായി ആക്കി മാറ്റി നൽകാമെന്നായിരുന്നു ചൈന നൽകിയ ഉറപ്പ്.
പോർട്ട് സിറ്റി വരുന്നതോടെ ദുബായിയേക്കാൾ സാമ്പത്തിക സൗകര്യമുള്ള പ്രദേശമായി ശ്രീലങ്കൻ തീരം മാറുമെന്ന് ചൈന പറഞ്ഞു. ഇതോടെ കിട്ടാവുന്നിടത്ത് നിന്നെല്ലാം കടം വാങ്ങി കോടിക്കണക്കിന് രൂപയാണ് ശ്രീലങ്ക ചൈനയ്ക്ക് നൽകിയത്. എന്നാൽ ഇതുവരെ പോർട്ട് സിറ്റിയുടെ പണി പൂർത്തിയാക്കിയിട്ടില്ല ചൈന.
ഭരണകൂടത്തിന്റെ ഈ ഗുരുതര വീഴ്ചയിൽ ബലിയാടായത് ജനമായിരുന്നു. പട്ടിണിയുടെ ഏറ്റവും കടുത്ത അവസ്ഥയിലേക്കാണ് ജനം എടുത്തെറിയപ്പെട്ടത്.പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 250 രൂപ കടന്നിരിക്കുകയാണ്. ഭക്ഷണസാധനങ്ങളുടെ വിലയും രാജ്യത്ത് അനിയന്ത്രിതമായി തുടരുകയാണ്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചർച്ചകൾ ശ്രീലങ്കയിൽ സജീവമായി നടക്കുന്നുണ്ടെങ്കിലും വേണ്ട പരിഹാരങ്ങൾ ഇതുവരെ സർക്കാരിന് മുന്നിലെത്തിയിട്ടില്ല. ശ്രീലങ്കയെ കയ്യയച്ച് സഹായിക്കാനായി മറ്റ് രാജ്യങ്ങളും രംഗത്തെത്തിയിട്ടില്ല. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഇന്ന് ശ്രീലങ്കയിൽ എത്തിയിട്ടുണ്ട്. ഇന്ത്യയെ് ശ്രീലങ്ക പ്രതിസന്ധിക്കിടെ പ്രതീക്ഷയോടെയാണ് നോക്കുന്നത്.
സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്നത്. 2020 മാർച്ചിൽ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.
click on malayalam character to switch languages