1 GBP = 106.59
breaking news

നീ തുണയേകണമേ…. ലോകമാതേ….. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്ത ആനി അലോഷ്യസ് ആലപിച്ച മരിയൻ ഗാനം “മാതൃദീപം” മാതൃഭക്തിയുടെ നിറവിൽ തരംഗമാകുന്നു…..

നീ തുണയേകണമേ…. ലോകമാതേ….. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ്  സ്രാമ്പിക്കൽ പ്രകാശനം ചെയ്ത ആനി അലോഷ്യസ് ആലപിച്ച മരിയൻ ഗാനം “മാതൃദീപം” മാതൃഭക്തിയുടെ നിറവിൽ തരംഗമാകുന്നു…..

അലക്സ് വർഗീസ്

(യുക്മ ദേശീയ ജനറൽ സെക്രട്ടറി)

നീ തുണയേകണമേ….ലോകമാതേ…..ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ്  സ്രാമ്പിക്കൽ പ്രകാശനം ചെയ്ത ആനി അലോഷ്യസ് ആലപിച്ച മരിയൻ ഗാനം “മാതൃദീപം” മാതൃഭക്തിയുടെ നിറവിൽ തരംഗമാകുന്നു.

ലോകം മുഴുവൻ പ്രത്യേകിച്ച് ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ ദുരിതങ്ങളിലൂടെ ജനങ്ങൾ ഇപ്പോൾ കടന്നു പോകുമ്പോൾ പരിശുദ്ധ ദൈവ മാതാവിന്റെ  മാധ്യസ്ഥം യാചിച്ചു കൊണ്ടുള്ള “മാതൃദീപം” ആൽബത്തിലെ‘നീ തുണയേകണമേ.. ലോക മാതേ’…..എന്നു തുടങ്ങുന്ന ഭക്തിസാന്ദ്രമായ മരിയൻ പ്രാർത്ഥനാഗാനം ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വെർച്യുൽ പ്ലാറ്റ്ഫോമിലൂടെയാണ് പ്രകാശനം ചെയ്തത്. പ്രകാശനം ചെയ്തു സംസാരിച്ച ബിഷപ്പ് തൻ്റെ വ്യക്തി ജീവിതത്തിലും ആദ്ധ്യാത്മിക ജീവിത്തിലും മാതാവിന് വലിയ സ്ഥാനമാണ് കൊടുത്തിരിക്കുന്നതെന്നും മാതാവിൻ്റെ ഏറ്റവും വലിയ ഭക്തനാണ് താനെന്നും പറയുകയുണ്ടായി. മാതാവിൻ്റെ മാസത്തിൻ്റെ തുടക്കത്തിൽ തന്നെ മാതൃസ്തുതിയുടെ ഗാനം ആലപിച്ച ആനി അലോഷ്യസിനെയും പിന്നണിയിൽ പ്രവർത്തിച്ചവരെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. 

 മലയാളം മിഷൻ യുകെയുടെ പ്രസിഡൻ്റും യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയുമായ ശ്രീ.സി.എ ജോസഫ് വിശിഷ്ടാതിഥിയെയും മറ്റുള്ളവരേയും പ്രകാശന ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. പ്രകാശചടങ്ങിൽ  യുക്മ ദേശീയ പ്രസിഡണ്ട് മനോജ് കുമാർ പിള്ള, യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്,  കൊച്ചിൻ കലാഭവൻ ലണ്ടൻ ഡയറക്ടർ ജെയ്സൺ ജോർജ്, യുക്മ സൗത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റും സേവനം യുകെ മുൻ ചെയർമാനുമായ ഡോ. ബിജു പെരിങ്ങത്തറ, ഗാനത്തിൻ്റെ സംഗീത സംവിധാനം നിർവ്വഹിച്ച ഹരീഷ് പാലാ, ഛായാഗ്രഹണം നിർവ്വഹിച്ച ജയ്സൻ ലോറൻസ്, തോമസ് കളപ്പുരയിൽ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.  ഗായിക ആനി അലോഷ്യസിന്റെ പിതാവും ആൽബത്തിൻറെ ഗാനരചയിതാവുമായ അലോഷ്യസ് ഗബ്രിയേൽ കൃതജ്ഞത പ്രകാശിപ്പിച്ചു. യുകെയിലെ അറിയപ്പെടുന്ന കലാകാരിയും യുക്മ കലാ ഭൂഷണം അവാർഡ് ജേതാവുമായ ദീപാ നായർ തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ അവതാരകയായി എത്തി ചടങ്ങിന് മികവേകി.

“മാതൃദീപം” ആൽബം പ്രകാശന ചടങ്ങ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

യുക്മ കലാതിലകം ആനി അലോഷ്യസ് ആലപിച്ച ‘മാതൃ ദീപം’ എന്ന് പേരു നൽകിയിരിക്കുന്ന ഈ ആൽബം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാതൃ ഭക്തിയുടെ നിറവിൽ അതീവമായ മനോഹാരിതയിൽ ഭക്തി സാന്ദ്രമായ ദൃശ്യാവിഷ്കരണം നൽകിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ യുക്മ ദേശീയ കലാമേളയിൽ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ട യുകെയിലെ അറിയപ്പെടുന്ന ഗായികയായ ആനി അലോഷ്യസാണ്  പ്രാർത്ഥനാനിർഭരമായ ഈ ഭക്തി ഗാനം ആലപിച്ചിരിക്കുന്നത്. ആനിയുടെ പിതാവ് അലോഷ്യസ് ഗബ്രിയേൽ ആണ് ഈ ആൽബത്തിലെ ഗാനത്തിന് രചന നിർവഹിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഹരീഷ് പാലയാണ് സംഗീതം നൽകിയിരിക്കുന്നത്. ഓർക്കസ്ട്രേഷൻ ലിജോ ലീനോസ്. ക്യാമറ – എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ജെയ്സൺ ലോറൻസും തോമസ് കളപ്പുരയിലും ചേർന്നാണ്.

കത്തോലിക്കാ വിശ്വാസികൾ ദൈവമാതാവിനോടുള്ള വണക്കമാസം ആയിട്ട് ഭക്തിപൂർവം ആചരിക്കുന്ന മെയ് മാസത്തിന്റെ ആദ്യ സുദിനത്തിൽ തന്നെ ‘മാതൃ ദീപം’ എന്ന പേരിൽ പരിശുദ്ധ ദൈവമാതാവിനോടുള്ള ഈ പ്രാർത്ഥനാഗീതം പ്രകാശനം ചെയ്യുവാനും ഈ ഒരു ഗാനം ആലപിക്കുവാനും സാധിച്ചത് ദൈവാനുഗ്രഹമായി കരുതുകയാണെന്ന്  ഗായികയായ ആനി അലോഷ്യസ് പറഞ്ഞു.

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കലോത്സവത്തിൽ രണ്ടു തവണ കലാതിലകവുമായി തിരഞ്ഞെടുത്തിട്ടുള്ള ആനി അലോഷ്യസ് കർണാട്ടിക് മ്യൂസിക്കും , വെസ്റ്റേൺ മ്യൂസിക്കും ശാസ്ത്രീയമായി അഭ്യസിച്ചിട്ടുണ്ട്. ആനിയുടെ സഹോദരൻ ടോണി അലോഷ്യസ് തുടർച്ചയായി രണ്ടു തവണ യുക്മ കലാപ്രതിഭയായി  തിരഞ്ഞെടുത്തിട്ടുള്ള വളർന്നുവരുന്ന യുകെയിലെ മികച്ച യുവ കലാ പ്രതിഭയുമാണ്. പിതാവ് അലോഷ്യസ്, മാതാവ് ജിജി, സഹോദരൻ ടോണി എന്നിവരോടൊപ്പം  ലണ്ടനിലെ ലൂട്ടനിൽ താമസിക്കുന്ന ആനി അലോഷ്യസ് അയിൽസ്ബറി  ഗ്രാമർ സ്കൂളിലെ എ ലെവൽ രണ്ടാം വർഷ വിദ്യാർത്ഥിനിയുമാണ്.

കഴിഞ്ഞവർഷം യുകെ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങൾ  കൊറോണ മഹാമാരിയുടെ ഫലമായി അതിജീവനത്തിന്റെ പാതയിലൂടെ കടന്നു പോയ സമയത്ത് രോഗബാധിതരായവർക്ക് വേണ്ടിസ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി ലോകം മുഴുവനിലുമുള്ള ആരോഗ്യ മേഖലകളിൽ ജോലിചെയ്തിരുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദി തുടർച്ചയായി നാലു മാസം സംഘടിപ്പിച്ച ‘Let’s Break It Together’ എന്ന ലൈവ് ടാലൻറ് ഷോയിലും ആനി അലോഷ്യസും സഹോദരൻ ടോണി അലോഷ്യസും  പങ്കെടുത്ത്  മികവാർന്ന കലാപരിപാടി നടത്തി ലോക മലയാളികളായ സംഗീതസ്വാദകരുടെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. വ്യത്യസ്തമായ സംഗീത ഉപകരണങ്ങളിൽ കഴിവ് തെളിയിച്ചിട്ടുള്ള കുട്ടികളായ കലാപ്രതിഭകളെ ഉൾപ്പെടുത്തി നടത്തിയ  ലൈവ് ടാലൻറ് ഷോയിൽ ആനി അലോഷ്യസും സഹോദരൻ ടോണി അലോഷ്യസും ചേർന്ന് വിവിധ സംഗീത ഉപകരണങ്ങളിൽ നാദവിസ്മയം തീർത്തു നടത്തിയ കലാവിരുന്ന് വീക്ഷിക്കുവാൻ പതിനായിരക്കണക്കിന് സംഗീതാസ്വാദകരാണ് എത്തിയത്.

വെർച്വൽ പ്ലാറ്റ് ഫോമായ സ്ട്രീംയാർഡിലൂടെ നടത്തിയ ‘മാതൃദീപം’ ആൽബം പ്രകാശനച്ചടങ്ങ് ലൈവായി  യുക്മയുടെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജായ “യുക്മ(UUKMA)”  സംപ്രേഷണം ചെയ്തിരുന്നു.

നീ തുണയേകണേ… ലോകമാതേ…..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more