1 GBP = 106.38
breaking news

യുക്മ സാംസ്ക്കാരികവേദിയുടെ ജ്വാല ഇ മാഗസിൻ ഈസ്റ്റർ – വിഷു ലക്കം പ്രസിദ്ധീകരിച്ചു…………. വ്യത്യസ്തതകളുടെ നേർക്കാഴ്ചയായി കാക്കനാടന്റെ മുഖചിത്രം….

യുക്മ സാംസ്ക്കാരികവേദിയുടെ ജ്വാല ഇ മാഗസിൻ ഈസ്റ്റർ – വിഷു ലക്കം പ്രസിദ്ധീകരിച്ചു…………. വ്യത്യസ്തതകളുടെ നേർക്കാഴ്ചയായി കാക്കനാടന്റെ മുഖചിത്രം….

സജീഷ് ടോം

 (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

ലോക പ്രവാസി മലയാളികളുടെ പ്രിയ ഓൺലൈൻ പ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ മാർച്ച് ലക്കം പ്രസിദ്ധീകരിച്ചു. ഈസ്റ്റർ – വിഷു ആശംസകളുമായി പുറത്തിറങ്ങിയ “ജ്വാല” എഴുപത്തിയൊന്നാം പതിപ്പിന്റെ മുഖചിത്രം സുപ്രസിദ്ധ കഥാകാരൻ യശഃശരീരനായ കാക്കനാടൻ ആണ്.

പ്രസിദ്ധീകരണത്തിന്റെ ഏഴാം വർഷം, വെല്ലുവിളികളെ സധൈര്യം ഏറ്റെടുത്ത് എഴുപത്തിയൊന്നാം പതിപ്പ് പ്രസിദ്ധീകരിക്കാൻ കഴിയുകയെന്ന അഭിമാനകരമായ നേട്ടം കൈവരിച്ച വേളയിൽ, ജ്വാല ഇ – മാഗസിന്റെ വളർച്ചയിൽ പിന്നിൽ നിന്ന് സഹായിച്ചവരെ നന്ദിപൂർവം സ്മരിക്കുകയാണ് എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട്. ഒപ്പം, കേരള നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ, പ്രവാസികളുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ച്, അവ താല്പര്യപൂർവ്വം നടപ്പിലാക്കുവാൻ ശ്രമിക്കുന്ന ഒരു സർക്കാർ ഭരണത്തിൽ വരണമെന്ന് എഡിറ്റോറിയൽ പ്രത്യാശ പ്രകടിപ്പിക്കുന്നു. 

മുൻ ലക്കങ്ങളിലേതുപോലെ തന്നെ, വായനയെ ഗൗരവമായി കാണുന്ന അനുവാചകർക്കൊപ്പം, എല്ലാ വിഭാഗത്തിൽപെട്ട വായനക്കാർക്കും ഇഷ്ടപ്പെടുന്ന രചനകളാൽ സമ്പന്നമാണ്  മാർച്ച് ലക്കവും . നാടകത്തിലായാലും സിനിമയിലായാലും അഭിനയത്തിൽ നമ്മെ വിസ്മയിപ്പിച്ച നടൻ പി ജെ ആന്റണിയെ വായനക്കാർക്ക് കൂടുതൽ അടുത്തറിയാൻ സാധിക്കുന്നു ആർ. ഗോപാലകൃഷ്‌ണൻ എഴുതിയ “മലയാളികളുടെ സ്വന്തം വെളിച്ചപ്പാട്” എന്ന ലേഖനത്തിലൂടെ. പ്രസിദ്ധ പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. സുനിൽ പി. ഇളയിടം എഴുതിയ “ഗാന്ധിയുടെ ലണ്ടൻ” എന്ന ലേഖനത്തിൽ ലണ്ടനിൽ നടത്തിയ യാത്രയുടെ അനുഭവങ്ങൾ അദ്ദേഹം വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു.

ചലച്ചിത്ര ഗാനങ്ങളുടെ പിറവികളെ കുറിച്ച് ശ്രദ്ധേയമായ ലേഖനങ്ങൾ എഴുതി വായനക്കാർക്ക് സുപരിചിതനായ രവി മേനോൻ പ്രസിദ്ധ മലയാള സിനിമ സംഗീത സംവിധായകനായ ദേവരാജൻ മാസ്റ്ററുമായി നടത്തിയ ഒരു അഭിമുഖത്തിന്റെ ഓർമ്മകൾ പങ്കുവെയ്ക്കുന്നു “ജാതകകുറിപ്പ് കീറി വലിച്ചെറിഞ്ഞ അച്ഛന്റെ മകൻ” എന്ന ലേഖനത്തിൽ. ബുദ്ധ മതത്തെ പഠനവിധേയമാക്കുകയാണ് ഡോ. മനോജ് കുറൂർ “ബുദ്ധ ദർശനം; അടിസ്ഥാന തത്വങ്ങൾ” എന്ന ലേഖനത്തിൽ. മലയാളത്തിലെ യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ ഷാഹുൽ ഹമീദ് കെ.ടി എഴുതിയ “മഞ്ഞക്കടൽ ചുവന്ന കണ്ണുകൾ കറുത്ത നദി” എന്ന അപസർപ്പക കഥ വായനക്കാരെ ത്രസിപ്പിക്കുന്ന രചനയാണ്‌. 

അതോടൊപ്പം ജ്യോതി എസ് കരുപ്പൂര് എഴുതിയ “23 വർഷങ്ങൾ”, ശ്രീകല മേനോൻ എഴുതിയ “സൈറ” എന്നീ കഥകളും, ജയദേവൻ കെ എസ് രചിച്ച “വെള്ളിത്തളിക”, കല്ലറ അജയൻ രചിച്ച “ഏകാന്തം” എന്നീ കവിതകളും “ജ്വാല”യുടെ മാർച്ച് ലക്കത്തെ പ്രൗഢമാക്കുന്നു. 

മാർച്ച് ലക്കം പ്രസിദ്ധീകരിച്ചുകൊണ്ട്  ചീഫ് എഡിറ്റർ ശ്രീ റെജി നന്തികാട്ടിൻ്റെ നേതൃത്വത്തിലുള്ള ജ്വാല എഡിറ്റോറിയൽ ബോർഡ്  ഏഴ് വർഷത്തെ സേവനം അഭിമാനകരമായി പൂർത്തിയാക്കുകയാണ്. ലോക പ്രവാസി മലയാളി സാഹിത്യ പ്രേമികൾക്കിടയിൽ യുക്മക്ക് ഏറെ അഭിമാനകരമാകും വിധം “ജ്വാല” യുകെയിലെയും ലോകമെമ്പാടുമുള്ള വളർന്ന് വരുന്ന സാഹിത്യകാരൻമാർക്കും കലാകാരൻമാർക്കും ഉത്തേജനം പകരാനും, പ്രശസ്ത വ്യക്തികളുടെ മികച്ച സൃഷ്ടികൾ പരിചയപ്പെടുത്തുവാനും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. പ്രസിദ്ധീകരണത്തിന് നട്ടെല്ലായി നിന്ന് നേതൃത്വം നൽകിയ റെജി നന്തികാടിൻ്റെ പ്രത്യേക താല്പര്യമൊന്ന് മാത്രമാണ്  യുക്മ ജ്വാലയുടെ പ്രയാണത്തിലെ പ്രേരകശക്തിയെന്ന് യുക്മ ദേശീയ സമിതി വിലയിരുത്തി.

ജ്വാല ഇ മാഗസിൻ ഈസ്റ്റർ – വിഷു ലക്കം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more