1 GBP = 105.54
breaking news

ഇന്ത്യൻ വംശജരുടെ മിടുക്കിൽ അഭിമാനം പങ്കുവെച്ച്​ അമേരിക്കൻ പ്രസിഡന്‍റ്​

ഇന്ത്യൻ വംശജരുടെ മിടുക്കിൽ അഭിമാനം പങ്കുവെച്ച്​ അമേരിക്കൻ പ്രസിഡന്‍റ്​

വാഷിങ്​ടൺ: യു.എസ്​ ഭരണത്തിന്‍റെ എല്ലാ തലങ്ങളിലും മികവു തെളിയിച്ച്​ അതിവേഗം പുതിയ ഉയരങ്ങൾ താണ്ടുന്ന ഇന്ത്യൻ വംശജരുടെ മിടുക്കിൽ അഭിമാനം പങ്കുവെച്ച്​ പ്രസിഡന്‍റ്​ ജോ ബൈഡൻ. നാസയിൽ ഗൈഡൻസ്​, നാവിഗേഷൻ, കൺട്രോൾ ഓപറേഷൻസ്​ ചുമതലയുള്ള സ്വാതി മോഹനുൾപെടെ ശാസ്​ത്ര സംഘ​ത്തോട്​ നടത്തിയ ഓൺലൈൻ സംഭാഷണത്തിലായിരുന്നു ബൈഡന്‍റെ വാക്കുകൾ.

നാസയ​ുടെ ചൊവ്വാദൗത്യമായ ‘പേഴ്​സവറൻസ്​’ റോവർ വിജയകരമായി ദൗത്യം പൂർത്തിയാക്കിയതിനു പിന്നിൽ സ്വാതിയുടെ മിടുക്ക്​ പ്രശംസിക്കപ്പെട്ടിരുന്നു. 

”അമേരിക്കയിലെ ഇന്ത്യൻ വംശജർ രാജ്യത്തിന്‍റെ ഭരണം പിടിക്കുകയാണ്​. നിങ്ങൾ (സ്വാതി മോഹൻ), വൈസ്​ പ്രസിഡന്‍റ്​ (കമല ഹാരിസ്​), ​എന്‍റെ പ്രഭാഷണ എഴുത്തുകാരൻ (വിനയ്​ റെഡ്​ഡി) തുടങ്ങി എല്ലാം”. 

അധികാരത്തിൽ 50 ദിവസം പൂർത്തിയാക്കുന്നതിനിടെ ഭരണരംഗത്ത്​ 55 ഇന്ത്യൻ വംശജരെ ബൈഡൻ നിയമിച്ചിട്ടുണ്ട്​. സർക്കാറിന്‍റെ ഓരോ തലങ്ങളിലും ഇന്ത്യൻ വംശജരുടെ സാന്നിധ്യം പ്രകടമാണെന്നതാണ്​ ശ്രദ്ധേയം. പകുതിപേർ വനിതകളാണെന്നു മാത്രമല്ല, ഭരണസിരാകേന്ദ്രമായ വൈറ്റ്​ഹൗസിൽ ഇന്ത്യൻ വംശജർക്ക്​ കാര്യമായ സ്വാധീനവുമുണ്ട്​. നേരത്തെ ബറാക്​ ഒബാമ പ്രസിഡന്‍റായ ഘട്ടത്തിലും സമാനമായി ഇന്ത്യൻ വംശജരെ നിയമിച്ചിരുന്നു. എണ്ണത്തിൽ കുറവായിരുന്നുവെങ്കിലും ട്രംപ്​ പ്രസിഡന്‍റായിരിക്കെ ദേശീയ സുരക്ഷ കൗൺസിലിൽ കാബിനറ്റ്​ പദവിയോടെ ഒരാളെ നിയമിച്ചതും ചരിത്രം. 

പുതിയ പദവികളിൽ വിവേക്​ മൂർത്തി യു.എസ്​ സർജൻ ജനറലും വനിത ഗുപ്​ത അസോസിയേറ്റ്​ അറ്റോണി ജനറലുമാകും. വൈറ്റ്​ഹൗസ്​ മാനേജ്​മെന്‍റ്​ ആന്‍റ്​ ബജറ്റ്​ ഡയറക്​ടറായി നീര ടാണ്ടനെ നാമനിർദേശം ചെയ്​തിരുന്നുവെങ്കിലും സമിതിയിലെ റിപ്പബ്ലിക്കൻ അംഗങ്ങളുടെ പ്രതിഷേധം മൂലം അവർ അവസാനനിമിഷം പിൻമാറി. 

സിവിലിയൻ സുരക്ഷ, മനുഷ്യാവകാശ സ്​റ്റേറ്റ്​ അണ്ടർ സെക്രട്ടറി ഉസ്​റ സിയ, ജിൽ​ ബൈഡന്‍റെ പോളിസി ഡയറക്​ടർ മാല അഡിഗ, വൈറ്റ്​ഹൗസ്​ ഡിജിറ്റൽ സ്​ട്രാറ്റജി ഓഫീസ്​ പാർട്​നർഷിപ്​ മാനേജർ ആയിശ ഷാ, യു.എസ്​ നാഷനൽ സാമ്പത്തിക കൗൺസിൽ ഡെപ്യൂട്ടി ഡയറക്​ടർ സമീറ ഫാസിലി തുടങ്ങി നിരവധി പേർ പട്ടികയിലുണ്ട്​. മലയാളി സാന്നിധ്യമായി ശാന്തി കളത്തിൽ മനുഷ്യാവകാശ, ജനാധിപത്യ കോർഡിനേറ്ററായും നിയമിതയായിട്ടുണ്ട്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more