1 GBP = 106.56
breaking news

ജൂലൈ 4-ന് സാമൂഹിക അകലം ഒരു മീറ്റർ ആക്കാനും ഹോട്ടലുകളും സലൂണുകളും തുറക്കാനും പദ്ധതി വരുന്നു!

ജൂലൈ 4-ന് സാമൂഹിക അകലം ഒരു മീറ്റർ ആക്കാനും ഹോട്ടലുകളും സലൂണുകളും തുറക്കാനും പദ്ധതി വരുന്നു!

സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)

ബ്രിട്ടന്റെ സാമ്പത്തിക രംഗം പിടിച്ചുലച്ച അടച്ചുപൂട്ടൽ ഘട്ടം ഘട്ടമായി നിർമാർജനം ചെയ്യുന്നതിന്റെ ഭാഗമായി കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നു.

വേണ്ടത്ര മുൻകരുതൽ എടുത്താൽ അടച്ചുപൂട്ടൽ പൂർണമായും ഒഴിവാക്കുന്ന സമയം വിദൂരമല്ലെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭിപ്രായപ്പെട്ടു.

മുഖാവരണങ്ങൾ നിർബന്ധമാക്കിക്കൊണ്ട് ഇപ്പോഴുള്ള 2 മീറ്റർ സാമൂഹിക അകലം 1 മീറ്റർ ആയി കുറയ്ക്കാനാണ് പദ്ധതി. ബ്രിട്ടനിൽ അണുബാധയുടെ തോത് കുറയുന്നത് തുടരുന്ന പ്രവണത വിശകലനം ചെയ്ത ശാസ്ത്രജ്ഞർ സലൂണുകൾ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിക്കുന്നതിൽ ആശങ്കക്ക് വകയില്ലെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ 30,000 ൽ പരം ഹെയർ ഡ്രെസ്സർമാർക്കും മൂന്ന് മാസത്തെ അടച്ചു പൂട്ടലിനെത്തുടർന്ന് തലമുടി ക്രമാതീതമായി നീണ്ടു വളർന്നിട്ടുള്ള പൊതുജനങ്ങൾക്കും ഒരേ പോലെ ആഹ്‌ളാദം പകരുന്ന ഒരു തീരുമാനമായിരിക്കും ഇതെന്ന കാര്യത്തിൽ സംശയമില്ല!

കോവിഡ് -19 പകർച്ച വ്യാധി എല്ലാ ദിവസവും ഏകദേശം 4 ശതമാനത്തോളം കുറഞ്ഞുവരുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചതിനെത്തുടർന്ന് യുകെ യിലെ രോഗ ഭീഷണി നില ഇക്കഴിഞ്ഞ വെള്ളിയാഴ്ച താഴ്ത്തിയിരുന്നു. വൈറസ് ബാധിച്ച ഒരാളിൽ നിന്നും എത്രയാളുകൾക്ക് രോഗം പകരുന്നു എന്ന് നിർവചിക്കുന്ന പുനരുത്പാദന നിരക്ക് ഒന്നിൽ താഴെയായിരിക്കുന്നു. തന്നെയുമല്ല, കോവിഡ്-19 രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന എല്ലാവരെയും പരിശോധന നടത്താനുള്ള സൗകര്യങ്ങൾ ഇപ്പോൾ യുകെയിൽ ഉടനീളം ലഭ്യമാണ് താനും.

സാമൂഹിക അകലം ഒരു മീറ്റർ ആയി കുറക്കുന്നത് വഴി ബ്രിട്ടനിലെ ജനങ്ങൾക്ക് മുഖാവരണങ്ങൾ അണിഞ്ഞുകൊണ്ട് പൊതു ഇടങ്ങളിൽ വച്ച് സന്ധിക്കാനും സംവദിക്കുവാനുമുള്ള അവസരം ഒരുങ്ങുകയാണ്.

അടച്ചുപൂട്ടൽ മൂലം വമ്പിച്ച നഷ്ടം നേരിട്ട വിനോദ സഞ്ചാര മേഖല ജൂലൈ 4 മുതൽ പ്രവർത്തന ക്ഷമമാവും. ഹോട്ടലുകൾ, ബെഡ് & ബ്രേക്‌ഫാസ്റ് കേന്ദ്രങ്ങൾ, ഹോളിഡേ പാർക്കുകൾ എന്നിവ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങുമെങ്കിലും ഒന്നിലധികം ആൾക്കാർ താമസ സൗകര്യം പങ്കിടുന്ന ക്യാമ്പ് സൈറ്റുകൾ പോലെയുള്ള സെന്ററുകൾ തുറക്കുന്നത് ഇനിയും വൈകിയേക്കും. ബാറുകളൂം റെസ്റ്റോറന്റുകളും തുറക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനം ആയിട്ടില്ല.

മൂന്നു മാസത്തെ നീണ്ട അടച്ചുപൂട്ടലിനു ശേഷം ബ്രിട്ടനിലെ മില്യൺ കണക്കിന് ആളുകൾക്ക് രാജ്യത്തിനകത്തു തന്നെ എവിടെയെങ്കിലും അവധിക്കാലം ചെലവഴിക്കാനുള്ള സാധ്യത ജൂലൈ 4 മുതല തെളിയുകയാണ്.

ഫ്രാൻസ്, സ്പെയിൻ തുടങ്ങി പത്തോളം രാജ്യങ്ങളിലെ മന്ത്രിമാരുമായി ഈ രാജ്യങ്ങൾക്കിടയിൽ ഒരു ‘വായു നടപ്പാത (എയർ ബ്രിഡ്ജ്)’ തുടങ്ങാനുള്ള ചർച്ചയിലാണ് ബ്രിട്ടീഷ് സർക്കാർ. ഇത് വിജയിച്ചാൽ ഈ രാജ്യങ്ങളിൽ വിനോദസഞ്ചാരത്തിനോ മറ്റാവശ്യങ്ങൾക്കോ യാത്ര പോവുന്ന ആളുകൾ തിരിച്ചു വരുമ്പോൾ 14 ദിവസത്തെ നിർബന്ധിത ഏകാന്ത വാസത്തിനു വിധേയർ ആവേണ്ടിവരില്ല എന്നറിയുന്നു.

വിമാനത്താവളങ്ങളിൽ കോവിഡ്-19 പരിശോധനകൾ ലഭ്യമാക്കാനുള്ള പദ്ധതിയും സർക്കാർ വിഭാവനം ചെയ്യുന്നുണ്ട്. ഇത് യാത്രക്കാരുടെ നിർബന്ധിത ഏകാന്തവാസ നിയന്ത്രണങ്ങളിൽ അയവു വരുത്താൻ സഹായകരമായേക്കും.

അടച്ചുപൂട്ടലിനെ തുടർന്നുണ്ടായ തൊഴിലില്ലായ്മ പ്രശനം പരിഹരിക്കാൻ സർക്കാർ തുടർ നടപടികൾ പ്രഖ്യാപിച്ചില്ലെങ്കിൽ 1930 -ലെ പോലെയുള്ള സ്ഥിതിഗതികളിലേക്ക് രാജ്യം വഴുതി വീഴുമെന്ന് ട്രേഡ് യൂണിയൻ കോൺഗ്രസ് ജനറൽ സെക്രട്ടറി ഫ്രാൻസിസ് ഓ’ ഗ്രേഡി പ്രസ്താവിച്ചു.

ഇതിനിടെ കോവിഡ് പകർച്ച വ്യാധി വ്യാപനം മൂലം പിടിച്ചു നില്ക്കാൻ ബുദ്ധിമുട്ടുന്ന ബ്രിട്ടീഷ് കമ്പനികളെ ചുളുവിലയ്ക്ക് വിദേശ കമ്പനികൾ വാങ്ങിക്കൂട്ടുന്നത് തടയാനായി സർക്കാർ നിയമ നിർമാണത്തിന് ഒരുങ്ങുന്നതായി അറിയുന്നു.

അടച്ചുപൂട്ടൽ മൂലം സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിലെത്തിയ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി പുതിയ ടാക്‌സ് ഇളവുകൾ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് ചാൻസലർ ഋഷി സുനാക്. തൊഴിലില്ലായ്മ നിരയ്ക്ക് കുറച്ചു കൊണ്ടുവരാനും മാർക്കറ്റിലെ പണമിടപാട് തോത് വര്ധിപ്പിക്കുന്നതിനുമായി വാറ്റ് നിരക്കിൽ കുറവ് വരുത്തുമെന്ന് സൂചനയുണ്ട്.

കൊറോണ വ്യാപനം തടയാനായി പ്രഖ്യാപിച്ച അടച്ചുപൂട്ടൽ വരും ദിവസങ്ങളിൽ ഘട്ടം ഘട്ടമായി നിർത്തലാക്കാനുള്ള സാധ്യത ഏറി വരുന്നു. രണ്ട് ബ്രിട്ടീഷ് യൂണിവേഴ്സിറ്റികൾ വെവ്വേറെ നടത്തിയ ഗവേഷണ പഠനങ്ങളെത്തുടർന്ന് വികസിപ്പിച്ചെടുത്ത വാക്സിനുകൾ തുടർന്നുള്ള മാസങ്ങളിൽ കോവിഡ്-19 നെ ഫലപ്രദമായി തടയാൻ സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more