1 GBP = 107.22
breaking news

കൊറോണ വൈറസ് വാക്സിൻ ശരത് കാലത്തിനു മുൻപേ തയ്യാറാക്കാമെന്ന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ഗവേഷകർ!

കൊറോണ വൈറസ് വാക്സിൻ ശരത് കാലത്തിനു മുൻപേ തയ്യാറാക്കാമെന്ന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ഗവേഷകർ!

സുരേന്ദ്രൻ ആരക്കോട്ട് (യുക്മ ന്യൂസ് എഡിറ്റർ)

കൊറോണ വൈറസ് വാക്സിൻ ശരത്കാലത്തിന്റെ തുടക്കത്തിൽ തന്നെ തയ്യാറാകുമെന്ന് യുകെയിലെ വാക്സിൻ ക്ഷമതാ പരിശോധനയ്ക്ക് പിന്നിലെ പ്രമുഖ ശാസ്ത്രജ്ഞർ പറയുന്നു. അടുത്ത എട്ട് മാസത്തിനുള്ളിൽ നിലവിൽ ചികിത്സിയില്ലാത്ത ഈ രോഗത്തിന് ഒരു പ്രതിവിധി പുറത്തിറക്കാൻ കഴിയുമെന്ന് ഓക്സ്ഫോർഡ് സർവകലാശാല ഗവേഷകർക്ക് ഉറപ്പുണ്ട്.

ഒരു വാക്സിൻ തയ്യാറാകുന്നതിന് ഒരു വർഷമെങ്കിലും എടുക്കും എന്നായിരുന്നു ബ്രിട്ടന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് മുൻപ് പറഞ്ഞിരുന്നത്. എന്നാൽ ഇത് നേരത്തെ തന്നെ ലഭ്യമാവുമെന്ന ശുഭ സൂചനകളാണ് ഗവേഷകർ നൽകുന്നത്.

കോവിഡ്-19 രോഗശമനം വികസിപ്പിക്കുന്നതിനുള്ള കഠിന പ്രയത്നങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ലോകമെമ്പാടുമുള്ള നൂറുകണക്കിന് സംഘടനകളിൽ ഒന്നായ ഓക്സ്ഫോർഡ് ടീം, ഒരു വാക്സിൻ കണ്ടെത്തുന്നതിന് മുൻപ് ഈ മഹാമാരി മാരകമായ രീതിയിൽ പടർന്നു പിടിച്ചാൽ ശാസ്ത്രലോകത്തിന് അതൊരു വലിയ വെല്ലുവിളിയാകുമെന്ന് മുന്നറിയിപ്പ് നൽകി.

ആർക്കൊക്കെയാണ് ഇതിനകം രോഗം ബാധിച്ചതെന്ന് തിരിച്ചറിയാൻ വിപുലമായ രീതിയിൽ പരിശോധനകളൊന്നും ലഭ്യമല്ലാത്തതിനാൽ, വാക്സിൻ ക്ഷമതാ പരിശോധനയിൽ പങ്കെടുക്കാൻ രോഗ ബാധിതരല്ലെന്ന് തിട്ടപ്പെടുത്തിയ ആളുകളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന് ഗവേഷകർ പറയുന്നു. 18 നും 55 നും ഇടയിൽ പ്രായമുള്ള അഞ്ഞൂറിലധികം സന്നദ്ധപ്രവർത്തകർ വാക്സിൻ ക്ഷമതാ പരിശോധനയിൽ ഒപ്പുവെച്ചതോടെ ഈ മാസാവസാനത്തോടെ പരിശോധനകൾ ആരംഭിക്കാനുള്ള സാദ്ധ്യതകൾ തെളിഞ്ഞു.

ഏപ്രിൽ 17 ന് ബ്രിട്ടൻ രോഗാവസ്ഥയുടെ പാരമ്യതയിലെത്തുമെന്നു വാഷിംഗ്ടൺ സർവകലാശാലയിലെ ഗവേഷകർ പ്രവചിക്കുന്നു. ഇതുവരെ വൈറസ് ബാധമൂലം 7,978 പേർ മരിക്കുകയും 65,077 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

“മൂന്നാം ഘട്ട പരീക്ഷണത്തിൽ നിന്ന് വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചു ഞങ്ങൾക്ക് വലിയ ശുഭാപ്തി വിശ്വാസമുണ്ട്. അനുകൂലമായ സാഹചര്യമാണെങ്കിൽ 2020 -ലെ ശരത് കാലത്തോട്‌ കൂടി വാക്‌സിൻ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കാനുള്ള ലക്ഷ്യവുമായാണ് ഞങ്ങളുടെ ഗവേഷകർ മുന്നോട്ടു പോകുന്നത്”, ഡെയിലി ടെലെഗ്രാഫിന് നൽകിയ അഭിമുഖത്തിൽ ഓസ്‌ഫോർഡ് ഗവേഷകർ വെളിപ്പെടുത്തി.

ഈ സമയപരിധി ഒരുവേള ‘അതിമോഹമായിരിക്കാം’ എന്ന് അവർ തന്നെ സമ്മതിക്കുണ്ട്. ലക്‌ഷ്യം നേടുന്നതിന് മുൻപേ ഒരു പാട് ദുര്ഘടങ്ങൾ ഉണ്ടായേക്കാം എന്നുമവർ വിലയിരുത്തുന്നു.

 

രോഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ വാക്സിൻ ക്ഷമതാ പരിശോധനയിൽ പങ്കെടുക്കാൻ രോഗ ബാധിതരല്ലെന്ന് തിട്ടപ്പെടുത്തിയ ആളുകളെ കണ്ടെതുന്നതു ഒരു വെല്ലുവിളിയാണ്. രോഗം പാരമ്യതയിലെത്തിയതിനുശേഷം ക്ഷമതാ പരിശോധന നടത്താൻ വളരെ ബുദ്ധിമുട്ടുകളുണ്ട്. കാരണം ധാരാളം ആളുകൾ അപ്പോഴേക്കും സ്വാഭാവിക പ്രതിരോധശേഷി വികസിപ്പിച്ചെടുത്തിരിക്കും, മാത്രമല്ല രോഗ സംക്രമണത്തിന്റെ അളവ് കുറയുകയും ചെയ്യും. അതിനാൽ രോഗപ്രതിരോധ ശേഷിയില്ലാത്തവർ വൈറസ് ബാധിതരാകാൻ കൂടുതൽ സമയമെടുക്കും.

മരുന്നിന്റെ ഉൽ‌പാദനത്തിനായി ധനസഹായം ലഭിക്കാൻ അവർ ഇപ്പോഴും പാടുപെടുകയാണെന്നും ഗവേഷകർ പറയുന്നു.

വാക്സിൻ ക്ഷമതാ പരിശോധനയിൽ പങ്കെടുക്കുന്നവർ ആറുമാസം ഓക്സ്ഫോർഡ് വാക്സിൻ സെന്ററിലെ പഠന നിരീക്ഷണങ്ങ്ൾക്ക് വിധേയരാകും. ഈ സമയത്തു പുതിയതായി വികസിപ്പിക്കുന്ന കോവിഡ്-19 വാക്‌സിൻ ഇഞ്ചക്ഷൻ ആയോ നിയന്ത്രിത അളവിലുള്ള ഡോസ് ആയോ അവർക്കു നൽകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more