1 GBP = 106.65
breaking news

ഏപ്രിൽ അവസാനത്തോടെ ദിവസേന ഒരു ലക്ഷം കോവിഡ്-19 ടെസ്റ്റുകൾക്കായുള്ള കര്മപദ്ധതിയുമായി ബ്രിട്ടീഷ് സർക്കാർ

ഏപ്രിൽ അവസാനത്തോടെ ദിവസേന ഒരു ലക്ഷം കോവിഡ്-19 ടെസ്റ്റുകൾക്കായുള്ള കര്മപദ്ധതിയുമായി ബ്രിട്ടീഷ് സർക്കാർ

സുരേന്ദ്രൻ ആരക്കോട്ട് (യുക്മ ന്യൂസ് എഡിറ്റർ)

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂലമായ മാറ്റം വരുത്തുവാനുദ്ദേശിച്ചുകൊണ്ട് സർക്കാർ പുതിയ കർമ്മ പദ്ധതി തയ്യാറാക്കുന്നതായി ഇന്നത്തെ വാർത്താ സമ്മേളനത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി മാറ്റ് ഹാൻകോക്ക് അറിയിച്ചു.

അഞ്ചിന കർമ്മ പരിപാടികൾ:

  • നാഷണൽ ഹെൽത്ത് സർവീസിന്റേയും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെയും ലാബുകൾ കൊറോണ സ്വാബ് ടെസ്റ്റിന് സജ്ജമാക്കും.
  • സർവകലാശാലകളെയും, സ്വകാര്യ സ്ഥാപനങ്ങളെയും മറ്റ് വാണിജ്യ പങ്കാളികളെയും ഏകോപിപ്പിച്ചുകൊണ്ട് കൂടുതൽ സ്വാബ് ടെസ്റ്റുകൾ ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കും.
  • പൊതുജനങ്ങൾക്കായി കോവിഡ്-19 പിടിപെട്ടോ എന്ന് തിരിച്ചറിയാനുള്ള പുതിയ ആന്റിബോഡി ടെസ്റ്റുകൾക്കു തുടക്കം കുറിക്കും.
  • പകർച്ച വ്യാധിയുടെ തോതും രാജ്യത്ത് ഇത് എങ്ങിനെയാണ് പടർന്നു പിടിക്കുന്നതെന്ന് അറിയാനുമുള്ള പഠന-നിരീക്ഷണങ്ങൾ ശക്തമാക്കും.
  • സ്വയം വികസനം സാധ്യമാകുന്ന തരത്തിലുള്ള വിപുലമായ രോഗലക്ഷണ പ്രതിപാദനത്തിനായുള്ള വ്യവസായ ശൃംഖലകൾ തുടങ്ങുന്നതുവഴി ഏപ്രിൽ അവസാനത്തോടെ ദിവസേന 100,000 ടെസ്റ്റുകൾ കൈവരിക്കാനുള്ള ഊർജിത ശ്രമം.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊറോണ ബാധയെത്തുടർന്ന് 569 പേർ മരിക്കുകയും യു.കെയിൽ ഇതേവരെ ജീവഹാനി സംഭവിച്ചവരുടെ എണ്ണം മൂവ്വായിരത്തോട് അടുക്കുകയും ചെയ്ത ഭീതിജന്യമായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയുടെ പുതിയ കർമ്മ പരിപാടികൾക്ക് വളരെയേറെ പ്രാധാന്യമുണ്ട്. 33,718 കേസുകളാണ് നാളിതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

സർക്കാർ നടപ്പാക്കാൻ ഉന്നം വെച്ചിട്ടുള്ള പ്രതിദിനമുള്ള 100,000 ടെസ്റ്റുകളിൽ പൊതുജനങ്ങളുടെയും എൻ.എഛ്.എസ് പ്രവർത്തകരുടെയും ടെസ്റ്റുകൾ ഉൾപ്പെടും.

ആർകെങ്കിലും നിലവിൽ കൊറോണോ ബാധയുണ്ടോ എന്ന് തിട്ടപ്പെടുത്താനുള്ള ആന്റിജൻ ടെസ്റ്റുകളും ഒരാളുടെ ശരീരത്തിൽ കൊറോണ ഉണ്ടായതിനുശേഷം ശരീരം സ്വയം ഉല്പാദിപ്പിക്കുന്ന പ്രതിദ്രവ്യത്തിന്റെ സാന്നിധ്യമുണ്ടോ എന്നറിയാനുള്ള ആന്റിബോഡി ടെസ്റ്റുകളും ഇതിൽ പെടുന്നു.

മുൻനിര സേവനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള മുഴുവൻ എൻ.എഛ്.എസ് ജീവനക്കാരെയും ഏപ്രിൽ അവസാനിക്കുന്നതിനു മുൻപ് തന്നെ കോവിഡ്-19 ടെസ്റ്റിന് വിധേയരാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി മാറ്റ് ഹാൻകോക്ക് പ്രസ്താവിക്കുകയുണ്ടായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more