സുരേന്ദ്രൻ ആരക്കോട്ട് (യുക്മ ന്യൂസ് എഡിറ്റർ)
യു.കെയിലെ ഒട്ടുമിക്ക ബാങ്കുകളും കഴിഞ്ഞ ഏതാനും ആഴ്ചകളായി അവരുടെ പുതുക്കിയ നിരക്കുകളെക്കുറിച്ചുള്ള സന്ദേശങ്ങൾ ഇടപാടുകാർക്ക് അയച്ചുകഴിഞ്ഞിട്ടുണ്ട്. അത് വായിക്കാതെ അവഗണിച്ച ആയിരങ്ങളുടെ കൂട്ടത്തിൽ നിങ്ങളുമുണ്ടെങ്കിൽ തീർച്ചയായും തുടർന്ന് വായിക്കുക!
നാം വളർന്നുവന്ന ഈ തലമുറയിലെ ഏറ്റവും സമഗ്രമായ നിരക്ക് പുനർനിർണയമെന്ന് ബാങ്കിങ് മേഖലയിലെ വിദഗ്ദ്ധന്മാർ എടുത്തുപറയുന്ന ഈ മാറ്റം പക്ഷെ വളരെ അധികം പേരൊന്നും ശ്രദ്ധിച്ചു കാണുവാൻ ഇടയില്ല!
പ്രധാനമായും ഓവർഡ്രാഫ്ട് നിരക്കുകളിലാണ് സാരമായ മാറ്റമുള്ളത്. എന്താണീ ഓവർഡ്രാഫ്ട്? നിങ്ങളുടെ അക്കൗണ്ടിൽ പണമില്ലാത്തപ്പോൾ ബാങ്കിന്റെ പണം ഉപയോഗിക്കാൻ ബാങ്കുകൾ നമുക്ക് നൽകുന്ന താത്കാലികമായ ഒരു സൗകര്യമാണത്. ഉദാഹരണത്തിന്, 160 പൗണ്ട് മാസം തോറും കൌൺസിൽ ടാക്സ് അടക്കാനായി ‘ഡയറക്റ്റ് ഡെബിറ്റ്’ ചെയ്തു വെച്ചിരിക്കുന്നു എന്ന് കരുതുക. അടക്കേണ്ട ദിവസം നമ്മുടെ അക്കൗണ്ടിൽ കേവലം 60 പൗണ്ട് മാത്രമേയുള്ളു എന്നിരിക്കട്ടെ. കൌൺസിൽ ബാങ്കിനോട് നമ്മുടെ അക്കൗണ്ടിൽ നിന്നും പണമാവശ്യപ്പെടുമ്പോൾ, അക്കൗണ്ടിൽ മുഴുവൻ പണമില്ലെന്ന ഒറ്റക്കാരണത്താൽ അത് നിരസിക്കാതെ, ബാങ്ക് ബാക്കി വേണ്ട തുക കൂടി ചേർത്ത് അയച്ചുകൊടുക്കുന്നു. ഇതേപോലെ, അക്കൗണ്ടിൽ പണമില്ലാത്ത സമയത്തു എ.ടി.എം മെഷീൻ വഴി 100 പൗണ്ട് പിൻവലിച്ചു എന്നിരിക്കട്ടെ. ഈ രണ്ട് അവസരങ്ങളിലും നമ്മൾ കടമെടുക്കാൻ ഉദ്ദേശിച്ച തുക ബാങ്ക് നമ്മൾക്കായി നിശ്ചയിച്ചിട്ടുള്ള ഓവർഡ്രാഫ്ട് പരിധിക്കുള്ളിലാണെങ്കിൽ തീർച്ചയായും അനുവദിച്ചിരിക്കും. ഇങ്ങനെ ഓവർഡ്രാഫ്ട് തരുന്നതിനു ബാങ്കുകൾ ലോൺ എടുക്കുന്നതിനേക്കാളും വളരെ ഉയർന്ന നിരക്കിലുള്ള പലിശ ഈടാക്കാറുണ്ട്. ഇത് ഒരു താത്കാലിക സംവിധാനമാണെന്നും, എത്രയും പെട്ടെന്ന് ഓവർഡ്രാഫ്ട് ആയ തുക തിരച്ചടക്കണമെന്ന് ഓര്മിപ്പിക്കുവാനും, തുടർച്ചയായി ഓവർഡ്രാഫ്ട് എടുക്കുന്നത് നിരുത്സാഹപ്പെടുത്തുവാനുമാണ് ഇങ്ങനെ ഉയർന്ന പലിശ നിരക്ക് ഈടാക്കിയിരുന്നത്.
ഇടപാടുകാരെ എളുപ്പത്തിൽ പിഴിയാനുള്ള ഒരു വിദ്യയാണിതെന്നു തിരിച്ചറിഞ്ഞ ചില ബാങ്കുകൾ പല രീതിയിലുള്ള നിരക്കുകളും ദിവസക്കൂലിയും ചുമത്താൻ തുടങ്ങിയതിനെത്തുടർന്ന് ഗവണ്മെന്റ് ബാങ്കുകൾക്ക് ഓവർഡ്രാഫ്ട് ഇനത്തിലുള്ള പലിശയായി ഒരു മാസത്തിൽ പരമാവധി ചുമത്താവുന്ന തുകക്ക് പരിധി നിശ്ചയിക്കുകയുണ്ടായി.
ചില പ്രത്യേക സാഹചര്യങ്ങളിൽ, മുൻകൂട്ടി നിശ്ചയിച്ച പരിധിക്കുമുകളിലുള്ള തുകയും ബാങ്ക് ഓവർഡ്രാഫ്ട് ആയി അനുവദിക്കാറുണ്ട്. അതിനാകട്ടെ, കണ്ണ് തള്ളിപ്പോകുന്ന നിരക്കിലുള്ള പലിശയാണ് ഈ ബാങ്കുകൾ ഈടാക്കിയിരുന്നത്! ഒന്നോ രണ്ടോ പൗണ്ട് ഓവർഡ്രാഫ്ട് ആയിപ്പോയതിനു ആ തുക തിരിച്ചടക്കുന്നതു വരെ ദിവസേന 5 പൗണ്ട് വീതം ചാർജ് ഈടാക്കിയിരുന്ന ബാങ്കുകൾ വരെ ഉണ്ടായിരുന്നു! കൃത്യമായ ഇടവേളകളിൽ ബാങ്ക് അക്കൗണ്ട് നിരീക്ഷിക്കാത്ത ഒരാളാണ് നിങ്ങളെങ്കിൽ ഈ പകൽ കൊള്ള ആഴ്ചകളോളമോ, മാസങ്ങളോളമോ തുടർന്നേക്കാം! 2017 ലെ കണക്കനുസരിച്ചു 2.4 ബില്യൺ പൗണ്ടാണ് ഓവർഡ്രാഫ്ട് പലിശയിനത്തിൽ ഇടപാടുകാരിൽനിന്നും ബാങ്കുകൾ അടിച്ചുമാറ്റിയത്! ഇതിൽ 30%വും മുൻകൂട്ടി നിശ്ചയിക്കാത്ത ഓവർഡ്രാഫ്ട് പലിശയിനത്തിലാണ് എന്നത് ശ്രദ്ധേയമാണ്.
സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിലെ ആളുകൾ മുൻകൂട്ടി നിശ്ചയിക്കാത്ത ഓവർഡ്രാഫ്ട് എടുക്കുന്നതുവഴി ഉയർന്ന ദിവസ പലിശനിരക്ക് കൊടുക്കേണ്ടി വരുന്നതും, തന്മൂലം കൂടുതൽ കടക്കെണിയിൽ അകപ്പെടുന്നതും ഒഴിവാകുന്നതിനായിട്ടാണ് സാമ്പത്തിക കാര്യ നിയന്ത്രണ സമിതി (FCA) പരിഷ്ക്കരിച്ച നിരക്കുകൾ കൊണ്ടുവന്നിട്ടുള്ളത്.
ചുരുക്കിപ്പറഞ്ഞാൽ, ബാങ്കുകൾ അതിസങ്കീർണ്ണമായ പലിശനിരക്കുകളും ദിവസക്കൂലിയും എടുത്തുകളയാൻ നിര്ബന്ധിതരായിരിക്കുന്നു. മുൻകൂട്ടി അംഗീകരിച്ചതോ, അല്ലാത്തതോ ആയ എല്ലാ ഓവർഡ്രാഫ്റ്റുകൾക്കും ബാങ്കുകൾ നേരത്തെ പ്രസിദ്ധീകരിച്ച നിശ്ചിത പലിശ നിരക്ക് മാത്രമേ ഇനിമുതൽ ഈടാക്കാൻ പാടുള്ളു. പിന്നെ എവിടെയാണ് പ്രശ്‍നം? ഇതൊരു ആശ്വാസകരമായ വാർത്തയാണെന്നു സമാധാനിക്കാൻ വരട്ടെ!
നേരത്തെ 15 മുതൽ 20 ശതമാനം വരെയാണ് ബാങ്കുകൾ മുൻകൂട്ടി നിശ്ചയിച്ച പരിധിക്കുള്ളിൽ ഓവർഡ്രാഫ്ട് തുകക്ക് ഈടാക്കിയിരുന്നത്. ഉദാഹരണത്തിന്, 300 പൗണ്ട് ഓവർഡ്രാഫ്ട് എടുത്തിട്ട് 365 ദിവസം കഴിഞ്ഞു തിരിച്ചടച്ചാൽ 20% നിരക്കിലാണെങ്കിൽ 60 പൗണ്ട് പലിശ കൊടുക്കണം.
എന്നാൽ, നിശ്ചയിച്ച പരിധിക്ക് പുറത്തു 300 പൗണ്ട് കടമെടുക്കുമ്പോൾ ദിവസേന 1 പൗണ്ട് ഓവർഡ്രാഫ്ട് ചാർജ് വച്ച് 365 ദിവസത്തിന് 365 പൗണ്ട് പലിശ കൊടുക്കണം. ഇത് യഥാർത്ഥത്തിൽ 122% പലിശ നിരക്കാണെന്ന് എത്രപേർ ശ്രദ്ധിച്ചു കാണും? കൊള്ളലാഭം കൊയ്യുന്ന ‘പേയ് ഡേ ലോൺ’ കമ്പനിക്കാരുടെ നിരക്കിന് കിടപിടിക്കുന്ന പലിശ സമ്പ്രദായമാണിത്!
ഈ ‘തീവെട്ടിക്കൊള്ള’ നിർത്തലാക്കുന്നതിനും എന്നാൽ ബാങ്കുകൾക്ക് വലിയ തോതിലുള്ള വരുമാനനഷ്ടം വരാതിരിക്കാനുമായി, സാമ്പത്തികകാര്യ നിയന്ത്രണ സമിതി ബാങ്കുകൾക്ക് മേല്പറഞ്ഞ രണ്ടു തരം ഓവർഡ്രാഫ്റ്റുകൾക്കും 40% വരെ വാർഷിക പലിശ നിരക്ക് (APR) ഈടാക്കാൻ അനുവാദം കൊടുത്തിരിക്കുകയാണ്. യു.കെയിലെ പ്രമുഖ ബാങ്കുകൾ (ലോയ്‌ഡ്‌സ്, ഹാലിഫാക്സ്, ബാങ്ക് ഓഫ് സ്കോട്ലാൻഡ്, മോൺസോ, ടി.എസ്.ബി, ബാർക്ലേയ്‌സ്, എച്.എസ്.ബി.സി, എം & എസ് ബാങ്ക്, ഫസ്റ്റ് ഡയറക്റ്റ്, നേഷൻവൈഡ്, നാറ്റ് വെസ്റ്റ്, ആർ.ബി.എസ്, സാന്റാൻഡർ) ഇതിനകം തന്നെ ഓവർഡ്രാഫ്റ്റിന് 40 ശതമാനം വരെ പലിശ ചുമത്താനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ടുപോകുന്നുവെന്നു സൂചിപ്പിക്കുകയുണ്ടായി!
ഇത്തരുണത്തിൽ, എന്താണ് കടബാധ്യതയുള്ളവരുടെ മുന്നിലുള്ള പോംവഴി? ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ മാത്രമേ ഓവർഡ്രാഫ്ട് സൗകര്യം ഉപയോഗപ്പെടുത്തൂ എന്ന് പ്രതിജ്ഞയെടുക്കുക! ഒരു കടം വീട്ടാനായി കടത്തിന്റെ മറ്റൊരു പതിപ്പായ ഓവർഡ്രാഫ്ട് എടുക്കാതിരിക്കുക. കൂടുതൽ കടം ഉണ്ടെങ്കിൽ ഒരു ബാങ്ക് ലോൺ തരപ്പെടുത്തുന്നതായിരിക്കും അഭികാമ്യം. തിരിച്ചടക്കാൻ കൂടുതൽ സമയവും ഓവർഡ്രാഫ്റ്റിനേക്കാൾ തുലോം കുറഞ്ഞ പലിശനിരക്കും മുഖ്യ ആകർഷണ ഘടകങ്ങളാണ്. മറ്റൊരു മാർഗം, ‘ബാലൻസ് ട്രാൻസ്ഫർ ക്രെഡിറ്റ് കാര്ഡുകൾ’ ഉപയോഗിച്ച് കടം തത്കാലം വീട്ടിത്തീർത്തിട്ട്, ചെറിയ മാസ തവണകളായി ക്രെഡിറ്റ് കാർഡ് തുക തിരിച്ചടക്കാവുന്നതാണ്.
click on malayalam character to switch languages