1 GBP = 107.36

സീനാ ഷിബുവിന് സാലിസ്ബറിയിൽ വികാരനിർഭരമായ യാത്രയയപ്പ്!

സീനാ ഷിബുവിന് സാലിസ്ബറിയിൽ വികാരനിർഭരമായ യാത്രയയപ്പ്!

സാലിസ്ബറി : നവംബർ ഒന്നാം തിയതി വെളിയാഴ്ച സാലിസ്ബറിയിൽ മരണമടഞ്ഞ കോട്ടയം ഉഴവൂർ മുടീക്കുന്നേൽ ഷിബു ജോണിന്റെ ഭാര്യ സീനയ്ക്ക് (41) യാത്രാമൊഴിയേകാനും അവസാനമായി ഒരു നോക്കു കാണുവാനുമായി യുകെയുടെ നാനാഭാഗത്തുനിന്നുമായി ബന്ധുക്കളും സുഹൃത്തുക്കളുമായ നൂറുകണക്കിനാളുകളാണ് സാലിസ്ബറിയിലേക്ക് ഒഴുകിയെത്തിയത് കഴിഞ്ഞ രണ്ടു വർഷമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സാലിസ്ബറി എൻ എച്ച് എസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്ന സീന . നിഖിൽ, നിബിൻ, നീൽ എന്നീ മൂന്ന് ആൺകുട്ടികളാണ് സീനാ ഷിബു ദമ്പതികൾക്കുള്ളത്.

ഞായറാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരമണിയോടെ സെന്റ് ഗ്രിഗറീസ് കാത്തലിക് ദേവാലയത്തിൽ ആണ് പൊതുദർശന സൗകര്യമൊരുക്കിയിരുന്നത് സീനയുടെ ഭൗതിക ശരീരം എത്തുന്നതിന് മുൻപേ തന്നെ ദേവാലയവും തൊട്ടടുത്ത് ക്ലോസ്സ് സർക്യൂട്ട് സ്ക്രീനിലൂടെ ലൈവ് സജ്ജീകരിച്ചിരുന്ന ഹാളും നിറഞ്ഞു കവിഞ്ഞിരുന്നു . സൗതാംപ്ടൺ സെന്റ് പോൾസ് ക്നാനായ മിഷനിലെ ഫാ ജോസ് തേക്കുനിൽക്കുന്നതിലിന്റെയും , സെന്റ് ഓസ്മണ്ട്സ് ചർച്ച് വികാരി ഫാ: സജി നീണ്ടൂർ MSFS ന്റെയും കാർമികത്വത്തിൽ ദിവ്യബലിയർപ്പിച്ചു.

ആദ്യന്ത്യം വികാരനിർഭരമായ രംഗങ്ങൾക്കാണ് സെന്റ് ഗ്രിഗറീസ് ദേവാലയം സാക്ഷ്യം വഹിച്ചത് .അകാലത്തിൽ പറന്നകന്ന തന്റെ പ്രിയതമയുടെ ചേതനയറ്റ മുഖത്തു നിന്ന് കണ്ണെടുക്കാതെ കാവൽ നിൽക്കുന്ന ഷിബുവിനെ സാക്ഷിയാക്കി മൂത്ത മകൻ നിഖിൽ സഹോദരങ്ങളായ നിബിനെയും അഞ്ചു വയസുകാരൻ നീലിനെയും ചാരത്തു ചേർത്തു നിറുത്തി തന്റെ പ്രിയ മാതാവിനെക്കുറിച്ചുള്ള സ്നേഹാർദ്ര സ്മരണകൾ പങ്കു വച്ചപ്പോൾ നിറയാത്ത കണ്ണുകളില്ലായിരുന്നു. തുടർന്ന് സീനയുടെ ഇളയ സഹോദരി സോഫി തന്റെ പ്രിയ ചേച്ചിയുടെ ബാല്യകാല കുസൃതികൾ മുതൽ നന്മ നിറഞ്ഞ കരുതലിന്റെയും സാഹോദര്യത്തിന്റെയും ഓർമ്മകൾ പങ്കു വച്ചത് ഹൃദയ ഭേദകമായി. യുക്മയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് മനോജ് കുമാർ പിള്ള , യുകെ ക്നാനായ കാത്തലിക് അസോസിയേഷനു വേണ്ടി പ്രസിഡന്റ് തോമസ് ജോസഫ് എന്നിവർ അനുശോചന സന്ദേശം നൽകി. സാലിസ്ബറി എൻ എച്ച് എസ് ഹോസ്പിറ്റൽ, സാലിസ്ബറി മലയാളി അസോസിയേഷൻ . സെന്റ് പോൾ ക്നാനായ മിഷൻ , സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി തുടങ്ങിയവരുടെ പ്രതിനിധികൾ അനുശോചനം രേഖപ്പെടുത്തി. ചടങ്ങുകൾക്ക് കാര്യക്ഷമമായ സൗകര്യങ്ങൾ ഏർപ്പെടുത്തി സാലിസ്ബറിയിലെ കുടുംബങ്ങൾ മാതൃകയായി .

സീനായുടെ ഭൗതിക ശരീരം ബുധനാഴ്ച്ച നാട്ടിലേക്ക് കൊണ്ടുപോകും, ഷിബുവും അടുത്ത കുടുംബാംഗങ്ങളും തിങ്കളാഴ്ച നാട്ടിലേക്ക് തിരിക്കും. മൃതസംസ്കാര ശുശ്രൂഷകൾ പതിനഞ്ചാം തിയതി വെള്ളിയാഴ്ച സ്വദേശമായ ഉഴവൂരിൽ നടക്കും. ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ ഉച്ചക്ക് മൂന്ന് മണിക്കാണ് സംസ്കാരം നടക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more