1 GBP = 107.38

ഇംഗ്ലണ്ട് പുതിയ ലോക ചാമ്പ്യൻ!!

ഇംഗ്ലണ്ട് പുതിയ ലോക ചാമ്പ്യൻ!!

സ്റ്റീഫൻ അലക്സ് ഇലവുങ്കൽ ലോഡ്സ്: ഇതാണ് ചരിത്രത്തിന്റെ കാവ്യനീതി. കളിത്തൊട്ടിലായ ലോഡ്സിൽ തന്നെ ക്രിക്കറ്റിന് ജന്മം നൽകിയ ഇംഗ്ലണ്ടിന്റെ ആദ്യ കിരീ​ടധാരണം. ചരിത്രത്തിൽ ആദ്യമായി സൂപ്പർ ഓവറിലെ അവസാന പന്തിൽ വിധിയെഴുതിയ ഫൈനലിൽ ന്യൂസീലൻഡിനെ തോൽപിച്ചാണ് ഇംഗ്ലണ്ട് ലോകചാമ്പ്യന്മാരായത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് ആതിഥേയ രാജ്യം ലോകചാമ്പ്യനാകുന്നത്. തുടർച്ചയായ രണ്ടാം തവണയും റണ്ണപ്പുകളായി തൃപ്തിയടയാനായി ന്യൂസീലൻഡിന്റെ വിധി. കഴിഞ്ഞ തവണ ഓസ്ട്രേലിയയോടെ ഏഴ് വിക്കറ്റിന് തോൽക്കാനായിരുന്നു കിവീസിന്റെ വിധി. മൂന്ന് തവണ റണ്ണറപ്പുകളായി നിരാശപ്പെട്ടശേഷമാണ് ഇംഗ്ലണ്ട് ലോകകപ്പ് ഉയർത്തിയത്. 1992ലായിരുന്നു അവരുടെ അവസാന ഫൈനൽ പോരാട്ടം. കഴിഞ്ഞ തവണ പ്രാഥമിക റൗണ്ടിൽ തന്നെ പുറത്താകാനായിരുന്നു അവരുടെ വിധി. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റൺസാണ് നേടിയത്. ന്യൂസീലൻഡ് ആറ് പന്തിൽ 15 റൺസെടുത്തെങ്കിലും നിശ്ചിത 50 ഓവറിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടി എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് വിജയികളായത്. ഇംഗ്ലണ്ട് 22 ഉം ന്യൂസീലൻഡ് 14 ഉം ബൗണ്ടറികളാണ് നേടിയത്. ട്രെൻഡ് ബോൾട്ട് എറിഞ്ഞ സൂപ്പർ ഓവറിൽ നിന്ന് ബെൻ സ്റ്റോക്സും ബട്ലറും ചേർന്ന് നേടിയത് 15 റൺസാണ്. ബട്ലർ മൂന്ന് പന്തിൽ നിന്ന് ഏഴും സ്റ്റോക്സ് മൂന്ന് പന്തിൽ നിന്ന് എട്ട് റൺസുമാണ് നേടിയത്. കിവീസിന് ജയിക്കാൻ വേണ്ടിയിരുന്നത് 16 റൺസ്. ഗുപ്ടലിലും നീഷമും ചേർന്നാണ് കിവീസിനു വേണ്ടി ബാറ്റ് ചെയ്തത്. ജൊഫ്ര ആർച്ചർ എറിഞ്ഞ ആദ്യ പന്ത് വൈഡായതോടെ കിവീസിന്റെ വിജയലക്ഷ്യം 6 പന്തിൽ നിന്ന് 15 റൺസായി. അടുത്ത പന്തിൽ നീഷം രണ്ട് റൺസെടുത്തു. രണ്ടാം പന്തിൽ നീഷം ഒരു പടുകൂറ്റൻ സിക്സ് നേടിയതോടെ ന്യൂസീലൻഡിന്റെ സ്വപ്നത്തിന് ജീവൻവച്ചു. അടുത്ത പന്തിൽ വീണ്ടും രണ്ട് റൺസ് നേടിയതോടെ ജയിക്കാൻ വേണ്ടത് അഞ്ച് റൺസായി. അടുത്ത പന്തിൽ വീണ്ടും ഡബിൾ. അഞ്ചാമത്തെ പന്തിൽ സിംഗിൾ. ആറാം പന്ത് നേരിട്ടത് ഗുപ്ടിൽ. ഒരു റണ്ണെടുത്തതോടെ മത്സരം ടൈയായി. അടുത്ത റണ്ണിനായി ഓടിയ ഗുപ്ടലിനെ ജയ്സൺ റോയ് സ്റ്റമ്പ് ചെയ്തതോടെ സൂപ്പർ ഓവറും ടൈയായി. അങ്ങനെയാണ് ബൗണ്ടറികളുടെ എണ്ണം വിധി നിർണയിച്ചത്. നിശ്ചിത 50 ഓവറിൽ ഇരു ടീമുകളും ടൈ ആയതോടെയാണ് സൂപ്പർ ഓവർ വേണ്ടിവന്നത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് 50 ഓവറിൽ 24്1 റൺസാണ് നേടിയത്. ഇംഗ്ലണ്ട് 50 ഓവറിൽ 241 റൺസിന് ഓൾഔട്ടായി. അവസാന പന്തിലാണ് അവർക്ക് അവസാന വിക്കറ്റ് നഷ്ടമായത്. അവസാന ഓവറിൽ ജയിക്കാൻ ഇംഗ്ലണ്ടിന് 15 റൺസായിരുന്നു വേണ്ടിയിരുന്നത്. ട്രെൻഡ് ബോൾട്ടായിരുന്നു ബൗളർ. ഇംഗ്ലണ്ടിനെ വിജയത്തീരത്തേയ്ക്ക് തുഴഞ്ഞെത്തിച്ച ബെൻ സ്റ്റോക്സ് സ്ട്രൈക്കറും. ആദ്യ രണ്ടു പന്തുകളിൽ റണ്ണെടുക്കാൻ കഴിയാതിരുന്ന സ്റ്റോക്സ് മൂന്നാംമത്തെയും നാലാമത്തെയും പന്തുകൾ അതിർത്തി കടത്തി. ഇതോടെ ഇംഗ്ലണ്ടിന് ജയിക്കാൻ മൂന്ന് പന്തിൽ നിന്ന് രണ്ട് റൺസായി. എന്നാൽ, ഓവറിലെ അഞ്ചാം പന്തിൽ ആദിൽ റഷീദ് റണ്ണൗട്ടായി. ഇതോടെ ഒരു വിക്കറ്റ് മാത്രം കൈയിലുള്ള ഇംഗ്ലണ്ടിന് അവസാന പന്തിൽ നിന്ന് ജയിക്കാൻ വേണ്ടിയിരുന്നത് രണ്ട് റൺസ്. വീണ്ടും ബോൾട്ടിനെ നേരിടുന്നത് സ്റ്റോക്സ്. എന്നാൽ, രണ്ടാം റണ്ണിനായി ഓടുന്നതിനിടെ മാർക്ക് വുഡ് റണ്ണൗട്ടായി. ഇതോടെ മത്സരം ടൈയായി. അങ്ങനെ സൂപ്പർ ഓവർ ആവശ്യമായി വന്നു. നിശ്ചിത 50 ഓവറിൽ റണ്ണെടുക്കാൻ പാടുപെടുകയായിരുന്നു ന്യൂസീലൻഡും ഇംഗ്ലണ്ടും. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തവർക്ക് ഏഴാം ഓവറിൽ തന്നെ ആഘാതമേറ്റു. ഗുപ്ടിൽ പുറത്ത്. പിന്നീട് ചെറിയ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ടുകൊണ്ടിരുന്നവരെ ഒരുപരിധി വരെ കരകയറ്റിയത് ഹെൻ​റി നിക്കോൾസും ക്യട്ടപ്റ്റൻകെയ്ൻ വില്ല്യംസണും ചേർന്നാണ്. നിക്കോൾസ് 55ഉം വില്ല്യംസൺ 30 ഉം റൺസെടുത്തു. ഇവരാണ് ടീം സ്കോർ 100 കടത്തിയത്. പിന്നീട് പേരിനെങ്കിലും പൊരുതിയത് 47 റൺസെടുത്ത ലഥാമാണ്. 241 റൺസ് താരതമ്യേന ദുർബലമായ സ്കോറായിരുന്നു കരുത്തുറ്റ ഇംഗ്ലീഷ് ബാറ്റിങ് നിരയ്ക്ക്. എന്നാൽ ലോഡ്സിൽ കണ്ടത് മറ്റൊരു കഥ. കിവീസ് ബൗളർമാരുടെ പേസിന് മുന്നിൽ ഇംഗ്ലണ്ട് പരുങ്ങുന്നതാണ് കണ്ടത്. ബെൻ സ്റ്റോക്സും ജോസ് ബട്ലറും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം ഇല്ലായിരുന്നെങ്കിൽ ദയനീയമായ പരാജയമാകുമായിരുന്നു അവരെ വരവേൽക്കുക. സൂപ്പർ ഓവർ വരെ ബാറ്റ് ചെയ്ത ബെൻ സ്റ്റോക് 98 പന്തിൽ നിന്ന് 84 റൺസെടുത്ത് പുറത്താകാതെ നിന്നു. ബട്ലർ 60 പന്തിൽ നിന്ന് 59 റൺസെടുത്ത് ഉറച്ച പിന്തുണ നൽകി. ജോണി ബെയർസ്റ്റോ 55 പന്തിൽ നിന്ന് 36 റൺസെടുത്തു. മൂന്ന് വിക്കറ്റ് വീതമെടുത്ത ഫെർഗൂസനും നീഷമും ഇംഗ്ലണ്ടിനെ മെരുക്കിയെങ്കിലും സ്റ്റോക്സിന്റെ കരുത്തിലും ക്ഷമയിലുമാണ് അവർ അസവാന ഓവറിൽ മത്സരം ടൈയാക്കി സൂപ്പർ ഓവറിലേയ്ക്ക് ആയുസ്സ് നീട്ടിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more