1 GBP = 106.82

മഴ മുടക്കിയ ഇന്ത്യ – ന്യൂസീലാൻഡ് മത്സരം ബുധനാഴ്ച പുനഃരാരംഭിക്കും

മഴ മുടക്കിയ ഇന്ത്യ – ന്യൂസീലാൻഡ് മത്സരം ബുധനാഴ്ച പുനഃരാരംഭിക്കും

സ്റ്റീഫൻ അലക്സ് ഇലവുങ്കൽ

മാഞ്ചസ്റ്റർ: ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന് മഴ വില്ലനായി. മഴ മുടക്കിയ മത്സരം റിസർവ് ദിനമായ ബുധനാഴ്ച പുനഃരാരംഭിക്കും. നാൽപത്തിയാറാം ഓവറിന്റെ ആദ്യ പന്തെറിഞ്ഞതിനുശേഷമാണ് മഴ പെയ്തു തുടങ്ങിയത്. പിന്നീട് ഇന്ത്യൻ സമയം രാത്രി 10.55 വരെ കാത്തുനിന്നശേഷമാണ് പിച്ച് പരിശോധിച്ച അമ്പയർമാരുടെ തീരുമാനം അനുസരിച്ച് മത്സരം ബുധനാഴ്ചത്തേയ്ക്ക് മാറ്റാൻ തീരുമാനിച്ചത്. ബുധനാഴ്ച 46.2 ഓവർ മുതലാവും മത്സരം തുടങ്ങുക. 3.5 ഓവർ കൂടിയാണ് ന്യൂസീലൻഡ് ഇന്നിങ്സിൽ ഇനി ശേഷിക്കുന്നത്.

മഴ മൂലം മത്സരം മുടങ്ങുമ്പോൾ 46.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തുനിൽക്കുകയായിരുന്നു ന്യൂസീലൻഡ്. 85 പന്തിൽ നിന്ന് 67 റൺസെടുത്ത റോസ് ടെയ്​ലറും നാലു പന്തിൽ നിന്ന് മൂന്ന് റൺസെടുത്ത ടോം ലഥാമുമായിരുന്നു ക്രീസിൽ. മാർട്ടിൻ ഗുപ്ടിൽ (1), ഹെൻ​റി നിക്കോൾസ് (28), ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൺ (67), നീഷാം (12), ഗ്രാന്ദ്ഹോം(16) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസീലൻഡിന് നഷ്ടമായത്.

ഇന്ത്യക്ക്ക്കുവേണ്ടി ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. റൺ വിട്ടുകൊടുക്കുന്നതിൽ ഭുവനേശ്വർ കുമാറും ബുംറയും ജഡേജയും കാട്ടിയ പിശുക്കാണ് മത്സരത്തിൽ ഇതുവരെ ഇന്ത്യയ്ക്ക് മേൽക്കൈ നേടിത്തന്നത്.

ഒരുവേള റണ്ണെടുക്കാനും വിക്കറ്റുകൾ കാക്കാനും കഷ്ടപ്പെട്ട കിവീസിനെ പേരിനെങ്കിലും കരകയറ്റിയത് ഹെൻ​റി നിക്കോൾസും കെയ്ൻ വില്ല്യംസണുമാണ്. രണ്ടാം വിക്കറ്റിൽ അവർ 68 റൺസെടുത്തു. പിന്നെ അർധസെഞ്ചുറിയോടെ റോസ് ടെയ്​ലറും ടീമിനെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ച് മത്സരത്തിൽ പിടിച്ചുനിർത്തി.

ആദ്യ റണ്ണെടുക്കാൻ മൂന്നോവർ വരെ കാത്തുനിൽക്കേണ്ടിവന്ന കിവീസ് ബാറ്റ്സ്മാന്മാർ 42-ാം ഓവർ വരെ റൺശരാശരി നാല് പോലും എത്തിക്കാൻ കഴിയാതെ ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഒരൊറ്റ സിക്സ് മാത്രമാണ് അവർക്ക് പറത്താൻ കഴിഞ്ഞത്. റൺറേറ്റ് കൂട്ടാൻ പ്രയത്നിച്ചുകൊണ്ടിരിക്കെയാണ് മഴ പെയ്ത് കളി മുടങ്ങിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more