സ്റ്റീഫൻ അലക്സ് ഇലവുങ്കൽ
സതാംപ്ടൺ: അഫ്ഗാനിസ്താനെ 62 റൺസിന് തോൽപ്പിച്ച് ലോകകപ്പിൽ സെമി ഫൈനൽ സാധ്യത നിലനിർത്തി ബംഗ്ലാദേശ്. ബംഗ്ലാദേശ് ഉയർത്തിയ 263 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ അഫാഗാനിസ്താന് 47 ഓവറിൽ 200 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. അർധ സെഞ്ചുറി നേടുകയും 10 ഓവറിൽ 29 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുക്കുകയും ചെയ്ത ഷാക്കിബ് അൽ ഹസന്റെ പ്രകടനമാണ് അഫ്ഗാനെ തകർത്തത്. ഷാക്കിബ് തന്നെയാണ് മാൻ ഓഫ് ദി മാച്ച്.
51 പന്തിൽ 49 റൺസ് എടുത്ത ഷമിയുള്ള ഷിൻവാരിയാണ് അഫ്ഗാന്റെ ടോപ് സ്കോറർ. റഹ്മത്ത് ഷായുടെ വിക്കറ്റാണ് അഫ്ഗാന് ആദ്യം നഷ്ടമായത്. 24 റൺസ് എടുത്ത റഹ്മത്ത് ഷായെ ഷാക്കിബ് അൽ ഹസൻ മടക്കി. ഹഷ്മത്തുള്ള ഷഹീദി 11 റൺസ് എടുത്ത് പുറത്തായി. 75 പന്തിൽ 47 റൺസുമായി ഗുൽബദിൻ നയിബ് പൊരിതി നോക്കിയെങ്കിലും ഷാക്കിബ് അൽ ഹസന് വിക്കറ്റ് നൽകി മടങ്ങി. നജീബുള്ള സദ്രാനൻ 23 റൺസ് എടുത്ത് പുറത്തായി. മുഹമ്മദ് നബി (0), ഇഖ്റാം അലി ഖിൽ (11) റഷീദ് ഖാൻ ( 2 ), ദാവ്ലത്ത് സദ്രാനൻ ( 0) മുജീബ് ഉർ റഹ്മാൻ (0) എന്നിവർ കാര്യമായ സംഭാവന നൽകാതെ മടങ്ങി.
ബംഗ്ലാദേശിന് വേണ്ടി 10 ഓവറിൽ 29 റൺസ് വഴങ്ങി ഷാക്കിബ് അൽ ഹസൻ അഞ്ച് വിക്കറ്റെടുത്തു. മുഷ്ഫിഖുർ റഹ്മാൻ, മൊസ്ദെക്ക് ഹൊസൈൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ ഒന്നാം ഇന്നിങ്സിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 262 റൺസ് എടുത്തു. മുഷ്ഫിഖുർ റഹിം, ഷാക്കിബ് അൽ ഹസൻ എന്നിവർ ബംഗ്ലാദേശിനായി അർധ സെഞ്ചുറികൾ നേടി.
ടീം സ്കോർ 23 ൽ നിൽക്കെ ഓപ്പണർ ലിട്ടൺ ദാസിനെ പുറത്താക്കി മുജീബ് ഉർ റഹ്മാൻ ബംഗ്ലാദേശിന് ആദ്യ പ്രഹരം ഏൽപ്പിച്ചു. ദാസ് 17 പന്തിൽ 16 റൺസ് എടുത്തു. 53 പന്തിൽ 36 റൺസ് എടുത്ത തമീം ഇക്ബാലിന്റെ വിക്കറ്റ് മുഹമ്മദ് നബി വീഴ്ത്തി. ഷാക്കിബ് അൽ ഹസൻ 69 പന്തിൽ 51 റൺസ് എടുത്ത് പുറത്തായി. 87 പന്തിൽ 83 റൺസ് എടുത്ത മുഷ്ഫിഖുർ റഹ്മാനാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. മുഹമ്മദുള്ള 27 റൺസും മൊസ്ദെക്ക് ഹൊസൈൻ 35 റൺസും എടുത്ത് പുറത്തായി. 2 റൺസുമായി മുഹമ്മദ് സെയ്ഫുദീൻ പുറത്താകാതെ നിന്നു.
അഫ്ഗാനിസ്താന് വേണ്ടി മുജീബ് ഉർ റഹ്മാൻ മൂന്നും ഗുലാബ്ദിൻ നബി രണ്ടും വിക്കറ്റ് എടുത്തു. ദൗലത്ത് സദ്റാൻ, മുഹമ്മദ് നബി എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
ജയത്തോടെ ഏഴ് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു ബംഗ്ലാദേശ്. കളിച്ച എല്ലാ മത്സരങ്ങളും തോറ്റ അഫ്ഗാനിസ്താൻ അവസാന സ്ഥാനത്താണ്
click on malayalam character to switch languages