1 GBP = 106.65

ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ശ്രീലങ്ക; വിജയം 20 റണ്‍സിന് !

ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ശ്രീലങ്ക; വിജയം 20 റണ്‍സിന് !

സ്റ്റീഫൻ അലക്സ് ഇലവുങ്കൽ

ലീഡ്സ്: ശ്രീലങ്ക ഉയർത്തിയ താരതമ്യേന ചെറുതെന്ന് തോന്നിച്ച വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ലങ്കൻ ബോളിങ്ങിന് മുന്നിൽ അടിതെറ്റി വീണു. 233 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ട് 47 ഓവറിൽ ലക്ഷ്യത്തിന് 20 റൺസ് അകലെ എല്ലാവരും പുറത്തായി. തകർപ്പൻ ബോളിങ്ങുമായി കളം നിറഞ്ഞ ലസിത് മലിംഗയും ധനജ്ഞയ ഡിസിൽവയുമാണ് ഇഗ്ലണ്ടിനെ തകർത്തത്. നാല് വിക്കറ്റുകൾ നേടിയ മലിംഗയാണ് കളിയിലെ താരം.

ഇംഗ്ലണ്ടിനായി ജോ റൂട്ടും ബെൻ സറ്റോക്സും അർധ സെഞ്ചുറികൾ നേടി. ഓപ്പണർ ജോണി ബെയർസ്റ്റോയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. റൺ ഒന്നും എടുക്കും മുന്നേ ബെയർസ്റ്റോയെ മലിംഗ പുറത്താക്കി. 89 പന്തിൽ 57 റൺസ് നേടിയ ജോ റൂട്ടിനെ മലിംഗ കുശാൽ പെരേരയുടെ കൈകളിൽ എത്തിച്ചു. ഓയിൻ മോർഗൻ 21 റൺസ് നേടി പുറത്തായി.

ഒരറ്റത്ത് അർധ സെഞ്ചുറിയുമായി ബെൻ സ്റ്റോക്ക് പൊരുതി നോക്കിയെങ്കിലും മറുവശത്ത് പിന്തുണ നൽകാൻ ആരും ഉണ്ടായിരുന്നില്ല. സ്റ്റോക്ക് 89 പന്തിൽ 82 റൺസുമായി പുറത്താകാതെ നിന്നു. ജോസ് ബട്ട്ലർ 10 റൺസും മോയിൻ അലി 16 റൺസും ക്രിസ് വോക്സ് രണ്ട് റൺസും ആദിൽ റഷീദ് ഒരു റണ്ണും ജോഫ്ര ആർച്ചർ മൂന്ന് റൺസും എടുത്ത് പുറത്തായി.

ശ്രീലങ്കയ്ക്കായി 10 ഓവറിൽ 43 റൺസ് വഴങ്ങി മലിംഗ നാല് വിക്കറ്റുകൾ വീഴ്ത്തി. ധനജ്ഞയ ഡിസിൽവ എട്ട് ഓവറിൽ 32 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് എടുത്തു. ഇസുരു ഉദന ഏഴ് ഓവറിൽ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. നുവാൻ പ്രദീപ് ഒരു വിക്കറ്റ് എടുത്തു. നേരത്തെ ഒന്നാം ഇന്നിങ്സിൽ ടോസ് വിജയിച്ച് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 232 റൺസ് എടുത്തു. 115 പന്തിൽ 85 റൺസ് നേടിയ ഏയ്ഞ്ചലോ മാത്യൂസാണ് ശ്രീലങ്കൻ നിരയിൽ ടോപ് സ്കോറർ.

ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ ആദ്യ ഓവറുകളിൽ തന്നെ ഇംഗ്ലീഷ് ബോളർമാർ ഞെട്ടിച്ചു. മൂന്ന് ഓവറിൽ നാല് റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ അവരുടെ രണ്ട് ഓപ്പണർമാരുടെ വിക്കറ്റുകളും നഷ്ടമായി. ഒരു റൺ എടുത്ത ദിമുത് കരുണരത്നയെ ജോഫ്ര ആർച്ചറും രണ്ട് റൺ എടുത്ത കുശാൽ പെരേരയെ ക്രിസ് വോക്സും പുറത്താക്കി.

തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ക്രീസിലെത്തിയ അവിഷ്ക ഫെർണാണ്ടോയാണ് ശ്രീലങ്കയുടെ റൺ റേറ്റ് ഉയർത്തിയത്. 39 പന്തിൽ 49 റൺസ് നേടിയ ഫെർണാണ്ടോ അർധ സെഞ്ചുറി തികയ്ക്കും മുന്നേ മാർക്ക് വുഡ് പുറത്താക്കി. ഭേദപ്പെട്ട രീതിയിൽ സ്കോർ ചെയ്തു വന്ന ശ്രീലങ്കയുടെ രണ്ട് വിക്കറ്റുകളാണ് 31-ാം ഓവറിൽ അടുത്തടുത്ത പന്തിൽ ആദിൽ റഷീദ് വീഴ്ത്തിയത്. 68 പന്തിൽ 46 റൺസ് എടുത്ത കുശാൽ മെൻഡിസിനെയും അക്കൗണ്ട് തുറക്കും മുമ്പേ ജീവൻ മെൻഡിസിനെയും റഷീദ് മടക്കി.

ഒരറ്റത്ത് അർധ സെഞ്ചുറിയുമായി ഏയ്ഞ്ചലോ മാത്യൂസ് പിടിച്ചു നിന്നെങ്കിലും മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ധനജ്ഞയ ഡിസിൽവ (29), തിസാര പെരേര (2), ഇസുറു ഉദാന( 6), ലസിത് മലിംഗ (1) എന്നിവർ കാര്യമായ സംഭാവന നൽകാതെ മടങ്ങി.
ഇംഗ്ലണ്ടിനായി എട്ട് ഓവറിൽ 40 റൺസ് വഴങ്ങി മാർക്ക് വുഡും 10 ഓവറിൽ 52 റൺസ് വഴങ്ങി ജോഫ്ര ആർച്ചറും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ആദിൽ റഷീദ് രണ്ട് വിക്കറ്റും ക്രിസ് വോക്സ് ഒരു വിക്കറ്റും വീഴ്ത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more