1 GBP = 106.79
breaking news

മലയാളികൾക്ക് ഐശ്വര്യത്തിന്റെ പൊൻപുലരിയായി ഇന്ന് വിഷു; മാന്യ വായനക്കാർക്ക് യുക്മ ന്യൂസിന്റെ വിഷു ദിനാശംസകൾ

മലയാളികൾക്ക് ഐശ്വര്യത്തിന്റെ പൊൻപുലരിയായി ഇന്ന് വിഷു; മാന്യ വായനക്കാർക്ക് യുക്മ ന്യൂസിന്റെ വിഷു ദിനാശംസകൾ

മലയാളികള്‍ക്ക് ഐശ്വര്യത്തിന്റെ പൊന്‍പുലരിയാണ് വിഷു. പുതുവര്‍ഷത്തിലേക്കുള്ള ചുവട്‌വെപ്പ്. സ്നേഹത്തിന്റെ കണിവെള്ളരിക്കൊപ്പം കണിക്കൊന്നയുടെ പീതവര്‍ണവും കൈനീട്ടത്തിന്റെ ഐശ്വര്യവും. മലയാളിക്ക് പ്രതീക്ഷയുടെ മാസമാണ് മേടം.

സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിവസമാണ് വിഷു സംക്രാന്തി. അതിന് പിറ്റേന്നാണ് വിഷു. കാര്‍ഷികസമൂഹമായ കേരളത്തിന്റെ ഭൂപ്രകൃതിയിലാകെ മാറ്റത്തിന്റെ കാലമാണിത്. വയലുകളില്‍ കര്‍ഷകന്‍ നിലമൊരുക്കി വിത്തിടീല്‍ തുടങ്ങുന്ന കാലം.

ഭൂമിശാസ്ത്രപരമായും ജ്യോതിശ്ശാസ്ത്രപരമായും വളരെയധികം പ്രാധാന്യമാണ് വിഷുവിനുള്ളത്. “വിഷു’ എന്ന പദത്തിനര്‍ത്ഥം തുല്യാവസ്ഥയോടു കൂടിയത് എന്നാണ്. രാവും പകലും തുല്യമായി വരുന്ന ദിനങ്ങളാണ് വിഷുദിനങ്ങള്‍. ഓരോ വര്‍ഷവും ഇപ്രകാരം രണ്ട് ദിവസങ്ങളുണ്ട്.

മേടം ഒന്നാം തീയതിയും തുലാം ഒന്നാം തീയതിയും. ഈ ദിവസങ്ങളില്‍ ഭൂമിയുടെ ഏതു ഭാഗത്തുള്ളവര്‍ക്കും ദിനവും രാത്രിയും തുല്യമായിരിക്കും. വിഷുവിന് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരേ മുകളില്‍ വരുന്നു.

വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്. അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്‍റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണന്‍, ഗരുഡനും, സത്യഭാമയുമൊത്ത് ഗരുഡാരൂഢനായി പ്രാഗ് ജ്യോതിഷത്തിലേക്ക് പ്രവേശിച്ചു. നരാകാസുരന്‍റെ നഗരമാണ് പ്രാഗ് ജ്യോതിഷം അവിടെച്ചെന്ന് നഗരത്തിന്‍റെ ഉപരിതലത്തില്‍ കൂടി ചുറ്റിപ്പറന്ന് നഗരസംവിധാനങ്ങളെല്ലാം നേരില്‍ക്കണ്ട് മനസ്സിലാക്കി. അതിനുശേഷം യുദ്ധമാരംഭിച്ചു.

ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ ആദിയായ അസുരശ്രേഷ്ഠന്മാരെയെല്ലാം അവര്‍ നിഗ്രഹിച്ചു. ഒടുവില്‍ നരകാസുരന്‍ തന്നെ പടക്കളത്തിലേക്ക് പുറപ്പെട്ടു. തുടര്‍ന്നു നടന്ന അത്യുഗ്രമായ യുദ്ധത്തില്‍ നരകാസുരന്‍ വധിക്കപ്പെട്ടു. ഈ വധം നടക്കുന്നത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്.

മറ്റൊരു ഐതീഹ്യം രാവണനുമായി ബന്ധപ്പെട്ടതാണ്. രാക്ഷസ രാജാവായ രാവണന്‍ ലങ്ക ഭരിക്കുന്ന കാലത്ത് അയാള്‍ സൂര്യനെ നേരേ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. രാവണന് ഇഷ്ടപ്പെടാതിരുന്ന കാലത്ത് വെയില്‍ കൊട്ടാരത്തിനകത്ത് കടന്നു ചെന്നു എന്നതാണിതിന് കാരണം. ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ ഉദിച്ചുള്ളൂ.

ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്.
വിഷുവിന്‍റെ തലേന്ന് ഗൃഹപരിസരങ്ങളിലെ ചപ്പും ചവറുമെല്ലാം അടിച്ച് വാരി കത്തിക്കുന്നത് രാവണവധം കഴിഞ്ഞ് ലങ്കാനഗരം ദഹിപ്പിക്കുന്നതിന്‍റെ പ്രതീകമായിട്ടാണെന്ന് വിശ്വസിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more