യുകെയിലെ ലോകത്തിലെ തന്നെ ഏറ്റവും വലിയതും കരുത്തുറ്റതുമായ മലയാളി പ്രസ്ഥാനമായ യുക്മ അതിന്റെ പോഷക സംഘടനയായ യുക്മ നഴ്സസ് ഫോറം വഴി യുകെയിലെ ആരോഗ്യമേഖലയിൽ തൊഴിൽ തേടുന്ന ഉദ്യോഗാർത്ഥികൾക്കായി സഹായം നൽകാൻ ഒരുക്കമാണെന്ന് യുക്മ പ്രസിഡൻറ് മാമ്മൻ ഫിലിപ്പ് വ്യക്തമാക്കി. യുകെയിൽ എൻ എംസി നടപ്പിലാക്കിയ പുതിയ പരിഷ്കാരങ്ങൾ യുകെയിലെ നിലവിലുള്ള ആയിരക്കണക്കിന് ഒഴിവുകളിലേക്ക് കേരളത്തിൽ നിന്നും ധാരാളം നഴ്സുമാർക്ക് അവസരമൊരുക്കുമെന്ന് അദ്ദഹം പറഞ്ഞു.
അനേകായിരം ഉദ്യോഗാർത്ഥികൾക്ക് ആശ്വാസ പ്രദവും പ്രതീക്ഷാനിർഭരവുമായി ഐ ഇ എൽ ടി എസ് ഭാഷാ പരിജ്ഞാന എഴുത്തുപരീക്ഷയിൽ ചില മാറ്റങ്ങൾ എൻ എം സി കഴിഞ്ഞ മാസം നിർദ്ദേശിച്ചിരുന്നു. എൻ എം സിയുടെ നിർദ്ദേശങ്ങൾക്ക് കൗൺസിൽ പൂർണ്ണയും അംഗീകാരം നൽകിക്കൊണ്ടാണ് പുതിയ പരിഷ്കാരങ്ങൾക്ക് അനുമതി നൽകിയത്. ഇന്നലെ മുതലാണ് പുതിയ പരിഷ്‌കാരങ്ങൾ പ്രാബല്യത്തിൽ വന്നത്. നേഴ്‌സുമാർക്ക് രജിസ്ട്രേഷന് ആവശ്യമായ ഐ ഇ എൽ ടി എസ് നിർദ്ദിഷ്ട സ്കോറിംഗ് ലെവൽ 7-ൽ നിന്നും 6.5 ആയി കുറയ്ക്കുവാനാണ് തീരുമാനമെടുത്തിരിക്കുന്നത് . നിലനിലുള്ള സംവിധാനമനുസരിച്ച് യുകെയിൽ നഴ്സിംഗ് മേഖലയിൽ തൊഴിലന്വേഷകരായ മുഴുവൻ വിദേശ നഴ്സുമാരും മിഡ് വൈഫുമാരും ഐ ഇ എൽ ടി എസ്ടെസ്റ്റിന്റെ എഴുത്ത്, വായന, ശ്രവണം, സംസാരം എന്നീ നാല് വിഭാഗങ്ങളിലും ചുരുങ്ങിയ സ്കോർ 7 ആണ് നിജപ്പെടുത്തിയിട്ടുള്ളത്. എന്നാൽ എഴുത്ത് പരീക്ഷയിൽ സ്കോർ 7-ൽ നിന്നും 6.5 കുറയ്ക്കുന്ന ഒരു നിർദ്ദേശമാണ് എൻ എം സി മുന്നോട്ട് വച്ചിരുന്നത്. അതാണ് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നത്. നിർദ്ദേശിക്കപ്പെട്ട ഈ മാറ്റങ്ങൾ ഐ ഇ എൽ ടി എസ് ന് മാത്രമാണ് ബാധകമെന്നും ഹെൽത്ത് കെയർ അധിഷ്ടിത പരിജ്ഞാന ടെസ്റ്റ് എന്ന നിലയിൽ OET യ്ക്ക് നിലവിലുള്ള രീതികളായിരിക്കും തുടരുകയെന്നത് എൻ എം സി അറിയിക്കുകയുണ്ടായി.
അതേസമയം എൻ എം സിയുടെ പുതിയ തീരുമാനങ്ങൾ പുറത്ത് വന്നതോടെ വിവിധ ഏജൻസികൾ ചാകര കൊയ്യാൻ രംഗത്ത് വന്നിട്ടുണ്ട്. പൂർണ്ണമായും സൗജന്യമായി ബ്രിട്ടനിലെ വിവിധ ട്രസ്റ്റുകൾ തന്നെ നേരിട്ട് ഇന്റർവ്യൂവുകൾ നൽകിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. സൗജന്യ വിമാന ടിക്കറ്റും താമസ സൗകര്യങ്ങളും നൽകിയാണ് ട്രസ്റ്റുകൾ പുതുതായി നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത്. എന്നാൽ ചില തത്പര കക്ഷികൾ ബ്രിട്ടനിലേക്ക് അയ്യായിരം നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് തങ്ങൾക്ക് കരാർ ലഭിച്ചുവെന്ന വ്യാജ പ്രചാരണങ്ങൾ നൽകി കേരളത്തിലെയും ബ്രിട്ടനിലെയും മാധ്യമങ്ങൾ വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വ്യാപകമാകുകയാണ്. ഇവരും നൽകുന്നത് സൗജന്യമായാണ് എല്ലാകാര്യങ്ങളും ചെയ്യുന്നതെന്നാണ്. എന്നാൽ ചതിക്കുഴികളൊരുക്കി ഏജൻസിയിൽ രെജിസ്റ്റർ ചെയ്യുന്നത് മുതൽ പല തരത്തിൽ അപേക്ഷകരിൽ നിന്ന് പണം പിടുങ്ങുന്നുവെന്ന് ഇതിനകം തന്നെ പരാതികൾ വന്നിട്ടുണ്ട്. മിക്കവാറും ബ്രിട്ടനിലെ എൻ എച്ച് എസ് ട്രസ്റ്റുകൾ ഇന്ത്യയിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും പ്രമുഖ നഗരങ്ങളിൽ നേരിട്ടെത്തി നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യുകയാണ് പതിവ്.
എന്നാൽ ഇതിൽ നിന്നെല്ലാം വിഭിന്നമായി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചില റിക്രൂട്ടിംഗ് ഏജൻസികൾ നടത്തുന്ന കള്ളക്കളികൾ യുക്മ നേതൃത്വത്തിനും യുകെയിലെ ഏക മലയാളി തൊഴിലാളി സംഘടനായ യുക്മ നേഴ്‌സസ് ഫോറത്തിനും ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ യുക്മ മുൻകൈയെടുത്ത് യുക്മ നേഴ്‌സസ് ഫോറത്തിന്റെ സഹകരണത്തോടെ ബ്രിട്ടനിലേക്ക് തൊഴിൽ തേടിയെത്താൻ ശ്രമിക്കുന്ന നേഴ്‌സുമാർക്ക് സഹായമൊരുക്കുകയാണ്. വിവിധ ട്രസ്റ്റുകൾ നൽകുന്ന വിവരങ്ങളും തൊഴിൽ അവസരങ്ങളെയും കുറിച്ചുള്ള വിവരങ്ങളും ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും നൽകുന്നതിനുള്ള സംവിധാനങ്ങൾ യുക്മ ഒരുക്കുകയാണ്. സാമ്പത്തികലാഭം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന റിക്രൂട്ടിംഗ് ഏജൻസികളുടെ ചതിയിൽപ്പെടാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ ഇതിനകം തന്നെ യുക്മ അംഗ അസ്സോസിയേഷനുകൾ വഴി നാട്ടിലെ ബന്ധു ജനങ്ങളിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. യുക്മയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുമെന്ന് പ്രസിഡന്റ് മാമൻ ഫിലിപ് പറഞ്ഞു. കൂടാതെ നേഴ്‌സസ് ഫോറം ബ്രിട്ടനിലേക്കെത്താൻ ശ്രമിക്കുന്ന നേഴ്‌സുമാർക്ക് ആവശ്യമായ സഹായം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട് ബ്രിട്ടനിലേക്ക് വരുന്ന നേഴ്‌സുമാർക്ക് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യു എൻ എഫ് അംഗങ്ങളുടെ സഹായവും ലഭ്യമാക്കും. അതാത് പ്രദേശത്ത് താമസിക്കുന്ന യു എൻ എഫ് അംഗങ്ങളും യുക്മ ഭാരവാഹികളും എയർപോർട്ട് മുതൽ ആവശ്യമായ സഹായങ്ങളൊരുക്കാനാണ് യുക്മയും നേഴ്‌സസ് ഫോറവും ഒരുങ്ങുന്നത്.
യുക്മ നഴ്സസ് ഫോറത്തിന്റെ സഹായം ആവശ്യമുള്ളവർ ലീഗൽ സെൽ അഡ്വൈസർ ശ്രീ. തമ്പി ജോസ്, നഴ്സസ് ഫോറം കൺവീനർ ശ്രീമതി. സിന്ധു ഉണ്ണി എന്നിവരെയോ താഴെ പറയുന്ന ഇമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണെന്ന് യുക്മ പ്രസിഡന്റ് അറിയിച്ചു.
[email protected]
click on malayalam character to switch languages