1 GBP = 106.79
breaking news

ഭരണകൂട ഭീകരതയ്ക്കെതിരെ , ധാര്‍ഢ്യത്തിന്നെതിരെ പൊരുതിമരിച്ച ധീരരായ രക്തസാക്ഷികളുടെ ഓര്‍മ്മക്കുമുന്നിൽ ഒരു പിടി രക്ത പുഷ്പങ്ങൾ; എല്ലാ മാന്യ വായനക്കാർക്കും യുക്മ ന്യൂസിന്റെ മെയ്ദിനാശംസകൾ

ഭരണകൂട ഭീകരതയ്ക്കെതിരെ , ധാര്‍ഢ്യത്തിന്നെതിരെ പൊരുതിമരിച്ച ധീരരായ രക്തസാക്ഷികളുടെ ഓര്‍മ്മക്കുമുന്നിൽ ഒരു പിടി രക്ത പുഷ്പങ്ങൾ; എല്ലാ മാന്യ വായനക്കാർക്കും യുക്മ ന്യൂസിന്റെ മെയ്ദിനാശംസകൾ

എഡിറ്റോറിയൽ

അധ്വാനിക്കുന്നവന്‍റെ അവകാശ ദിനമായ മെയ് ദിനമാണിന്ന്. തൊഴിലാളിയുടെ സാമ്പത്തികവും സാമൂഹ്യമായ ഉന്നമനം ലക്ഷ്യമിട്ടു ആഘോഷിക്കുന്ന മെയ് ദിനം .തൊഴിൽ സമയം എട്ടുമണിക്കൂറായി നിജയപ്പെടുത്തിയതിന്‍റെ ഓര്‍മ്മ പുതുക്കൽ കൂടിയാണ്.

1884ൽ Federation of Organized Trades and Labor Unions ഒരു പ്രമേയം പാസ്സാക്കി. 1886 മെയ് ഒന്നുമുതൽ 8 മണിക്കൂർ ജോലി എന്നത് ഒരു ദിവസത്തെ ജോലിയായി കണക്കാക്കപ്പെടും. നിയമപരമായ എല്ലാ വഴികളും അടഞ്ഞിരിക്കുന്നത് കൊണ്ട് മേല്‍പ്പറഞ്ഞ ആവശ്യം നേടിയെടുക്കുന്നതിനുവേണ്ടി പൊതു പണിമുടക്കിനും ആ പ്രമേയം ആഹ്വാനം ചെയ്തു. പത്തും പന്ത്രണ്ടും പതിനാലും മണിക്കൂർ ജോലി ചെയ്യുവാന്‍ നിര്‍ബന്ധിതരായിരുന്ന തൊഴിലാളികള്‍ക്കിടയിൽ ഈ ആഹ്വാനം ഒരു കാട്ടുതീ പോലെ പടര്‍ന്നു കയറി.
1886 ഏപ്രിൽ ആയതോടുകൂടി ഏതാണ്ട് 2,50,000 തൊഴിലാളികൾ മെയ് ദിന പ്രസ്ഥാനത്തിന്റെ ഭാഗമായി.
ചിക്കാഗോ ആയിരുന്നു ഈ പ്രസ്ഥാനത്തിന്റെ പ്രധാന കേന്ദ്രം. International Working People’s Association ആയിരുന്നു ഇതിന്റെ നേതൃസ്ഥാനത്ത്. ഭരണകൂടവും മുതലാളി വര്‍ഗവും ഈ മുന്നേറ്റത്തിന്റെ വിപ്ലവസ്വഭാവം കണ്ട് പരിഭ്രാന്തരായി. അതിനനുസരിച്ച് തന്നെ ഈ മുന്നേറ്റത്തെ എന്തു വിലകൊടുത്തും തകര്‍ക്കുവാനും അവർ തയ്യാറെടുത്തു. പോലീസിനും പട്ടാളത്തിനും പുതിയ ആയുധങ്ങൾ നല്‍കിയും കൂടുതൽ പേരെ വിന്യസിച്ചും തങ്ങളുടെ തയ്യാറെടുപ്പ് അവർ പൂര്‍ത്തിയാക്കി. എന്തായാലും മെയ് ഒന്നോടെ ഷൂ നിര്‍മ്മാണത്തൊഴിലാളികള്‍ക്കും തുണിമിൽ തൊഴിലാളികള്‍ക്കും ജോലി സമയത്തിൽ ഇളവുകിട്ടി. എങ്കിലും മറ്റു തൊഴിലാളികള്‍ക്കായി സമരം ശക്തമാക്കി.

1886 മെയ് മൂന്നിന് മക്കോര്‍മിക് റീപ്പർ ഫാക്ടറിയിലെ തൊഴിലാളികൾ നടത്തിയ സമരത്തിനു നേരെ പോലീസ് വെടിവെക്കുകയും നാലു തൊഴിലാളികൾ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ ഹൈ മാര്‍ക്കറ്റ് സ്ക്വയറിൽ ഒരു യോഗം ചേര്‍ന്നു. സമാധാനപരമായി നടന്ന യോഗത്തിന്റെ അവസാനഘട്ടമടുത്തപ്പോൾ ഒരു സംഘം പോലീസുകാർ വേദിയിലേക്ക് ഇരച്ചുകയറി. യോഗം നിര്‍ത്തിവെക്കാൻ അവർ ആവശ്യപ്പെടുന്നതിനിടെ എവിടെനിന്നോ വീണ ഒരു ബോംബ് പൊട്ടി ഒരു പോലീസുകാരൻ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന ലാത്തിച്ചാര്‍ജിലും പോലീസ് വെടിവെപ്പിലും ഒരു തൊഴിലാളി മരിക്കുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബോംബെറിഞ്ഞവരെക്കുറിച്ച് പ്രത്യേകിച്ച് തെളിവൊന്നും ഇല്ലായിരുന്നെങ്കിലും ഇത് ഒരു അവസരമായിക്കണ്ട് തൊഴിലാളിനേതാക്കളെയും പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്തു. അവരിലെ ഏറ്റവും പ്രമുഖരായ എട്ടുപേരെ കൊലപാതകത്തിനായുള്ള ഗൂഢാലോചനക്കുറ്റത്തിന് ഒരു കംഗാരു കോടതി കുറ്റക്കാരായി പ്രഖ്യാപിക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്തു.

ആല്‍ബര്‍ട്ട് പാര്‍സന്‍സ്, ആഗസ്റ്റ് സ്പൈസ്, അഡോള്‍ഫ് ഫിഷർ, ജോര്‍ജ്ജ് ഏങ്കൽ എന്നിവരെ 1887 നവംബർ 11ന്
ഈ വിധിപ്രകാരം തൂക്കിലേറ്റി. ലൂയിസ് ലിങ് എന്നയാള്‍ ഇതിനിടെ ആത്മഹത്യ ചെയ്തു. ശേഷിച്ച മൂന്നു പേര്‍ക്ക് (മൈക്കേൽ ഷ്വാബ്, സാമുവേൽ ഫീല്‍ഡെൻ, ഓസ്കാർ നീബെ)1893ൽ മാപ്പു ലഭിച്ചു.
ഹൈ മാര്‍ക്കറ്റ് സംഭവവും അതിനെത്തുടര്‍ന്നു നടന്ന ശിക്ഷാനടപടികളുമൊക്കെ ലോകമാസകലം മനുഷ്യസ്നേഹികളുടെ ശ്രദ്ധ പിടിച്ചുപറ്റി. വന്‍ പ്രതിഷേധം തന്നെ ഉയര്‍ന്നു. 1890 മെയ് ഒന്നു മുതൽ ജോലി സമയം എട്ടു മണിക്കൂറായിരിക്കുമെന്ന് അമേരിക്കന്‍ ഫെഡറേഷൻ ഓഫ് ലേബർ പ്രഖ്യാപിച്ചു. മെയ് ദിനം ഔദ്യോഗികമായി അംഗീകരിക്കാത്ത രാജ്യങ്ങളുടെ കൂട്ടത്തിൽ അമേരിക്കയും കാനഡയും ദക്ഷിണ ആഫ്രിക്കയുമാണുള്ളത്.

പോലീസിനെതിരെ ബോബെറിഞ്ഞു വെന്ന് കള്ളപ്രചരണം അഴിച്ചുവിട്ട്‌ ഈ അവകാശപ്രഖ്യാപന സമരത്തെ അതിക്രൂരമായി അടിച്ചമര്‍ത്താനാണ്‌ തൊഴിലാളി വിരുദ്ധഭരണകൂടം തീരുമാനിച്ചത്‌.ലാത്തിച്ചാര്‍ജ്ജിലും വെടിവെപ്പിലുമായി അനേകായിരം ആളുകള്‍ക്ക്‌ പരിക്കും നൂറുകണക്കിന് ജീവനും നഷ്ടപ്പെട്ടു.ചിക്കാഗോ നഗരമാകെ ചൊരക്കളമാക്കിമാറ്റിയ ഭരണകൂട ഭീകരതയ്ക്കെതിരെ , ധാര്‍ഢ്യത്തിന്നെതിരെ പൊരുതിമരിച്ച ധീരരായ രക്തസാക്ഷികളുടെ ഓര്‍മ്മക്കുമുന്നിൽ ഒരു പിടി രക്ത പുഷ്പങ്ങൾ അര്‍പ്പിച്ചുകൊണ്ടാണ്‌ ലോകത്തെങ്ങുമുള്ള അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗം ഈ ദിനം ആഘോഷപൂര്‍വ്വം കൊണ്ടാടുന്നത്‌.1886 ൽ ചിക്കാഗോവിലെ ലക്ഷക്കണക്കായ തൊഴിലാളികൾ നടത്തിയ അവകാശസമരത്തെ തല്ലിത്തകര്‍ക്കാൻ നേതൃത്വം കൊടുത്ത അതേവര്‍ഗ്ഗത്തിൽ പെട്ടവർ തന്നെയാണ്‌ ലോകത്താകമാനമുള്ള പണിയെടുക്കുന്നവന്റെ അവകാശ നിഷേധത്തിന്നായീ അവരുടെ ആവനാഴിയിലെ ആയുധങ്ങളൊക്കെ ഇന്നും
ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്‌.സാമ്രാജിത്ത അധിനിവേശത്തിനും മുതലാളിത്ത ചൂഷണത്തിന്നുമെതിരെയുള്ള ജനങ്ങളുടെ പ്രക്ഷോഭങ്ങൾ ഇന്നും ലോകത്തിന്റെ എല്ലാഭാഗത്തും നടന്നുകൊണ്ടിരിക്കുകയണ്‌.തൊഴിലാളികളെക്കൊണ്ട്‌ പരമാവധി പണിയെടുപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവർ യഥാസമയം ശമ്പളമോ മറ്റ്‌ ആനുകൂല്യങ്ങളോ നല്‍കാൻ ഇന്നും തയ്യാറാകുന്നില്ല. കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരുടെ സമരം തന്നെ ഏറ്റവും വലിയ ഉദാഹരണം. നീണ്ട സമരങ്ങൾക്കൊടുവിൽ സർക്കാരിനെക്കൊണ്ട് ശമ്പള വർദ്ധനവിന് വിജ്ഞാപനം പുറപ്പെടുവിക്കാൻ കഴിഞ്ഞ സമരശക്തിയെ മുതലാളി വർഗ്ഗം നഖശിഖാന്തം എതിർക്കുകയാണ്. വികസിത രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക്‌ ജോലിസ്ഥിരതയും ആനുകൂല്യങ്ങളും നഷ്ടപ്പെടുമ്പോൾ അവികസിതരാജ്യങ്ങളിലെ തൊഴിലാളികൾ കടുത്ത ചൂഷണത്തിനും നിലവിലുള്ള ജോലിതന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലുമാണ്‌.ആഗോളവല്‍ക്കരണവും സൈനിക മേധാവിത്തവും കൊണ്ട്‌ ലോകരാജ്യങ്ങളുടെ നിയന്ത്രണവും കൈപ്പിടിയിലൊതുക്കാൻ സാമ്രാജിത്ത ശക്തികൾ കൊണ്ടുപിടിച്ച്‌ ശ്രമിക്കുകയാണ്‌.ആഗോളസമ്പാത്താകെ ഏതാനും ബഹുരാഷ്ട്രകുത്തക കമ്പിനിളുടെ അധീനതയിൽ വരുകയും അവരെ മാത്രം സംരക്ഷിക്കാന്‍ ഭരണകൂടം തയ്യാറാകുകയും ചെയ്യുമ്പോൾ തൊഴിലില്ലായ്മയും സാമ്പത്തിക തകര്‍ച്ചയും വിലക്കയറ്റവും പട്ടിണിയുംകൊണ്ട്‌ ലോകത്തിലെ ഭൂരിപക്ഷം വരുന്ന ജനങ്ങൾ കഷ്ടപ്പാടും ദുരിതങ്ങളും അനുഭവിക്കുകയാണ്‌.

സാമ്രാജ്യത്ത ശക്തികളുടെയും ഭരണവര്‍ഗ്ഗത്തിന്റെയും കന്നാക്രമണങ്ങളെ ചെറുക്കാനും, വിനാശകരമായ അവരുടെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും വര്‍ഗ്ഗിയ ജാതിയ ഛിദ്ര ശിഥിലികരണ ശക്തികള്‍ക്കെതിരെ ശാക്തമായി നിലയുറപ്പിക്കാനും,ജനങ്ങളിൽ സ്നേഹവും സന്തോഷവും സഹകരണവും ഊട്ടി ഉറപ്പിക്കാനും ,തൊഴിലാളികളിൽ പുത്തൻ പ്രതീക്ഷകളുടെ നാമ്പുകൾ കിളിര്‍പ്പിക്കാനും ഈ സാര്‍വ്വദേശിയ തൊഴിലാളി ദിനത്തിന്ന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more