1 GBP = 105.50
breaking news

ഗാസ വെടിനിറുത്തൽ കരാർ അംഗീകരിച്ച് ഹമാസ്; ഇസ്രായേൽ നിലപാട് നിർണ്ണായകം

ഗാസ വെടിനിറുത്തൽ കരാർ അംഗീകരിച്ച് ഹമാസ്; ഇസ്രായേൽ നിലപാട് നിർണ്ണായകം

ഗസ്സ: ഖത്തര്‍ -ഈജിപ്ത് മധ്യസ്ഥതയില്‍ തയ്യാറാക്കിയ ഗസ വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് ഇസ്രായേല്‍. ഇസ്രായേലിന്റെ ആവശ്യങ്ങള്‍ പൂര്‍ണമായും പരിഗണിച്ച് കൊണ്ടുള്ളതല്ല കരാര്‍ എന്നും മധ്യസ്ഥരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതിന് പ്രതിനിധികളെ അയക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്‍ജമിന്‍ നെതന്യാഹു പ്രതികരിച്ചു.

കരാര്‍ നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതായി ഹമാസ് പ്രഖ്യാപിച്ചിരുന്നു. തീരുമാനം ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഇസ്മാഈല്‍ ഹനിയ്യ ചര്‍ച്ചയില്‍ മധ്യസ്ഥരായ ഖത്തറിനെയും ഈജിപ്തിനെയും അറിയിച്ചു. ഖത്തര്‍ പ്രധാനമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ആല്‍ഥാനിയെയും ഈജിപ്ഷ്യന്‍ ഇന്റലിജന്‍സ് മന്ത്രി അബ്ബാസ് കമാലിനെയും ഫോണില്‍ വിളിച്ചാണ് ഹനിയ്യ ഹമാസിന്റെ തീരുമാനം അറിയിച്ചത്.

കരാറിന് മൂന്ന് ഘട്ടങ്ങള്‍

42 ദിവസം വീതം ദൈര്‍ഘ്യമുള്ള മൂന്ന് ഘട്ടങ്ങളായാണ് കരാറിലെ നിര്‍ദേശങ്ങള്‍ നടപ്പാവുകയെന്ന് ഹമാസ് പോളിറ്റ് ബ്യൂറോ അംഗം ഖലീല്‍ ഹയ്യ, ‘അല്‍ ജസീറ’ ചാനലിനോട് സ്ഥിരീകരിച്ചു

വടക്കന്‍ ഗസ്സയെയും തെക്കന്‍ ഗസ്സയെയും വിഭജിക്കുന്ന തരത്തില്‍ ഇസ്രായേല്‍ നിര്‍മിച്ച നെറ്റ്‌സാരിം ഇടനാഴിയില്‍നിന്ന് ഇസ്രായേല്‍ സേന പിന്‍വാങ്ങണമെന്നതാണ് ആദ്യ ഘട്ടം. കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികളെ അവരവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരുന്നതും ഗസയിലേക്ക് മാനുഷിക സഹായവും ഇന്ധനവും ദുരിതാശ്വാസ സാമഗ്രികളും എത്തിക്കുന്നതിനും ഈഘട്ടത്തില്‍ അനുമതി നല്‍കും. കൂടാതെ, ഹമാസ് തടവിലാക്കിയ ഇസ്രായേലി സ്ത്രീകളെ വിട്ടയക്കും. ഓരോ ബന്ദിക്കും പകരം 50 ഫലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ മോചിപ്പിക്കണം.

രണ്ടാം ഘട്ടത്തിലാണ് പുരുഷ ബന്ദികളെ മോചിപ്പിക്കുക. ഇവര്‍ക്ക് പകരം വിട്ടയക്കുന്ന ഫലസ്തീന്‍ തടവുകാരുടെ എണ്ണം നിശ്ചയിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ ഇരുപക്ഷവും സൈനിക നടപടികള്‍ സ്ഥിരമായി അവസാനിപ്പിക്കും. ഗസയില്‍ നിന്ന് ഇസ്രായേല്‍ സേനയെ പൂര്‍ണമായി പിന്‍വലിക്കും.

മൂന്നാം ഘട്ടത്തില്‍ ഗസ്സക്കെതിരായ ഉപരോധം അവസാനിപ്പിക്കുന്നതും പുനര്‍നിര്‍മ്മാണ പദ്ധതി നടപ്പാക്കുന്നതും അടക്കമുള്ള വ്യവസ്ഥകളാണ് ഉള്‍പ്പെടുന്നത്.

റഫയിലെ സൈനിക നടപടികള്‍ തുടരും
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലും ഗസയിലെ സൈനിക നടപടികളുമായി മുന്നോട്ട് പോവാന്‍ ഇസ്രായേല്‍ യുദ്ധ കാബിനറ്റില്‍ തീരുമാനം. നഗരത്തിന്റെ കിഴക്കന്‍ ഭാഗത്ത് ഇസ്രായേല്‍ സൈന്യം കനത്ത ആക്രമണം അഴിച്ചുവിടുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more