ഇന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ നൂറാം ജന്മദിനം. ജീവിതം സമ്പൂര്‍ണതയിലെത്താനാണ് താന്‍ നിരന്തരം യാത്ര ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പറയുന്നു. ചിരിയുടെ തമ്പുരാന്റെ ജന്മശതാബ്ദി വലിയ ആഘോഷമാക്കുകയാണ് സഭ വിശ്വാസികള്‍.
വളരും തോറും നമ്മള് മറ്റുള്ളവരില്‍ നിന്നും അകലുകയാണോ അതോ അടുക്കുകയാണോ എന്ന കാര്യത്തില്‍ നമുക്ക് തന്നെ ഒരു ബോധം ഉണ്ടാകണമെന്ന് വലിയ മെത്രോപ്പോലീത്ത പറഞ്ഞു. ഭരണക്കാരുടെ അടിമകളാകരുത് ഭരണക്കാരെ ഭരിക്കുന്നവരാകണം പത്രപ്രവര്‍ത്തകര്‍ എന്നും അദ്ദേഹം പറഞ്ഞു. കോഴഞ്ചേരി മാരാമണ്‍ അരമനയില്‍ പത്തനംതിട്ട പ്രസ്ക്ലബ് നേതൃത്വത്തില്‍ ആദരിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്രങ്ങള്‍ അസത്യത്തെ സത്യമാക്കി പ്രചരിപ്പിക്കരുത്. അടിസ്ഥാന ആവശ്യങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കായി നിലകൊള്ളണം. രാഷ്ട്രീയക്കാരെക്കാള്‍ ലോകം നന്നാക്കാന്‍ കഴിയുന്നത് പത്രപ്രവര്‍ത്തകര്‍ക്കാണ്. എല്ലാ മനുഷ്യനും മനുഷ്യനായി ജീവിക്കുക എന്നതാണ് തെന്റ വലിയ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
1917 ഏപ്രില്‍ 27നാണ് പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ കലമണ്ണില്‍ കെ.ഇ ഉമ്മന്‍ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി ഫിലിപ്പ് ഉമ്മന്‍ ജനിച്ചത്. പിന്നീടിങ്ങോട്ട് നൂറു വര്‍ഷത്തെ ജീവിതത്തിനിടയില്‍ ചിരിയുടെ തമ്പുരാനായി മാറിയ മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് സന്തോഷങ്ങളെക്കാള്‍ സങ്കടങ്ങളായിരുന്നു കൂട്ട്. ക്രിസോസ്റ്റം തിരുമേനിയെന്നാല് വിശ്വസികള്‍ക്കും മറ്റുള്ളവര്‍ക്കും നര്‍മ്മത്തിന്റെ തമ്പുരാനാണ്. കുറിക്കു കൊള്ളുന്ന നര്‍മ്മമാണ് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയെ ആരാധാകരുടെ കൂട്ടുകാരനാക്കുന്നത്.
മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ബിരുദ പഠനത്തിന് തെരഞ്ഞെടുത്തത് ആലുവ യു.സി കോളജ് ആയിരുന്നു. അതിനു ശേഷം ബാംഗ്ലൂര്‍ യൂണിയന് തിയോളജിക്കല്‍ കോളജ്, കാന്റര്‍ബറി സെന്റ്.അഗസ്റ്റിന് കോളജ് എന്നിവിടങ്ങളില്‍ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തിയ അദ്ദേഹത്തിന് 1944ല്‍ ശെമ്മാശ, കശീശ്ശ സ്ഥാനങ്ങള്‍ ലഭിച്ചു.
1953ല്‍ എപ്പിസ്കോപ്പാ സ്ഥാനത്തെത്തിയ മാര്‍ ക്രിസോസ്റ്റം വിവിധ ഭദ്രാസനങ്ങളുടെ ചുമതലക്കാരനും മിഷണറി ബിഷപ്പായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1999 ഒക്ടോബര്‍ 23 ന് സഭയുടെ 20ാമത് മാര്‍ത്തോമാ മെത്രാപ്പൊലീത്തയായി സ്ഥാനമേറ്റ അദ്ദേഹം 2007ല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം സ്ഥാനത്യാഗം ചെയ്തു.
ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തക്ക് യുക്മ ന്യൂസിന്റെ ജന്മദിനാശംസകള്
click on malayalam character to switch languages