1 GBP = 107.32

യുകെയിലെ ചിറ്റാരിക്കാല്‍ സംഗമം ഡ്രൈവര്‍ ബിജുവിന് കൈത്താങ്ങായി….എല്ലാവരുടെയും സഹായം തേടുന്നു….

യുകെയിലെ ചിറ്റാരിക്കാല്‍ സംഗമം ഡ്രൈവര്‍ ബിജുവിന് കൈത്താങ്ങായി….എല്ലാവരുടെയും സഹായം തേടുന്നു….

കാസറഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന
ചിറ്റാരിക്കാലില്‍ നിന്നും അതിന്റെ പരിസരപ്രദേശമായ മണ്ഡപം, കടുമേനി, കമ്പല്ലൂര്‍, കണ്ണിവയല്‍, കാവുംതല, ചട്ടമല, ഗോക്കടവ്, കുളിനീര്‍, പാവല്‍, കാര എന്നീ ഗ്രാമങ്ങളില്‍ നിന്നും യുകെയില്‍ കുടിയേറി പാര്‍ത്ത കുറെ നല്ലവരായ കുറെ ആള്‍ക്കാരുടെ കൂട്ടായ്മയുടെ മൂന്നാമത് ചിറ്റാരിക്കാല്‍ സംഗമം കഴിഞ്ഞ 26ന് നോട്ടിംഗ്ഹാമില്‍ വച്ച് വളരെ ലളിതവും ഹൃദ്യവുമായ രീതിയില്‍ നടത്തുകയുണ്ടായി. അന്നേ ദിവസം എല്ലാവരും അന്യോന്യം പരിചയപ്പെടുകയും, പഴയകാല സ്മരണകള്‍ പങ്കു വയ്ക്കുകയും, സന്തോഷ് വാഴപ്പള്ളിയില്‍ അച്ചന്‍ നടത്തിയ ‘കുടുംബജീവിതത്തില്‍ മാതാപിതാക്കളുടെ കര്‍ത്തവ്യം’ എന്ന വിഷയത്തിലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുകയും അതിനു ശേഷം വളരെ രുചികരമായ ഭക്ഷണം കഴിക്കുകയും കുട്ടികളുടെ വളരെ രസകരമായ കലാപരിപാടികള്‍ കാണുകയും ഭാവി പരിപാടികള്‍ ആലോചിക്കുകയും ചെയ്തു. എന്നാല്‍ വളരെ അഭിമാനത്തോടെ ഒരു വലിയ ജോലി തോളില്‍ ഏറ്റിയാണ് ഓരോരുത്തരും സ്വന്തം വീട്ടിലേക്കു മടങ്ങിയത്. അത് മറ്റൊന്നുമല്ലായിരുന്നു. മറിച്ച് 8 മാസം മുമ്പ് കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തലയ്ക്കു അതി ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ ബിജുവിന് സാമ്പത്തിക സഹായം കൊടുക്കുകയെന്നതായിരുന്നു. കമ്മറ്റിയുടെ തീരുമാനപ്രകാരം സംഗമത്തിലെ എല്ലാവരോടും സഹായം അപേക്ഷിക്കുകയും അതിനായി ഒരു ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ് കൊടുക്കുകയും ചെയ്തിരുന്നു. സംഗമത്തില്‍ വരാന്‍ സാധിക്കാത്തവര്‍ അക്കൗണ്ടിലേക്കു പൗണ്ട് നീക്കുകയും സംഗമത്തില്‍ വന്നവര്‍ അന്നേ ദിവസം ചിറ്റാരിക്കാല്‍ ചാരിറ്റി കോര്‍ഡിനേറ്ററായ ശ്രീ. ഇളയനിത്തോട്ടത്തില്‍ ജോസഫിനെ ഓരോരുത്തരുടെയും സംഭാവന ഏല്പിച്ചു. ഇത് വരെ 1785 പൗണ്ടസ് സ്വരൂപിക്കുകയും ചെയ്തു.
ഈസ്റ്റ് എളേരി പഞ്ചായത്തിലെ ഉദയപുരത്ത് താമസിക്കുന്ന ലേലംപ്ലാക്കല്‍ ഡ്രൈവര്‍ ബിജു (45) വാഹനാപകടത്തില്‍ തലയ്ക്കു ഗുരുതരമായി പരിക്ക് പറ്റി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 2 ഓപ്പറേഷന്‍ നടത്തുകയും 5 ലക്ഷത്തിലധികം രൂപ ഇതിനോടകം ചെലവഴിക്കുകയും ചെയ്തു. ചിറ്റാരിക്കാലിലെ ഡ്രൈവര്‍മാരും നാട്ടുകാരും വളരെ സഹായിച്ചു. 2 വര്‍ഷത്തോളം വേണ്ടിവരും സുഖപ്പെടുവാന്‍ എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നത്. യാതൊരു ജോലിയും ചെയ്യുവാന്‍ സാധിക്കുന്നില്ല. ബിജുവിനെ ശുശ്രുഷിക്കേണ്ടതിനാല്‍ ഭാര്യക്ക് കൂലിപ്പണിക്ക് പോകുവാന്‍ പോലും സാധിക്കുന്നില്ല. പ്ലസ് 2വിലും പത്തിലും പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളാണ് ബിജുവിനുള്ളത്. മിച്ചഭൂമി പതിച്ചു കിട്ടിയ സ്ഥലത്താണ് വീട് വെച്ച് താമസിക്കുന്നത്. വീട് നിര്‍മാണത്തിനായി കടമെടുത്ത 2 ലക്ഷം രൂപയും പലിശയും ബാങ്കില്‍ കുടിശ്ശികയാണ്. ബിജുവിന്റെ ചികിത്സക്കും കുട്ടികളുടെ പഠനത്തിനും വീട്ടുചെലവിനും പണമില്ലാതെ അവര്‍ വിഷമിക്കുകയാണ്. ബിജുവിന്റെ കുടുംബത്തെ സഹായിക്കുവാന്‍ നിങ്ങള്‍ എല്ലാവരെയും അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ ഏവരുടെയും അകമഴിഞ്ഞ സംഭാവനകള്‍ ബിജുവിന് വേണ്ടി കൊടുക്കുക. ചെറുതും വലുതുമായ ഏതു സംഖ്യയും നിങ്ങള്‍ക്കിടാം. ഡിസംബര്‍ 31 മുമ്പായി നല്ലയൊരു തുക പിരിച്ചെടുക്കുവാനാണ് ഉദ്ദേശിക്കുന്നത്.
താഴെ കാണുന്ന അക്കൗണ്ടിലേക്കു നിങ്ങളുടേതായ സംഭാവനകള്‍ ഇടുവാന്‍
അപേക്ഷിക്കുന്നു.
Bank Name : HSBC
Account No. 13929264
Sort Code: 40 38 04
Name: J T Elayanithottathil
ചിറ്റാരിക്കാല്‍ സംഗമം യുകെയുടെ ചാരിറ്റി കമ്മിറ്റി അംഗങ്ങള്‍: ജോസഫ് ഇളയാനിതോട്ടത്തില്‍, ബെന്നി അഗസ്റ്റിന്‍ കിഴക്കേല്‍, ബാല സജീവ് കുമാര്‍, മൈക്കിള്‍ പുള്ളോലില്‍, ജേക്കബ് നടുവിലേക്കൂറ്റ്, ജസ്റ്റിന്‍ തയ്യില്‍.
നാലാമത് ചിറ്റാരിക്കാല്‍ സംഗമം അടുത്ത വര്‍ഷം 2017 ജൂണ്‍ 24ന് ഓക്‌സ്‌ഫോര്‍ഡില്‍ വച്ച് മൈക്കിള്‍ പുള്ളോലിലിന്റെ നേതൃത്വത്തില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more