1 GBP = 122.47
breaking news

ഇന്ത്യയിലേക്കുള്ള യാത്ര ഇനി കൂടുതൽ ലളിതം; ടൂറിസ്റ്റ് വിസയ്ക്ക് പകരം രണ്ട് വിഭാഗങ്ങളിലായി വിസിറ്റർ വിസ

ഇന്ത്യയിലേക്കുള്ള യാത്ര ഇനി കൂടുതൽ ലളിതം; ടൂറിസ്റ്റ് വിസയ്ക്ക് പകരം രണ്ട് വിഭാഗങ്ങളിലായി വിസിറ്റർ വിസ

ന്യൂഡൽഹി: വിദേശ വിനോദസഞ്ചാരികൾക്കും മറ്റ് അന്താരാഷ്ട്ര യാത്രക്കാർക്കും ഇന്ത്യയിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കാൻ വിസാ സംവിധാനത്തിൽ നിർണായക പരിഷ്‌കാരങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിലവിലുണ്ടായിരുന്ന ടൂറിസ്റ്റ് വിസയ്ക്ക് പകരമായി രണ്ട് വിഭാഗങ്ങളിലുള്ള വിസിറ്റർ വിസകൾ അവതരിപ്പിച്ചതാണ് പ്രധാന മാറ്റം. ടൂറിസം, ബിസിനസ്, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കുള്ള വിസാ നടപടികൾ കൂടുതൽ ലളിതമാക്കുകയാണ് ലക്ഷ്യം.

പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി പ്രധാന വിസാ വിഭാഗങ്ങളുടെ എണ്ണം 13-ൽ നിന്ന് ഒൻപതായി കുറച്ചു. ഉപവിഭാഗങ്ങളുടെ എണ്ണം 49-ൽ നിന്ന് 23 ആയും ചുരുക്കിയിട്ടുണ്ട്. വിവിധ യാത്രാ ആവശ്യങ്ങൾക്കായി പ്രത്യേകം വിസകൾ തേടേണ്ട സാഹചര്യം ഒഴിവാക്കി കൂടുതൽ ആവശ്യങ്ങൾ രണ്ട് വിസിറ്റർ വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതിയ സംവിധാനത്തിൽ ഹ്രസ്വകാല യാത്രകൾക്കായി വി-1 (V-1) വിസിറ്റർ വിസ ലഭ്യമാകും. 30 ദിവസത്തെ കാലാവധിയുള്ള ഈ വിസയിൽ ഒന്നിലധികം തവണ ഇന്ത്യയിൽ പ്രവേശിക്കാനാകും. വിനോദസഞ്ചാരം, ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കൽ, ഹ്രസ്വകാല ബിസിനസ് മീറ്റിങ്ങുകൾ, മെഡിക്കൽ കൺസൾട്ടേഷൻ, ചെറിയ ചികിത്സകൾ എന്നിവയ്ക്കാണ് പ്രധാനമായും ഈ വിഭാഗം അനുവദിക്കുന്നത്.

യോഗ, വെൽനെസ് പരിപാടികൾ, ഇന്ത്യൻ ഭാഷകൾ, സംഗീതം, കല, പരമ്പരാഗത കരകൗശല വിദ്യകൾ എന്നിവയിലെ ഹ്രസ്വകാല പരിശീലന കോഴ്‌സുകളിലും പങ്കെടുക്കാൻ വി-1 വിസ ഉപയോഗിക്കാം.

കൂടുതൽ കാലയളവിലേക്ക് ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കായി വി-2 (V-2) വിസിറ്റർ വിസ അവതരിപ്പിച്ചിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യവും യോഗ്യതയും പരിഗണിച്ച് ഒന്ന്, അഞ്ച്, പത്ത് വർഷം കാലാവധിയുള്ള വിസകൾ അനുവദിക്കാനാണ് തീരുമാനം. ദീർഘകാലത്തേക്ക് ഇന്ത്യ സന്ദർശിക്കേണ്ട വിദേശ പൗരന്മാർക്ക് ഇത് കൂടുതൽ സൗകര്യപ്രദമാകും.

വിസാ അപേക്ഷാ നടപടികളും ഓൺലൈൻ സംവിധാനത്തിലൂടെ ലളിതമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഇ-വിസ സൗകര്യം നിലവിൽ 172 രാജ്യങ്ങളിലെ പൗരന്മാർക്ക് ലഭ്യമാണ്. അപേക്ഷ അംഗീകരിച്ചാൽ ഇമെയിൽ വഴി ലഭിക്കുന്ന ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ETA) യാത്രക്കാർക്ക് ഇന്ത്യയിലെത്തുമ്പോൾ ഇമിഗ്രേഷൻ വിഭാഗത്തിൽ ഹാജരാക്കാം.

വിസാ വിഭാഗങ്ങളുടെ എണ്ണം കുറയ്ക്കുകയും യാത്രയുടെ സ്വഭാവമനുസരിച്ച് അപേക്ഷാ നടപടികൾ ഏകീകരിക്കുകയും ചെയ്തതിലൂടെ വിദേശ യാത്രക്കാർക്ക് ഇന്ത്യ സന്ദർശിക്കുന്നത് കൂടുതൽ എളുപ്പമാകുമെന്നാണ് പ്രതീക്ഷ. വിനോദസഞ്ചാര മേഖലയ്ക്കും ബിസിനസ് യാത്രകൾക്കും മെഡിക്കൽ ടൂറിസത്തിനും പുതിയ പരിഷ്‌കാരം ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more