1 GBP = 122.47
breaking news

നോർത്തേൺ അയർലൻഡിൽ ആംബുലൻസിൽ നിന്ന് രോഗികളുടെ കൈമാറ്റത്തിന് രണ്ട് മണിക്കൂർ പരിധി; ശൈത്യകാലത്ത് ലക്ഷ്യം കൈവരിക്കുക വെല്ലുവിളിയെന്ന് ഡോക്ടർമാർ

നോർത്തേൺ അയർലൻഡിൽ ആംബുലൻസിൽ നിന്ന് രോഗികളുടെ കൈമാറ്റത്തിന് രണ്ട് മണിക്കൂർ പരിധി; ശൈത്യകാലത്ത് ലക്ഷ്യം കൈവരിക്കുക വെല്ലുവിളിയെന്ന് ഡോക്ടർമാർ

അത്യാഹിത വിഭാഗങ്ങളിൽ രോഗികളെ ആംബുലൻസുകളിൽ നിന്ന് ആശുപത്രിയിലേക്ക് കൈമാറുന്നതിനുള്ള കാത്തിരിപ്പ് പരമാവധി രണ്ട് മണിക്കൂറായി പരിമിതപ്പെടുത്തുന്ന ‘റിലീസ് ടു റെസ്‌ക്യൂ’ പദ്ധതി ശൈത്യകാലത്ത് നടപ്പാക്കുക വലിയ വെല്ലുവിളിയാകുമെന്ന് മുതിർന്ന ഡോക്ടർ. റോയൽ കോളജ് ഓഫ് എമർജൻസി മെഡിസിനിലെ ഡോ. മൈക്കൽ പെറി ആണ് മുന്നറിയിപ്പ് നൽകിയത്.

പദ്ധതി നടപ്പാക്കിയ ഈ വർഷം മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള ആദ്യ നാല് മാസങ്ങളിൽ 2,000-ത്തിലധികം ആംബുലൻസ് കൈമാറ്റങ്ങൾ രണ്ട് മണിക്കൂർ പരിധി ലംഘിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ആറായിരത്തിലധികം ഇത്തരം സംഭവങ്ങളുണ്ടായിരുന്നുവെന്നും പുതിയ പദ്ധതി പുരോഗതി കൈവരിച്ചതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

അതിനിടെ, കൗണ്ടി ഡൗണിൽ താമസിക്കുന്ന 85കാരനായ വില്യം മർഫിക്ക് വീട്ടിൽ അസുഖം ബാധിച്ചതിനെ തുടർന്ന് ആംബുലൻസ് ലഭിക്കാൻ 12 മണിക്കൂറിലധികം കാത്തിരിക്കേണ്ടിവന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ ഓക്സിജന്റെ അളവ് അപകടകരമാംവിധം കുറഞ്ഞ നിലയിലായിരുന്നു. അൾസ്റ്റർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന് വാർഡിലേക്ക് മാറ്റാൻ ഏകദേശം രണ്ട് ദിവസവും കാത്തിരിക്കേണ്ടിവന്നു.

ആശുപത്രികളിലെ രോഗികളുടെ തിരക്കും കിടക്കകളുടെ ലഭ്യതക്കുറവുമാണ് ആംബുലൻസ് കൈമാറ്റം വൈകുന്നതിന് പ്രധാന കാരണമെന്ന് ഡോ. പെറി ചൂണ്ടിക്കാട്ടി. ശൈത്യകാല രോഗങ്ങൾ വർധിക്കുന്നതോടെ അത്യാഹിത വിഭാഗങ്ങളിലെ സമ്മർദം ഇനിയും ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

ആംബുലൻസ് സേവനത്തിനുള്ള ആവശ്യകത പ്രതിവർഷം മൂന്ന് മുതൽ അഞ്ച് ശതമാനം വരെ വർധിക്കുന്നതായി യൂണൈറ്റ് യൂണിയൻ പ്രതിനിധി നോർമൻ കണ്ണിങ്ഹാമും വ്യക്തമാക്കി. ആശുപത്രികൾക്ക് പുറത്ത് ആംബുലൻസുകൾ കാത്തുകിടക്കുന്നത് മാത്രമല്ല, ഗുരുതരാവസ്ഥയിലുള്ള രോഗികൾ വീടുകളിൽ ആംബുലൻസിനായി കാത്തിരിക്കേണ്ടിവരുന്നതും വലിയ ആശങ്കയാണെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി നടപ്പാക്കുന്നതിൽ പുരോഗതിയുണ്ടെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും, ആശുപത്രികളിലെ തിരക്കും ജീവനക്കാരുടെയും കിടക്കകളുടെയും കുറവും പരിഹരിക്കാതെ ലക്ഷ്യം പൂർണമായി കൈവരിക്കുക പ്രയാസമാകുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more