1 GBP = 125.08
breaking news

ബ്രിട്ടനിലെ രണ്ടാമത്തെ സൈനിക താവളത്തിൽ നിന്നും 12-ലധികം യുഎസ് സൈനിക വിമാനങ്ങൾ പിൻവാങ്ങി; ഇറാൻ ഭീഷണിയെന്ന് റിപ്പോർട്ട്

ബ്രിട്ടനിലെ രണ്ടാമത്തെ സൈനിക താവളത്തിൽ നിന്നും 12-ലധികം യുഎസ് സൈനിക വിമാനങ്ങൾ പിൻവാങ്ങി; ഇറാൻ ഭീഷണിയെന്ന് റിപ്പോർട്ട്

ലണ്ടൻ: ബ്രിട്ടനിലെ രണ്ടാമത്തെ സൈനിക താവളമായ സഫോക്കിലെ RAF മിൽഡൻഹാളിൽ നിന്ന് 12-ലധികം യുഎസ് വ്യോമസേനാ വിമാനങ്ങൾ മറ്റ് താവളങ്ങളിലേക്ക് മാറ്റി. ഇറാനുമായി ബന്ധപ്പെട്ട പുതിയ സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് വിമാനങ്ങൾ മാറ്റിയതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി പത്തിലധികം KC-135 ഇന്ധനം നിറയ്ക്കുന്ന ടാങ്കർ വിമാനങ്ങളാണ് മിൽഡൻഹാളിൽ നിന്ന് പറന്നുപോയത്. ജർമനി, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങളിലേക്കും സ്കോട്ട്ലൻഡിലെ പ്രെസ്റ്റ്വിക്ക് വിമാനത്താവളത്തിലേക്കുമാണ് ചില വിമാനങ്ങൾ പോയത്. മൂന്ന് ഓസ്പ്രേ വിമാനങ്ങളും താവളം വിട്ടിട്ടുണ്ട്.

നേരത്തെ ഇറാനുമായി ബന്ധപ്പെട്ട സുരക്ഷാ ഭീഷണിയെത്തുടർന്ന് ഗ്ലോസ്റ്റർഷയറിലെ RAF ഫെയർഫോർഡിൽ നിന്ന് യുഎസ് ബോംബർ വിമാനങ്ങൾ പിൻവലിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തതായും ഒരാളെ ചോദ്യം ചെയ്തശേഷം നാഷണൽ സെക്യൂരിറ്റി ആക്ട് പ്രകാരം കുറ്റം ചുമത്തിയതായും റിപ്പോർട്ടുണ്ട്.

അതേസമയം, ബ്രിട്ടനിലെ സൈനിക താവളങ്ങളുടെ സുരക്ഷയ്ക്ക് ഉയർന്ന മുൻഗണന നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വിമാനങ്ങൾ മാറ്റിയത് പതിവ് പ്രവർത്തനങ്ങളുടെ ഭാഗമായിരിക്കാമെന്നും പരിശീലനം, കാലാവസ്ഥ, സുരക്ഷാ മുൻകരുതൽ തുടങ്ങിയ കാരണങ്ങളാകാമെന്നും മുൻ വ്യോമസേനാ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

വിമാനങ്ങൾ മാറ്റാനുള്ള കൃത്യമായ കാരണം സംബന്ധിച്ച് അമേരിക്കയോ ബ്രിട്ടനോ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more