1 GBP = 125.08
breaking news

യൂറോപ്പിലെ സൂപ്പർമാർക്കറ്റുകളിലെ സൈബർ ആക്രമണത്തിന് പിന്നിൽ ഇറാനെന്ന് ഫ്രാൻസ്; നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്

യൂറോപ്പിലെ സൂപ്പർമാർക്കറ്റുകളിലെ സൈബർ ആക്രമണത്തിന് പിന്നിൽ ഇറാനെന്ന് ഫ്രാൻസ്; നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്

പാരിസ്: ഫ്രാൻസിൽ നൂറുകണക്കിന് സൂപ്പർമാർക്കറ്റുകളിലെ റഫ്രിജറേറ്ററുകളും ഫ്രീസറുകളും പ്രവർത്തനരഹിതമാക്കിയ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡാണെന്ന് (ഐ.ആർ.ജി.സി) ഫ്രഞ്ച് അധികൃതർ ആരോപിച്ചു. സംഭവത്തിൽ ഇറാന് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഫ്രാൻസ് മുന്നറിയിപ്പ് നൽകി.

ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബറോയാണ് ഇറാനെതിരെ ഔദ്യോഗിക ആരോപണം ഉന്നയിച്ചത്. ഇറാന്റെ അംബാസഡറെ ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തിയതായും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ യൂറോപ്യൻ യൂണിയൻ തലത്തിൽ ഇറാനെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഫെബ്രുവരിയിൽ ആരംഭിച്ച ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സൈബർ ആക്രമണങ്ങളിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിയ സംഭവങ്ങളിലൊന്നാണ് ഫ്രാൻസിലേത്. യുദ്ധം ആരംഭിച്ചതിനുശേഷം വിവിധ രാജ്യങ്ങളിലെ പൊതുസേവന സംവിധാനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഒറ്റപ്പെട്ട സൈബർ ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.

മാർച്ചിൽ ലോസ് ആഞ്ചലസിലെ ഗതാഗത സംവിധാനത്തിനെതിരെയും ജൂലൈയിൽ അമേരിക്കയിലെ ജലശുദ്ധീകരണ പ്ലാന്റുകൾക്കെതിരെയും ആഗസ്റ്റിൽ അമേരിക്കയിലേക്ക് പോകുകയായിരുന്ന കപ്പലുകളുമായി ബന്ധപ്പെട്ട സംവിധാനങ്ങൾക്കെതിരെയും സമാനമായ സൈബർ ഇടപെടലുകൾ നടന്നതായി ആരോപണമുയർന്നിരുന്നു. അതേസമയം ആക്രമണത്തെക്കുറിച്ച് പ്രതികരണം തേടി ഐക്യരാഷ്ട്രസഭയിലെ ഇറാൻ സംഘത്തെ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല.

ഒക്ടോബർ 11-ന് നടന്ന സൈബർ ആക്രമണത്തിൽ സൂപ്പർമാർക്കറ്റുകളിലെ റഫ്രിജറേറ്ററുകളുടെയും ഫ്രീസറുകളുടെയും താപനില നിയന്ത്രണ സംവിധാനങ്ങളിൽ ഹാക്കർമാർ കടന്നുകയറി താപനില അസാധാരണമായി ഉയർത്തുകയായിരുന്നു. ഇതോടെ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കേണ്ട തണുത്ത അന്തരീക്ഷം ഇല്ലാതായി. ചില ഉപകരണങ്ങളിൽ താപനില അപകടകരമായ രീതിയിൽ ഉയർന്നതിനെത്തുടർന്ന് തീപിടിത്തം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.

ആക്രമണത്തിന് പിന്നാലെ നിരവധി സൂപ്പർമാർക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന മാംസം, മത്സ്യം, പാലുൽപ്പന്നങ്ങൾ, ഐസ്‌ക്രീം തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഉപയോഗശൂന്യമായി. ഇത് സാമ്പത്തിക നിലയെയും സാരമായി ബാധിച്ചു. ഫ്രാൻസിലുടനീളം ഉണ്ടായ നഷ്ടം കോടിക്കണക്കിന് യൂറോ വരെയാകാമെന്നാണ് കണക്കുകൂട്ടൽ.

ഒക്ടോബറിലെ ആക്രമണത്തിന് പിന്നാലെ ഈ മാസം യൂറോപ്പിലെ നൂറിലധികം സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് വീണ്ടും സൈബർ ആക്രമണങ്ങളുടെ രണ്ടാം തരംഗമുണ്ടായിരുന്നു. ഫ്രാൻസിലെ രക്തബാങ്കുകളിൽ ഉപയോഗിക്കുന്ന ശീതീകരണ സംവിധാനങ്ങളെയും ഇത് ബാധിച്ചു.

ഫ്രഞ്ച് ചാരസംഘടനകളും സൈബർ സുരക്ഷാ ഏജൻസികളും സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചതായി ആരോപിക്കപ്പെടുന്ന വിഭാഗത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ഇറാന്റെ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള സൈബർ ആക്രമണ വിഭാഗമായ ‘ശാഹിദ് കാവെ’ ആണ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയതെന്നാണ് ഫ്രഞ്ച് അധികൃതരുടെ ആരോപണം. കൂടാതെ ആക്രമണത്തിന് ഉത്തരവാദികളെന്ന് സംശയിക്കുന്നവർക്കെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിക്കണമെന്ന് പാരീസ് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്

യൂറോപ്പിലെ റഫ്രിജറേറ്ററുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് മുമ്പ് അമേരിക്കയിലും സമാനമായ സംഭവം നടന്നിരുന്നു. ആഗസ്റ്റിൽ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലെ കുറഞ്ഞത് ആറ് കാന്റീനുകളിലും സൈനികർക്കുള്ള സാധനങ്ങൾ വിൽക്കുന്ന സ്റ്റോറുകളിലും സ്ഥാപിച്ചിരുന്ന റഫ്രിജറേറ്ററുകൾ പ്രവർത്തനരഹിതമായി. ഇത് സാധാരണ സാങ്കേതിക തകരാറല്ലെന്നും സൈബർ ആക്രമണമായിരിക്കാമെന്നും പെന്റഗൺ അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ അമേരിക്കൻ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥർ ഫ്രഞ്ച് അധികൃതരുമായി സഹകരിക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more