2027 സെപ്റ്റംബർ മുതൽ പുതിയ മാർഗനിർദേശങ്ങൾ; സ്കൂൾ സമയത്ത് വിദ്യാർഥികളുടെ കൈവശം മൊബൈൽ ഫോണുകൾ അനുവദിക്കില്ല
ലണ്ടൻ: ഇംഗ്ലണ്ടിലെ സ്കൂളുകളിൽ വിദ്യാർഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ സർക്കാർ. പുതിയ നിർദേശങ്ങൾ നിലവിൽ വരുന്നതോടെ സ്കൂൾ സമയത്ത് വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകൾ കൈവശം വയ്ക്കാൻ പോലും അനുവാദമുണ്ടാകില്ല. ബാഗിലോ പോക്കറ്റിലോ ഫോൺ സൂക്ഷിക്കുന്നതിനും വിലക്കേർപ്പെടുത്താനാണ് തീരുമാനം. 2027 സെപ്റ്റംബർ മുതൽ പുതിയ മാർഗനിർദേശങ്ങൾ നടപ്പാക്കും.
നിലവിൽ ചില സ്കൂളുകളിൽ പിന്തുടരുന്ന ‘നോ സീ, നോ ഹിയർ’ (No See, No Hear) നയപ്രകാരം വിദ്യാർഥികൾക്ക് ഫോൺ ഉപയോഗിക്കാതെയും ശബ്ദമുണ്ടാക്കാതെയും ബാഗുകളിൽ സൂക്ഷിക്കാം. എന്നാൽ പുതിയ നിർദേശം ഈ രീതിയും അവസാനിപ്പിക്കും. ജൂണിൽ പ്രാബല്യത്തിൽ വന്ന നിയമപരമായ മാർഗനിർദേശങ്ങൾ പ്രകാരം സ്കൂളുകളും വിദ്യാഭ്യാസ ട്രസ്റ്റുകളും സ്കൂൾ സമയത്ത് ഫോൺ രഹിത അന്തരീക്ഷം ഉറപ്പാക്കാൻ ബാധ്യസ്ഥരാണ്. ഇതിന്റെ തുടർച്ചയായാണ് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നത്.
വിദ്യാർഥികളുടെ പഠനത്തെയും സാമൂഹിക ഇടപെടലുകളെയും മൊബൈൽ ഫോണുകൾ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ‘സ്കൂൾ പഠനത്തിനും സൗഹൃദങ്ങൾക്കും വേണ്ടിയുള്ള ഇടമാണ്, മൊബൈൽ ഫോണുകളിൽ സമയം ചെലവഴിക്കാനുള്ളതല്ല’െന്ന് വിദ്യാഭ്യാസ സെക്രട്ടറി ലൂസി പവൽ വ്യക്തമാക്കി.
പുതിയ നിർദേശങ്ങൾ എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തിൽ സ്കൂളുകൾക്ക് സ്വാതന്ത്ര്യമുണ്ടാകും. മൊബൈൽ ഫോണുകൾ സൂക്ഷിക്കാൻ പൂട്ടാവുന്ന പ്രത്യേക കവറുകൾ (Lockable Pouches), സുരക്ഷിത ലോക്കറുകൾ എന്നിവ ഒരുക്കുന്ന രീതിയും പരിഗണനയിലുണ്ട്. ചില സ്കൂളുകൾ ഇതിനകം തന്നെ രാവിലെ വിദ്യാർഥികളിൽനിന്ന് ഫോണുകൾ ശേഖരിക്കുന്ന രീതിയാണ് പിന്തുടരുന്നത്. മറ്റു ചില സ്കൂളുകൾ സ്കൂൾ പരിസരത്ത് തന്നെ മൊബൈൽ ഫോണുകൾക്ക് പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം സർക്കാർ നൽകണമെന്ന ആവശ്യം സ്കൂൾ മേധാവികളുടെ സംഘടനകൾ ഉന്നയിച്ചു. പൂട്ടാവുന്ന ഫോൺ കവറുകളും സുരക്ഷിത സംഭരണ സംവിധാനങ്ങളും എല്ലാ വിദ്യാർഥികൾക്കുമായി ഒരുക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ്ടീച്ചേഴ്സ് (NAHT) ജനറൽ സെക്രട്ടറി പോൾ വൈറ്റ്മാൻ ചൂണ്ടിക്കാട്ടി.
സർക്കാർ ആവശ്യപ്പെടുന്ന രീതിയിൽ മൊബൈൽ ഫോണുകൾ അപ്രത്യക്ഷമാക്കാൻ സ്കൂൾ അധികൃതർക്ക് കഴിയില്ലെന്നും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും അസോസിയേഷൻ ഓഫ് സ്കൂൾ ആൻഡ് കോളേജ് ലീഡേഴ്സ് ജനറൽ സെക്രട്ടറി പെപ്പെ ഡി’അയാസിയോ ആവശ്യപ്പെട്ടു.
അതേസമയം, കുട്ടികളുടെ പഠനത്തെ തടസ്സപ്പെടുത്തുകയും സ്കൂൾ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന മൊബൈൽ ഫോൺ ഉപയോഗം തടയാനുള്ള നടപടിയെ ഇംഗ്ലണ്ടിലെ ചിൽഡ്രൻസ് കമ്മീഷണർ ഡെയിം റേച്ചൽ ഡി സൂസ സ്വാഗതം ചെയ്തു. നിലവിലെ നിയന്ത്രണങ്ങൾ ഫലപ്രദമല്ലെന്നും വിദ്യാർഥികൾ സ്കൂളിലെ ശുചിമുറികളിൽ പോലും ഒളിച്ചിരുന്ന് ടിക്ടോക് ഉപയോഗിക്കുന്നുണ്ടെന്നും ക്യാമ്പയിൻ സംഘടനയായ ജനറേഷൻ ഫോക്കസിന്റെ സഹസ്ഥാപക ഷാർലറ്റ് ആഷ്ടൺ അഭിപ്രായപ്പെട്ടു.
യുകെയിലെ വിവിധ ഭാഗങ്ങളിൽ സ്കൂളുകളിലെ മൊബൈൽ ഫോൺ നിയന്ത്രണങ്ങൾ വ്യത്യസ്തമാണ്. സ്കോട്ട്ലൻഡിൽ സ്കൂളുകളിൽ വ്യക്തിഗത മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ പുതിയ നിയമം കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വെയിൽസിൽ ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ നിരോധിക്കണമെന്ന ദേശീയ പ്രമേയം സെനഡ് തള്ളിയെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വടക്കൻ അയർലൻഡിലും സ്കൂളുകളിൽ മൊബൈൽ ഫോണുകൾ നിയമപരമായി നിരോധിക്കുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി പോൾ ഗിവൻ പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്.
അതേസമയം, 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള യുകെ സർക്കാരിന്റെ പ്രത്യേക പദ്ധതിയും പുരോഗമിക്കുകയാണ്. മാർച്ച് മുതൽ ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ്, ടിക്ടോക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള കുട്ടികളുടെ പ്രവേശനം തടയാനാണ് നീക്കം. വിന്റഡ്, ഇബേ തുടങ്ങിയ ഓൺലൈൻ വിപണന പ്ലാറ്റ്ഫോമുകളും നിരോധന പട്ടികയിൽ ഉൾപ്പെട്ടേക്കാമെന്ന് സാംസ്കാരിക മന്ത്രി സൂചിപ്പിച്ചിട്ടുണ്ട്.
സ്കൂൾ സമയത്തെ മൊബൈൽ ഫോൺ നിയന്ത്രണവും 16 വയസ്സിന് താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിനുള്ള നിയന്ത്രണവും വ്യത്യസ്തമായ സർക്കാർ നടപടികളാണ്.
click on malayalam character to switch languages