ലണ്ടൻ: ബ്രിട്ടനിൽ കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന റെയിൽവേ ലെവൽ ക്രോസിങ്ങിലൂടെ വാൻ ഓടിച്ചുകയറ്റിയ ആമസോൺ ഡെലിവറി ഡ്രൈവർ ട്രെയിനിടിച്ച് മരിച്ച സംഭവത്തിൽ ഗുരുതരമായ സുരക്ഷാവീഴ്ചകൾ കണ്ടെത്തി ഔദ്യോഗിക അന്വേഷണ റിപ്പോർട്ട്. ഇത്തരം റെയിൽവേ ക്രോസിങ്ങുകളുടെ രൂപകൽപ്പനയും സുരക്ഷാ നിർദേശങ്ങളും അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് റെയിൽ അപകട അന്വേഷണ വിഭാഗം (RAIB) ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം ജൂലൈയിൽ കെന്റിലെ ആഷ്ഫോർഡ് സ്വദേശിയായ ബ്രാൻഡൻ ഹാച്ചർ (23) ആണ് അപകടത്തിൽ മരിച്ചത്. ടെയ്നാമിന് സമീപമുള്ള ബാക്സ് ലെവൽ ക്രോസിങ്ങിൽ വെച്ചായിരുന്നു അപകടം. റാംസ്ഗേറ്റിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന ട്രെയിൻ ഹാച്ചറിന്റെ വാനിലിടിക്കുകയായിരുന്നു.
Please Read: ബ്രിട്ടനിൽ ഇലക്ട്രിക് വാഹന ലക്ഷ്യങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ; 2030-ലെ 80 ശതമാനം ലക്ഷ്യം വെട്ടിക്കുറച്ചേക്കും, വാഹന നിർമാതാക്കൾക്ക് ആശ്വാസം
ക്രോസിങ്ങിലെ നിർദേശങ്ങൾ പ്രകാരം പ്രവേശന ഗേറ്റ് തുറക്കുന്നതിന് മുമ്പും പുറത്തേക്കുള്ള ഗേറ്റ് തുറക്കുന്നതിന് മുമ്പും പച്ച ലൈറ്റ് തെളിയുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. എന്നാൽ ലൈറ്റ് സംവിധാനത്തിലെ ആശയക്കുഴപ്പം കാരണം പ്രവേശന ഗേറ്റ് തുറന്നുകഴിഞ്ഞാൽ ട്രാക്കിലേക്ക് കടക്കുന്നത് സുരക്ഷിതമാണെന്ന് ഡ്രൈവർ തെറ്റിദ്ധരിച്ചിരിക്കാമെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ.
വാൻ ട്രാക്കിന്റെ ഭൂരിഭാഗവും കടന്ന് എത്തിയശേഷം നിർത്തിയിട്ടിരിക്കുമ്പോഴാണ് ട്രെയിൻ വരുന്നതായി സൂചിപ്പിച്ച് മുന്നറിയിപ്പ് ലൈറ്റുകൾ ചുവപ്പാകുകയും അലാറം മുഴങ്ങുകയും ചെയ്തത്. തുടർന്ന് പുറത്തേക്കുള്ള ഗേറ്റ് തുറക്കാൻ ശ്രമിച്ചെങ്കിലും ആദ്യ ശ്രമത്തിൽ ആവശ്യത്തിന് തുറക്കാനായില്ല. രണ്ടാമതും ശ്രമിച്ചശേഷം വാനിന്റെ വാതിലിനടുത്തേക്ക് മടങ്ങുന്നതിനിടെയാണ് മണിക്കൂറിൽ 90 മൈൽ വേഗതയിൽ എത്തിയ സൗത്ത് ഈസ്റ്റേൺ ട്രെയിൻ ഇടിച്ചത്. ഏകദേശം 300 മീറ്റർ അകലെ നിന്നാണ് ട്രെയിൻ ഡ്രൈവർ വാനിനെ കണ്ടത്. അടിയന്തര ബ്രേക്ക് പ്രയോഗിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല. ട്രെയിനിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു.
സമീപകാലത്ത് ക്രോസിങ്ങിലെ മുന്നറിയിപ്പ് ബോർഡുകൾ പുനർരൂപകൽപ്പന ചെയ്തിരുന്നെങ്കിലും, വിവിധ വിവരസ്രോതസ്സുകൾ ക്രോസിങ് ഉപയോഗിക്കുന്നവരുടെ പെരുമാറ്റത്തെ എങ്ങനെ സ്വാധീനിക്കുമെന്ന കാര്യം വേണ്ടത്ര പരിഗണിച്ചിരുന്നില്ലെന്ന് RAIB ചൂണ്ടിക്കാട്ടി.
ആമസോൺ പാഴ്സലുകൾ വിതരണം ചെയ്യുന്നതിനായി GG Logistix എന്ന ലോജിസ്റ്റിക്സ് സ്ഥാപനത്തിനുവേണ്ടി സ്വയംതൊഴിൽ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഹാച്ചർക്ക് ലഭിച്ച പരിശീലനവും മാർഗനിർദേശങ്ങളും ഇത്തരം ക്രോസിങ് സുരക്ഷിതമായി ഉപയോഗിക്കാൻ പര്യാപ്തമായിരുന്നില്ലെന്നും റിപ്പോർട്ട് വിലയിരുത്തി.
ഇത്തരം ക്രോസിങ്ങുകളുടെ രൂപകൽപ്പന, നിയമങ്ങൾ, സുരക്ഷാ മാർഗനിർദേശങ്ങൾ എന്നിവ പുനഃപരിശോധിക്കാൻ നെറ്റ്വർക്ക് റെയിലിനോടും ഗതാഗത വകുപ്പിനോടും (DfT) അന്വേഷണ വിഭാഗം ആവശ്യപ്പെട്ടു. ഇതിനിടെ, സമാനമായ മറ്റൊരു അപകടത്തിൽ ഓഗസ്റ്റിൽ ലങ്കാഷെയറിൽ നോർത്ത്േൺ ട്രെയിനിടിച്ച് മറ്റൊരു ഡെലിവറി ഡ്രൈവറും മരിച്ചിരുന്നു. സൈമൺ ഗെറ്റിങ്സ് (55) എന്നയാളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും തുടരുകയാണ്. റെയിൽ അപകട അന്വേഷണ വിഭാഗം മേധാവി ആൻഡ്രൂ ഹാൾ പറഞ്ഞത്, ഈ രണ്ട് മരണങ്ങളും വലിയ ദുരന്തങ്ങളാണെന്നും ഡെലിവറി വാനുകളുമായി ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ട്രെയിൻ പാളം തെറ്റുന്നതിനും യാത്രക്കാർക്ക് ഗുരുതരമായ അപകടമുണ്ടാകുന്നതിനും കാരണമാകാമെന്നുമാണ്.
19-ാം നൂറ്റാണ്ടിലെ സാഹചര്യങ്ങൾക്കനുസരിച്ച് രൂപകൽപ്പന ചെയ്ത സ്വകാര്യ ഉപയോഗത്തിനുള്ള ലെവൽ ക്രോസിങ്ങുകൾ 21-ാം നൂറ്റാണ്ടിലെ കൂടുതൽ വേഗതയേറിയതും തിരക്കേറിയതുമായ റെയിൽ ഗതാഗത സാഹചര്യങ്ങൾക്ക് അനുയോജ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ക്രോസിങ്ങുകളെക്കുറിച്ചും അവ സുരക്ഷിതമായി ഉപയോഗിക്കേണ്ട രീതികളെക്കുറിച്ചും ഭൂരിഭാഗം റോഡ് ഉപയോക്താക്കൾക്കും അറിവില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടസാധ്യതകൾ കുറയ്ക്കുന്നതിന് റെയിൽവേ മേഖലയിലെ അധികൃതരും ഗതാഗത വകുപ്പും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കൂടുതൽ ദുരന്തങ്ങൾ സംഭവിക്കുന്നതിന് മുമ്പ് ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപകടത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ക്രോസിങ് ഉപയോക്താക്കൾക്കും യാത്രക്കാർക്കും റെയിൽവേ ജീവനക്കാർക്കും കൂടുതൽ സുരക്ഷ ഉറപ്പാക്കുമെന്ന് റെയിൽവേ നിയന്ത്രണ വിഭാഗമായ ORR വ്യക്തമാക്കി.
അതേസമയം, ബ്രാൻഡൻ ഹാച്ചറുടെ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി സൗത്ത് ഈസ്റ്റേൺ റെയിൽവേ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡേവിഡ് ഡേവിഡ്സൺ അറിയിച്ചു. അന്വേഷണ റിപ്പോർട്ടിലെ ശുപാർശകൾ വിശദമായി പരിശോധിക്കുമെന്നും ക്രോസിങ്ങിന്റെ രൂപകൽപ്പനയിൽ ഇതിനകം മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫഷണൽ ഡ്രൈവർമാർക്ക് ഇത്തരം ക്രോസിങ്ങുകൾ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തിയ ടൂൾകിറ്റും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
click on malayalam character to switch languages