ലണ്ടൻ: ഒരേസമയം ഒന്നിലധികം സർക്കാർ വകുപ്പുകളിൽ മുഴുവൻ സമയ ജോലി ചെയ്തതായി മറച്ചുവെച്ച് നികുതിദായകരുടെ പണം തട്ടിയെടുത്ത കേസിൽ കിഴക്കൻ ലണ്ടൻ സ്വദേശിയായ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 56 വയസ്സുകാരനായ കാഷിം ചൗധരി (Kashim Chowdhury) ഒൻപത് തട്ടിപ്പ് കുറ്റങ്ങളിലാണ് കുറ്റക്കാരനാണെന്ന് ജൂറി വിധിച്ചത്. ഇയാൾ 2,84,000 പൗണ്ടിലധികം പൊതുപണം അനധികൃതമായി കൈപ്പറ്റിയതായാണ് പ്രോസിക്യൂഷൻ കണ്ടെത്തൽ.
2023-ലെ വസന്തകാലത്ത് ഒരേസമയം അഞ്ച് സർക്കാർ വകുപ്പുകളിൽ മുഴുവൻ സമയ ജോലികൾ ചെയ്തിരുന്ന ചൗധരി, 2020 മുതൽ 2023 വരെയുള്ള കാലയളവിൽ ആകെ എട്ട് മുഴുവൻ സമയ സർക്കാർ ജോലികൾ ഏറ്റെടുത്തിരുന്നു. ഇവയിൽ പലതും ഒരേ സമയത്ത് പ്രവർത്തിച്ചിരുന്നതായും ഇതിലൂടെ ഏകദേശം 3.5 ലക്ഷം പൗണ്ട് സമ്പാദിച്ചതായും കോടതിയിൽ വെളിപ്പെട്ടു.
Please Read: യുക്മ ദേശീയ കലാമേളയിൽ പകരംവയ്ക്കാനില്ലാത്ത താരരാജാക്കളായി മിഡ്ലാൻഡ്സ് വീണ്ടും; കിരീടം നിലനിർത്തി ചാമ്പ്യന്മാർ! യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്, നോർത്ത് വെസ്റ്റ് മൂന്നാമത്
ജോലിക്കുള്ള അപേക്ഷാ ഫോമുകളിൽ നിലവിലുള്ള തൊഴിൽ വിവരങ്ങൾ തെറ്റായി നൽകിയതും മറ്റ് സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന കാര്യം മറച്ചുവെച്ചതുമാണ് ഇയാൾക്കെതിരായ പ്രധാന ആരോപണം. പുതിയ ജോലികൾ ലഭിച്ച ശേഷവും മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിവരം ബന്ധപ്പെട്ട മേലധികാരികളെ അറിയിച്ചിരുന്നില്ല. പ്രോസിക്യൂഷൻ ഇതിനെ ആസൂത്രിതമായ സത്യസന്ധതയില്ലായ്മയും സംവിധാനത്തെ ദുരുപയോഗം ചെയ്യലുമെന്നാണ് വിശേഷിപ്പിച്ചത്.
2023-ലെ വസന്തകാലത്ത് പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമകാര്യ വകുപ്പ് (Defra), ആരോഗ്യ-സാമൂഹിക പരിചരണ വകുപ്പ്, യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (UKHSA), ബിസിനസ്-വ്യാപാര വകുപ്പ്, ഫുഡ് സ്റ്റാൻഡേർഡ്സ് ഏജൻസി, ആഭ്യന്തര വകുപ്പ് (Home Office) എന്നിവിടങ്ങളിലായിരുന്നു ഇയാളുടെ ജോലികൾ. ആഴ്ചയിൽ 183 മണിക്കൂർ ജോലി ചെയ്യേണ്ട രീതിയിലായിരുന്നു കരാറുകൾ. ഏഴ് ദിവസങ്ങളിലായി ആകെ ലഭ്യമായ മണിക്കൂറുകളേക്കാൾ കൂടുതലാണ് ഇത്.
കിഴക്കൻ ലണ്ടനിൽ ഒരുമിച്ച് താമസിച്ചിരുന്ന ഡിമെൻഷ്യ ബാധിച്ച അമ്മയെ പരിചരിക്കേണ്ടതുണ്ടെന്ന് തൊഴിലുടമകളെ അറിയിച്ചിരുന്നതിനാൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ഇയാൾക്ക് അനുമതി ലഭിച്ചിരുന്നു. 2023-ൽ അമ്മയ്ക്ക് മാരകമായ അർബുദം സ്ഥിരീകരിച്ചിട്ടും ജോലിഭാരം കുറയ്ക്കുന്നതിനു പകരം പുതിയ ജോലികൾ ഏറ്റെടുത്തുകൊണ്ടിരുന്നതായി കോടതിയിൽ തെളിഞ്ഞു.
മുൻകാലങ്ങളിൽ തൊഴിൽ സുരക്ഷിതത്വമില്ലായ്മ നേരിട്ടതും 2013-ൽ വിദ്യാഭ്യാസ വകുപ്പിലെ ജോലി നഷ്ടപ്പെട്ടതും പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) സ്ഥിരീകരിച്ചതുമാണ് ഇത്രയധികം ജോലികൾ ഏറ്റെടുക്കാൻ കാരണമെന്നായിരുന്നു ചൗധരിയുടെ വിശദീകരണം. മാനസിക സമ്മർദവും ഭയവും കാരണം ജോലിക്ക് അപേക്ഷിക്കുമ്പോൾ വ്യക്തമായി ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ഇയാൾ കോടതിയിൽ വാദിച്ചു.
എന്നാൽ ഇയാളുടെ വിശദീകരണങ്ങൾ വിശ്വസനീയമല്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കോടതിയിൽ സത്യപ്രതിജ്ഞ ചെയ്ത് നൽകിയ മൊഴികളിൽ പോലും ഇയാൾ കള്ളം പറഞ്ഞതായി പ്രോസിക്യൂഷൻ അഭിഭാഷക ലൂസി ഓർഗൻ ജൂറിയോട് പറഞ്ഞു.
ചൗധരിയുടെ ജോലിയുടെ നിലവാരം മോശമായിരുന്നുവെന്നും മേലധികാരികൾ കോടതിയിൽ മൊഴി നൽകി. Defra-യിൽ ഇയാളുടെ മാനേജരായിരുന്ന ഡാൻ മക്കാർട്ട്നിയുടെ മൊഴി പ്രത്യേക ശ്രദ്ധ നേടി. ഓരോ കാര്യവും നിരന്തരം പറഞ്ഞുകൊടുക്കേണ്ട അവസ്ഥയായിരുന്നു ചൗധരിയുമായി ജോലി ചെയ്യുമ്പോഴുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. വീഡിയോ മീറ്റിങ്ങുകളിൽ സാങ്കേതിക തകരാറുകളെന്ന് പറഞ്ഞ് ക്യാമറ ഓഫ് ചെയ്തുവെക്കുന്ന പതിവും നാലോ അഞ്ചോ മാസം തുടർന്നതായി അദ്ദേഹം വെളിപ്പെടുത്തി.
ഒരേസമയം നിരവധി ജോലികൾ കൈകാര്യം ചെയ്യാൻ കഴിയാതെ വന്നപ്പോൾ വ്യാജമായ അസുഖാവധികൾ ഉപയോഗിച്ചെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. 2023 മാർച്ചിൽ നാല് സ്ഥാപനങ്ങളിൽ നിന്ന് അസുഖാവധിയിലായിരുന്ന ചൗധരി, അതേസമയം ഹോം ഓഫീസിലെ ജോലി തുടരുകയും അവിടെ തനിക്ക് അസുഖമാണെന്ന വിവരം അറിയിക്കാതിരിക്കുകയും ചെയ്തു.
UKHSA-യിലെ മാനേജരായ അലീഷ ആഡംസ് 2023 മേയിൽ ഇയാളുമായി വീഡിയോ മീറ്റിങ് നടത്തിയപ്പോൾ അസുഖം അഭിനയിക്കാൻ മുഖത്ത് വെളുത്ത മേക്കപ്പ് ഉപയോഗിച്ചിരുന്നതായി കോടതിയിൽ മൊഴി നൽകി. ചുമയ്ക്കുകയും ടിഷ്യൂ പേപ്പർ ക്യാമറയ്ക്കു മുന്നിൽ കാണിക്കുകയും ചെയ്ത ഇയാളുടെ നെറ്റിയിലെ മേക്കപ്പ് വിയർപ്പിനൊപ്പം മാഞ്ഞുതുടങ്ങിയതായും അവർ പറഞ്ഞു. എന്നാൽ ഈ ആരോപണം ചൗധരി നിഷേധിച്ചു.
വീഡിയോ മീറ്റിങ്ങിൽ Defra-യുടെ ഇമെയിൽ വിലാസം ഉപയോഗിച്ച് പ്രവേശിച്ചതും സംശയത്തിന് ഇടയാക്കി. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ സാങ്കേതിക തകരാറാണെന്നായിരുന്നു ഇയാളുടെ മറുപടി. തുടർന്ന് സംശയങ്ങൾ മേലധികാരികളെ അറിയിച്ചെങ്കിലും 2023 സെപ്റ്റംബറിൽ സിവിൽ സർവീസ് വിടുന്നതുവരെ തട്ടിപ്പ് തുടരുകയായിരുന്നു.
2024-ൽ സർക്കാർ നടത്തുന്ന നാഷണൽ ഫ്രോഡ് ഇനിഷ്യേറ്റീവിന്റെ പരിശോധനയിലാണ് ഇയാളുടെ തട്ടിപ്പ് പുറത്തുവന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പള വിവരങ്ങൾ ഉൾപ്പെടെയുള്ള വിവിധ ഡാറ്റാബേസുകൾ രണ്ട് വർഷത്തിലൊരിക്കൽ പരിശോധിച്ച് അസാധാരണമായ ഇടപാടുകളും ക്രമക്കേടുകളും കണ്ടെത്തുന്നതാണ് ഈ സംവിധാനം.
ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ജൂറി ഏകകണ്ഠമായാണ് എട്ട് വ്യാജ പ്രതിനിധാനത്തിലൂടെയുള്ള തട്ടിപ്പ് കുറ്റങ്ങളിലും ഒരു വിവരം മറച്ചുവെച്ചുള്ള തട്ടിപ്പ് കുറ്റത്തിലും ചൗധരി കുറ്റക്കാരനാണെന്ന് വിധിച്ചത്.
click on malayalam character to switch languages