1 GBP = 125.08
breaking news

നെതന്യാഹുവും ഐസൻകോട്ടും നയങ്ങളിൽ ഏറെ സമാനരെന്ന് ട്രംപ്

നെതന്യാഹുവും ഐസൻകോട്ടും നയങ്ങളിൽ ഏറെ സമാനരെന്ന് ട്രംപ്

വാഷിങ്ടൺ: ഇസ്രായേലിൽ പുതിയ സർക്കാർ രൂപവത്കരിക്കാൻ ബിന്യമിൻ നെതന്യാഹുവിനേക്കാൾ മുൻപ് നാഷണൽ യൂനിറ്റി പാർട്ടി (യശാർ) ചെയർമാൻ ഗാഡി ഐസൻകോട്ടിന് അവസരം ലഭിച്ചതിനെക്കുറിച്ച് പ്രതികരിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുനേതാക്കളുടെയും നയങ്ങൾ തമ്മിൽ വലിയ സമാനതകളുണ്ടെന്നും ഇരുവരും തകർച്ചകൾക്കിടയിലും തന്നോട് അനുകൂലമായി സംസാരിച്ചിട്ടുണ്ടെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘നയങ്ങളുടെ കാര്യത്തിൽ അവർ വളരെ സമാനരാണ്. ഐസൻകോട്ട് എന്നെക്കുറിച്ച് വളരെ നല്ല കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. തനിക്ക് ട്രംപിനെ വളരെ ഇഷ്ടമാണെന്നാണ് അദ്ദേഹം പറയുന്നത്. എങ്കിലും, അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ പൂർണമായി നിരീക്ഷിച്ചിട്ടില്ല. നമുക്ക് കാത്തിരുന്ന് കാണാം’ – ട്രംപ് വ്യക്തമാക്കി.

കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.എസ് പ്രസിഡന്റ് നെതന്യാഹുവിനെ പരസ്യമായി പിന്തുണച്ചപ്പോഴും ഗാഡി ഐസൻകോട്ട് ട്രംപിനെതിരെ വിമർശനങ്ങൾ ഉന്നയിക്കാൻ തയ്യാറായിരുന്നില്ല.

ഭരണശൈലിയിൽ നെതന്യാഹുവിൽ നിന്നും വ്യത്യസ്തനാകാൻ ഐസൻകോട്ട് ശ്രമിച്ചിട്ടുണ്ടെങ്കിലും, ഇരുവർക്കുമിടയിൽ കാര്യമായ നയപരമായ വ്യത്യാസങ്ങളൊന്നും ഇതുവരെ പ്രകടമാക്കിയിട്ടില്ല. എങ്കിലും, തീവ്രവലതുപക്ഷ, അതിയാഥാസ്ഥിതിക കക്ഷികൾ ഉൾപ്പെട്ട നെതന്യാഹുവിന്റെ മുൻ സർക്കാരിനെ അപേക്ഷിച്ച് കൂടുതൽ മിതവാദ സ്വഭാവമുള്ള ഒരു സർക്കാർ രൂപവത്കരിക്കാനാണ് ഐസൻകോട്ട് ആഗ്രഹിക്കുന്നത്.

അതേസമയം, പുതിയ പ്രധാനമന്ത്രിയായി നെതന്യാഹുവിന്റെ ബദ്ധവൈരിയും യാഷർ പാർട്ടി നേതാവുമായ ഗാഡി ഐസൻകോട്ടിനെ പ്രസിഡന്റ് ഐസക് ഹെർസോഗ് ക്ഷണിച്ചു. 28 ദിവസത്തിനകം മന്ത്രിസഭ രൂപവത്കരിക്കണം. ആവശ്യമെങ്കിൽ അധികമായി 14 ദിവസം കൂടി അനുവദിക്കും.

പ്രധാനമന്ത്രിയുമായി ഇന്ന് ചർച്ച
120 അംഗ നെസറ്റിലേക്ക് ഒക്ടോബർ അവസാനത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹു നയിച്ച ഭരണകക്ഷി സഖ്യത്തിന് 53 സീറ്റ് ലഭിച്ചപ്പോൾ ഐസൻകോട്ടിന് അറബ് കക്ഷികളുടെയടക്കം 67 പേരുടെ പിന്തുണ ഉറപ്പാക്കാനായി. ഇതോടെയാണ് നെതന്യാഹുവിന്റെ പിൻഗാമിയായി ഐസൻകോട്ടിനെ പ്രസിഡന്റ് ഹെർസോഗ് ക്ഷണിച്ചത്.

പുതിയ ദേശീയ സർക്കാർ രൂപവത്കരിക്കേണ്ട സമയമാണിതെന്നും അത് പൂർത്തിയാക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഐസൻകോട്ട് പറഞ്ഞു. യാഷർ പാർട്ടിക്ക് പുറമെ, യായർ ഗോലാന്റെ മധ്യ-ഇടത് ഡെമോക്രാറ്റുകൾ, നാഫ്തലി ബെനറ്റിന്റെ ടുഗേദർ പാർട്ടി, അവിഗ്ദോർ ലീബർമാന്റെ ഇസ്രായേൽ ബെയ്തന്യൂ എന്നിവ ചേർന്നതാണ് ഐസൻകോട്ട് നയിക്കുന്ന സഖ്യം. ഇവരെല്ലാം ചേർന്നാൽ 48 സീറ്റാകും. അറബ് കക്ഷികളുടെ 19 സീറ്റുകൾ കൂടി ചേർന്നാൽ 67ഉം. എന്നാൽ, ഈ പാർട്ടികൾക്കിടയിൽ ദേശീയസുരക്ഷ, മതം, ഫലസ്തീൻ അധിനിവേശം എന്നിങ്ങനെ വിഷയങ്ങളിൽ ഭിന്ന നിലപാടുകളുള്ളവരാണെന്നത് സർക്കാർ രൂപവത്കരണം കീറാമുട്ടിയാക്കുമോയെന്ന് കണ്ടറിയണം. അറബ് പാർട്ടികളെ മാറ്റിനിർത്തിയാൽ ഐസൻകോട്ടിന് കേവല ഭൂരിപക്ഷം നേടാനാകില്ല. എന്നാൽ, ചില കക്ഷികൾ അറബ് പാർട്ടികളുടെ പിന്തുണ തേടുന്നത് അംഗീകരിക്കുന്നുമില്ല. ഇതുൾപ്പെടെ പ്രശ്നങ്ങൾ പരിഹരിച്ച് വേണം മന്ത്രിസഭ രൂപവത്കരണം.

2015 മുതൽ 2019 വരെ ഇസ്രായേൽ സൈനിക മേധാവിയായിരുന്ന ഐസൻകോട്ട് 41 വർഷം സൈനിക സേവനം നടത്തിയാണ് രാഷ്ട്രീയത്തിലെത്തുന്നത്. 2023ലെ ഹമാസ് ആക്രമണത്തിനു ശേഷം ഇസ്രായേൽ യുദ്ധമന്ത്രിസഭയിൽ അംഗമായിരുന്നു. 2025ൽ സ്വന്തമായി രൂപം നൽകിയ യാഷർ പാർട്ടി ലാബലിലാണ് ഇത്തവണ ജനവിധി തേടിയതും നെസറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. തെരഞ്ഞെടുപ്പിൽ നെതന്യാഹുവിനെതിരെ പ്രതിപക്ഷ സഖ്യത്തിന്റെ നേതാവായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more