ലണ്ടൻ: ബ്രെക്സിറ്റിന് ശേഷം ചരക്കുനീക്കത്തിനുള്ള അതിർത്തി പരിശോധനകൾ നടത്തുന്നതിനായി ബ്രിട്ടീഷ് സർക്കാർ നിർമിച്ച നിരവധി കേന്ദ്രങ്ങൾ ഉപയോഗിക്കാതെ ഉപേക്ഷിച്ചതിലൂടെ നികുതിദായകർക്ക് 100 മില്യൺ പൗണ്ടിലധികം നഷ്ടമുണ്ടായതായി റിപ്പോർട്ട്. പ്രവർത്തനം ആരംഭിക്കാതെയോ വളരെ കുറച്ചുകാലം മാത്രം ഉപയോഗിച്ചോ അടച്ചുപൂട്ടിയ ഏഴ് ഇൻലാൻഡ് ബോർഡർ ഫെസിലിറ്റികൾക്കായുള്ള ചെലവാണ് പുതിയ വിവാദത്തിന് വഴിവെച്ചത്.
എച്ച്എംആർസി (HMRC) വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഡോവറിന് സമീപമുള്ള ഗസ്റ്റണിൽ നിർമിക്കാൻ പദ്ധതിയിട്ട കേന്ദ്രത്തിനായി മാത്രം 28 മില്യൺ പൗണ്ട് ചെലവഴിച്ചു. എന്നാൽ ഇന്നും അവിടെ ഒരു ഒഴിഞ്ഞ വയൽ മാത്രമാണുള്ളത്. ബർമിംഗ്ഹാം, വാറിംഗ്ടൺ, എബ്സ്ഫ്ലീറ്റ്, നോർത്ത് വീൽഡ് തുടങ്ങിയ സ്ഥലങ്ങളിലും പരിശോധനാ കേന്ദ്രങ്ങൾക്കായി കോടിക്കണക്കിന് പൗണ്ട് ചെലവഴിച്ചെങ്കിലും പലതും പിന്നീട് അടച്ചുപൂട്ടി.
Please Read: യുക്മ ദേശീയ കലാമേളയിൽ പകരംവയ്ക്കാനില്ലാത്ത താരരാജാക്കളായി മിഡ്ലാൻഡ്സ് വീണ്ടും; കിരീടം നിലനിർത്തി ചാമ്പ്യന്മാർ! യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്, നോർത്ത് വെസ്റ്റ് മൂന്നാമത്
പോർട്സ്മൗത്ത് തുറമുഖത്ത് 23 മില്യൺ പൗണ്ട് ചെലവിട്ട് നിർമിച്ച അതിർത്തി പരിശോധനാ കേന്ദ്രത്തിൽ പ്രതിദിനം ശരാശരി രണ്ട് ട്രെയിലറുകൾ മാത്രമാണ് പരിശോധിക്കുന്നത്. തുടക്കത്തിൽ പ്രതിദിനം 80 പരിശോധനകളാണ് ലക്ഷ്യമിട്ടിരുന്നത്. പദ്ധതിക്കായി തുറമുഖത്തിന് സർക്കാർ 17.1 മില്യൺ പൗണ്ട് നൽകിയപ്പോൾ ബാക്കി ഏകദേശം ആറു മില്യൺ പൗണ്ട് നഗരസഭയാണ് കണ്ടെത്തിയത്.
അതേസമയം, കെന്റിലെ സെവിങ്ടൺ കേന്ദ്രത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനും നിർമാണത്തിനുമായി 154 മില്യൺ പൗണ്ട് ചെലവായതിനു പുറമെ പ്രവർത്തനച്ചെലവായി 179 മില്യൺ പൗണ്ടും വേണ്ടിവന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. അയർലൻഡിൽ നിന്നുള്ള ചരക്കുകൾ കൈകാര്യം ചെയ്യുന്ന ഹോളിഹെഡ് കേന്ദ്രവും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.
യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കൾക്ക് വ്യാപകമായ പരിശോധനകൾ ആവശ്യമില്ലെന്ന നിലപാടിനെത്തുടർന്ന് ബ്രിട്ടീഷ് സർക്കാർ പല അതിർത്തി പരിശോധനാ പദ്ധതികളും വെട്ടിക്കുറച്ചതാണ് കേന്ദ്രങ്ങൾ ഉപയോഗശൂന്യമാകാൻ കാരണമായത്. ഉപയോഗിക്കാത്ത കേന്ദ്രങ്ങൾക്കായി ചെലവഴിച്ച തുക പൊതുസേവനങ്ങൾക്കായി വിനിയോഗിക്കാമായിരുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട ചെലവുകളുടെ കാര്യക്ഷമതയെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ വെളിപ്പെടുത്തൽ വീണ്ടും വഴിതുറന്നിരിക്കുകയാണ്.
click on malayalam character to switch languages