ചെൽറ്റൻഹാം: പതിനേഴാമത് യുക്മ ലൈഫ് ലൈൻ പ്രൊട്ടക്ട് – കാർഗോ ഫോഴ്‌സ് ദേശീയ കലാമേളയുടെ വിജയകരമായ നടത്തിപ്പിന് പിന്നിൽ വേദികളിൽ മത്സരങ്ങൾ നിയന്ത്രിക്കുന്നവരും കലാപ്രകടനങ്ങൾ അവതരിപ്പിക്കുന്നവരും മാത്രമല്ല, അണിയറയിൽ വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ഒരു വലിയ സംഘവുമുണ്ട്. കലാമേളയുടെ മുഴുവൻ സമയ പ്രവർത്തനങ്ങളുടെയും ഏകോപനത്തിന്റെയും നട്ടെല്ലായി പ്രവർത്തിക്കുന്നത് ബാക്ക് ഓഫീസിലെ പരിചയസമ്പന്നരായ പ്രവർത്തകരാണ്.
ഏഴ് വേദികളിലായി നൂറുകണക്കിന് മത്സരങ്ങൾ ഒരേസമയം പുരോഗമിക്കുമ്പോൾ അവയുടെ സമയക്രമം, മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ, മത്സര ഇനങ്ങളുടെ ക്രമീകരണം, ഫലങ്ങളുടെ ശേഖരണം, പോയിന്റ് നിലകളുടെ കൃത്യമായ രേഖപ്പെടുത്തൽ, വിവിധ വേദികളിൽ നിന്നുള്ള വിവരങ്ങളുടെ ഏകോപനം തുടങ്ങി ഒട്ടേറെ ഉത്തരവാദിത്വങ്ങളാണ് ബാക്ക് ഓഫീസ് ടീം നിർവഹിക്കുന്നത്. യുക്മ ദേശീയ സമിതിയംഗവും മുൻ സെക്രട്ടറിയുമായ കുര്യൻ ജോർജ്ജിന്റെ നേതൃത്വത്തിൽ ബൈജു തോമസ്, തേജു മാത്യൂസ്, സനോജ് വർഗ്ഗീസ്, രാജീവ്, ഷാജി വർഗ്ഗീസ് തുടങ്ങിയവരാണ് പ്രവർത്തിച്ചത്.
മത്സരങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുപോകുന്നതിനും ഫലങ്ങൾ കൃത്യതയോടെ സമയബന്ധിതമായി പ്രഖ്യാപിക്കുന്നതിനും ബാക്ക് ഓഫീസിന്റെ പ്രവർത്തനം നിർണായകമാണ്. വേദികളിൽനിന്ന് ലഭിക്കുന്ന മത്സരഫലങ്ങൾ പരിശോധിച്ച് ക്രോഡീകരിക്കുകയും റീജിയണുകളുടെ പോയിന്റ് നില കൃത്യമായി അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നത് ഏറെ ശ്രദ്ധയും ഉത്തരവാദിത്വവും ആവശ്യപ്പെടുന്ന ജോലിയാണ്.
കഴിഞ്ഞ വർഷങ്ങളിലെ ദേശീയ കലാമേളകളിലും വിവിധ യുക്മ പരിപാടികളിലും പ്രവർത്തിച്ച് പരിചയസമ്പത്ത് നേടിയവരാണ് ഇക്കുറിയും ബാക്ക് ഓഫീസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കലാമേളയുടെ ഓരോ ഘട്ടത്തിലും ഉണ്ടാകാവുന്ന പ്രായോഗിക വെല്ലുവിളികൾ മുൻകൂട്ടി മനസ്സിലാക്കി പരിഹരിക്കാനുള്ള ഇവരുടെ കഴിവ് സംഘാടനത്തിന് വലിയ കരുത്താണ് പകരുന്നത്.
മത്സരാർത്ഥികളും രക്ഷിതാക്കളും കാണികളും നിറഞ്ഞ മേളനഗരിയിൽ ഓരോ വേദിയിലും ആവേശം ഉയരുമ്പോൾ, അതിന് പിന്നിൽ കൃത്യമായ ആസൂത്രണത്തോടെയും ഏകോപനത്തോടെയും പ്രവർത്തിക്കുന്ന ബാക്ക് ഓഫീസ് ടീമിന്റെ അധ്വാനവും വലുതാണ്.
ഒരു ദേശീയ കലാമേളയുടെ വിജയം വേദികളിലെ പ്രകടനങ്ങളുടെ മികവിൽ മാത്രം ഒതുങ്ങുന്നതല്ല. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പും സുതാര്യമായ ഫലപ്രഖ്യാപനവും കൃത്യമായ ഏകോപനവും ഉറപ്പാക്കുന്ന അണിയറ പ്രവർത്തകരുടെ സേവനവും അതിൽ തുല്യപ്രാധാന്യമർഹിക്കുന്നു. പതിനേഴാമത് യുക്മ ദേശീയ കലാമേളയുടെ വിജയയാത്രയിൽ ബാക്ക് ഓഫീസ് ടീം വഹിക്കുന്ന പങ്ക് അതിന്റെ മികച്ച ഉദാഹരണമാണ്.
click on malayalam character to switch languages