ഗ്ലാസ്ഗോ: ബോൺഫയർ നൈറ്റ് ആഘോഷങ്ങൾക്കിടെ സ്കോട്ട്ലൻഡിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ സംഘർഷവും അക്രമസംഭവങ്ങളും. ഗ്ലാസ്ഗോയിൽ പൊലീസ് വാഹനം തീയിട്ട് നശിപ്പിച്ചു. പൊലീസുകാർക്കും ആംബുലൻസ് ജീവനക്കാർക്കും അഗ്നിരക്ഷാ സേനാംഗങ്ങൾക്കും നേരെ പടക്കങ്ങൾ ഉപയോഗിച്ച് ആക്രമണമുണ്ടായി. സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് സ്കോട്ട്ലൻഡ് അറിയിച്ചു.
ഗ്ലാസ്ഗോയിലെ ഗ്രീൻസൈഡ് സ്ട്രീറ്റ് പ്രദേശത്ത് പരിക്കേറ്റ ഒരാളെക്കുറിച്ചുള്ള വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിനും ആംബുലൻസ് ജീവനക്കാർക്കും നേരെയാണ് ആക്രമണമുണ്ടായത്. പടക്കങ്ങൾ എറിഞ്ഞുള്ള ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ആംബുലൻസ് ജീവനക്കാരനും നിസ്സാര പരിക്കേറ്റു. ഇതിനിടെ ഒരു പൊലീസ് വാഹനം തീയിട്ട് നശിപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 16 വയസ്സുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
എഡിൻബറോയിലെ വിവിധ പ്രദേശങ്ങളിലും പൊലീസിനും പൊതുജനങ്ങൾക്കും നേരെ പടക്കങ്ങൾ എറിഞ്ഞ് ആക്രമണമുണ്ടായി. ഓക്സ്ഗാങ്സ് റോഡ് നോർത്തിൽ വൈകിട്ട് 5.30 ഓടെ ഒരു സംഘം യുവാക്കൾ റോഡിൽ തടസ്സം സൃഷ്ടിച്ചതായി പൊലീസിന് വിവരം ലഭിച്ചു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർക്കു നേരെ പടക്കങ്ങൾ എറിഞ്ഞെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. പാർക്കിലും മാലിന്യക്കൂമ്പാരങ്ങളിലും ഉണ്ടായ ചെറിയ തീപിടിത്തങ്ങൾ അഗ്നിരക്ഷാ സേന അണച്ചു.
വെസ്റ്റർ ഹെയ്ൽസിലെ മുറേബേൺ പാർക്കിൽ വീടുകൾക്ക് സമീപമുള്ള പുൽപ്രദേശത്തും തീപിടിത്തമുണ്ടായി. രാത്രി ഏഴ് മണിക്ക് ശേഷം അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
ഗ്ലാസ്ഗോയിലെ നൈറ്റ്സ്വുഡിൽ അഗ്നിരക്ഷാ സേനയുടെ വാഹനത്തിനു നേരെയും പടക്കങ്ങൾ എറിഞ്ഞു. ഡണ്ടിയിൽ നൂറിലധികം യുവാക്കൾ ഒത്തുകൂടി റോഡിൽ തീ കൊളുത്തിയതിനെ തുടർന്ന് പൊലീസ് പ്രത്യേക സംഘത്തെ വിന്യസിച്ചു. കാസിൽമിൽക്ക്, വിറ്റ്ബേൺ, കംനോക്ക് എന്നിവിടങ്ങളിലും അഗ്നിരക്ഷാ സേനാംഗങ്ങൾ ആക്രമണത്തിനിരയായി. എന്നാൽ അഗ്നിരക്ഷാ ജീവനക്കാർക്ക് പരിക്കുകളോ വാഹനങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
അലക്സാൻഡ്രിയയിൽ പടക്കം പൊട്ടിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ 15 വയസ്സുകാരന്റെ കണ്ണിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസ് ഉദ്യോഗസ്ഥരും ആംബുലൻസ് ജീവനക്കാരും അഗ്നിരക്ഷാ സേനാംഗങ്ങളും ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്നവരാണെന്നും അക്രമത്തിന് ഇരയാകേണ്ടവരല്ലെന്നും ചീഫ് സൂപ്രണ്ട് ഡേവിഡ് റോബർട്ട്സൺ പ്രതികരിച്ചു. അക്രമങ്ങൾക്ക് ഉത്തരവാദികളായവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹാലോവീൻ, ബോൺഫയർ നൈറ്റ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സമീപകാലത്തെ ഏറ്റവും സങ്കീർണവും വെല്ലുവിളി നിറഞ്ഞതുമായ പൊലീസ് വിന്യാസമാണ് ഇത്തവണ നടത്തിയതെന്നും കഴിഞ്ഞ വർഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിനുശേഷം ഏറ്റവും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച ഓപ്പറേഷനുകളിലൊന്നാണിതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് പ്രത്യേക സുരക്ഷാ സേനയുടെ ഇടപെടൽ ആവശ്യമായ ഗുരുതര സംഭവങ്ങളുടെ എണ്ണം കുറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എഡിൻബറോയിലെ ഫെട്ടസ് പൊലീസ് ആസ്ഥാനത്തുള്ള പ്രത്യേക കമാൻഡ് സെന്ററിൽ നിന്നാണ് സുരക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. എഡിൻബറോയിലെയും ഗ്ലാസ്ഗോയിലെയും വിവിധ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിച്ചുകൊണ്ടായിരുന്നു പൊലീസിന്റെ പ്രവർത്തനം. പൊലീസ് സ്കോട്ട്ലൻഡ്, സ്കോട്ടിഷ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ്, സ്കോട്ടിഷ് ആംബുലൻസ് സർവീസ്, സ്കോട്ടിഷ് സർക്കാർ, എഡിൻബറോ സിറ്റി കൗൺസിൽ എന്നിവയുടെ പ്രതിനിധികളും സുരക്ഷാ ഏകോപനത്തിൽ പങ്കെടുത്തു.
‘ഓപ്പറേഷൻ മൂൺബീം’ എന്ന പേരിൽ നടത്തിയ പ്രത്യേക സുരക്ഷാ നടപടികളിൽ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിരുന്നു. ബോൺഫയർ നൈറ്റ് ആഘോഷങ്ങൾക്കിടെ പൊതുസുരക്ഷ ഉറപ്പാക്കാൻ സ്കോട്ട്ലൻഡിലുടനീളം ശക്തമായ നിരീക്ഷണവും പൊലീസ് വിന്യാസവും തുടർന്നു.
click on malayalam character to switch languages