ലണ്ടൻ: ഭിന്നശേഷിയും ദീർഘകാല ആരോഗ്യപ്രശ്നങ്ങളും നേരിടുന്ന 16 മുതൽ 24 വയസ്സുവരെയുള്ള യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് അലൻ മിൽബേൺ അധ്യക്ഷനായ യുവജന തൊഴിൽ അവലോകന സമിതി ശുപാർശ ചെയ്യും. ആയിരക്കണക്കിന് യുവാക്കൾക്ക് സർക്കാർ സബ്സിഡിയോടെ ശമ്പളമുള്ള ജോലികൾ ലഭ്യമാക്കുന്നതടക്കമുള്ള നിർദേശങ്ങളാണ് ഈ മാസം പുറത്തുവരാനിരിക്കുന്ന റിപ്പോർട്ടിലുള്ളത്.
തൊഴിൽ വിപണിയിൽ ഭിന്നശേഷിയുള്ള യുവാക്കൾ നേരിടുന്ന വിവേചനവും തടസ്സങ്ങളും കുറയ്ക്കുന്നതിനായി പ്രത്യേക തൊഴിൽ പദ്ധതികൾ, വേതന സബ്സിഡികൾ, തൊഴിൽ പരിശീലനം എന്നിവ നടപ്പാക്കണമെന്നാണ് പ്രധാന നിർദേശം. ഡെൻമാർക്കിലെ മാതൃകയിൽ ‘ഫ്ലെക്സി ജോബ്’ പദ്ധതി അവതരിപ്പിക്കാനും റിപ്പോർട്ട് ആവശ്യപ്പെടും. ആരോഗ്യസ്ഥിതിക്കും കഴിവുകൾക്കും അനുസരിച്ച് ആഴ്ചയിൽ നാല് മണിക്കൂർ മുതൽ ജോലി ചെയ്യാനും സർക്കാർ സഹായത്തോടെ വേതനം ലഭിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.
ബ്രിട്ടനിൽ നിലവിൽ വിദ്യാഭ്യാസം, തൊഴിൽ, പരിശീലനം എന്നിവയിൽ ഏർപ്പെടാത്ത (NEET) യുവാക്കളുടെ എണ്ണം ഏകദേശം പത്ത് ലക്ഷമാണ്. ഇവരിൽ 45 ശതമാനത്തോളം പേർ ഭിന്നശേഷിയുള്ളവരോ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരോ ആണ്. മറ്റ് യുവാക്കളെ അപേക്ഷിച്ച് ഭിന്നശേഷിയുള്ളവർ NEET വിഭാഗത്തിൽപ്പെടാനുള്ള സാധ്യത മൂന്നിരട്ടിയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഒരു ജോലിയിലെ വിവിധ ഉത്തരവാദിത്വങ്ങൾ വിഭജിച്ച് വ്യത്യസ്ത യുവാക്കൾക്ക് അനുയോജ്യമായ രീതിയിൽ നൽകുന്ന ‘ജോബ് കാർവിങ്’ പദ്ധതിയും റിപ്പോർട്ട് നിർദേശിക്കും. കൂടാതെ തൊഴിൽപരിശീലനം, പ്രത്യേക ഇന്റേൺഷിപ്പുകൾ, തൊഴിൽ കണ്ടെത്തുന്നതിനുള്ള വ്യക്തിഗത സഹായം, ജോലിസ്ഥലത്തെ സൗകര്യങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ എന്നിവയ്ക്കും ഊന്നൽ നൽകും.
യുവാക്കൾക്കായുള്ള തൊഴിൽ സഹായ പദ്ധതികൾ ശക്തിപ്പെടുത്തുന്നതിന് നിലവിൽ ഭിന്നശേഷി ആനുകൂല്യങ്ങൾക്കായി ചെലവഴിക്കുന്ന തുകയിൽ നിന്ന് പ്രതിവർഷം നാല് ബില്യൺ പൗണ്ടിന്റെ ഒരു ഭാഗം തൊഴിൽ പരിശീലനത്തിനും പിന്തുണയ്ക്കുമായി മാറ്റണമെന്ന നിർദേശവും മിൽബേൺ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ ഭാഗമായി ഭിന്നശേഷി ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നത് യുവാക്കളെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് അവകാശ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
യുവാക്കളുടെ തൊഴിലില്ലായ്മയും തൊഴിൽരംഗത്തുനിന്നുള്ള പിന്മാറ്റവും രാജ്യത്തിന് വലിയ സാമൂഹിക-സാമ്പത്തിക പ്രതിസന്ധിയായി മാറുകയാണെന്നും സമയബന്ധിതമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഒരു തലമുറയുടെ തൊഴിൽ ഭാവി തന്നെ അപകടത്തിലാകുമെന്നും മിൽബേൺ മുന്നറിയിപ്പ് നൽകുന്നു.
click on malayalam character to switch languages