1 GBP = 125.38
breaking news

പാലസ്തീൻ ആക്ഷൻ നിരോധനം ഭീകരവിരുദ്ധ നിയമങ്ങളിൽ വിശ്വാസപ്രതിസന്ധിയുണ്ടാക്കി; സുപ്രീം കോടതിയിൽ നിയമപോരാട്ടം

പാലസ്തീൻ ആക്ഷൻ നിരോധനം ഭീകരവിരുദ്ധ നിയമങ്ങളിൽ വിശ്വാസപ്രതിസന്ധിയുണ്ടാക്കി; സുപ്രീം കോടതിയിൽ നിയമപോരാട്ടം

ലണ്ടൻ: പാലസ്തീൻ അനുകൂല സംഘടനയായ ‘പാലസ്തീൻ ആക്ഷൻ’ നിരോധിച്ച ബ്രിട്ടീഷ് സർക്കാരിന്റെ നടപടി രാജ്യത്തെ ഭീകരവിരുദ്ധ നിയമങ്ങളിൽ വിശ്വാസപ്രതിസന്ധി സൃഷ്ടിച്ചതായി സുപ്രീം കോടതിയിൽ വാദം. സംഘടനയുടെ സഹസ്ഥാപക ഹുദ അമോറിയാണ് നിരോധനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. അഭിപ്രായസ്വാതന്ത്ര്യത്തിനും പ്രതിഷേധിക്കാനുള്ള അവകാശത്തിനും നിരോധനം ഭീഷണിയാകുന്നുവെന്നാണ് ഹർജിക്കാരുടെ വാദം.

നിരോധനത്തിന് പിന്നാലെ സംഘടനയെ അനുകൂലിച്ച് പ്ലക്കാർഡുകൾ ഉയർത്തിയ ആയിരക്കണക്കിന് പേരെ അറസ്റ്റ് ചെയ്തതായും ഹർജിക്കാരുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. ബിബിസിക്ക് ലഭിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇത്തരം പ്രതിഷേധങ്ങളിൽ ഇതുവരെ 4,000ത്തിലധികം അറസ്റ്റുകൾ നടന്നിട്ടുണ്ട്. 1,200 കേസുകളിൽ പ്രോസിക്യൂഷൻ അനുമതിയും നൽകിയിട്ടുണ്ട്. കേസിലെ കോടതി വിധി വരുന്നതുവരെ വിചാരണ നടപടികൾ അനിശ്ചിതത്വത്തിലാണ്.

സംഘടനയുടെ നിരോധനം പ്രശ്നം കൂടുതൽ രൂക്ഷമാക്കിയെന്നും അനുപാതരഹിതമായ നടപടിയാണെന്നും ഹർജിക്കാരുടെ അഭിഭാഷകർ വാദിച്ചു. ഇസ്രായേൽ സൈന്യവുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ കടന്നുകയറുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത നേരിട്ടുള്ള പ്രതിഷേധങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് സംഘടന സമ്മതിക്കുന്നുണ്ടെങ്കിലും, 385 സംഭവങ്ങളിൽ മൂന്നെണ്ണം മാത്രമാണ് ഭീകരവിരുദ്ധ നിയമപ്രകാരം കുറ്റകരമാണെന്ന് ആഭ്യന്തര സെക്രട്ടറി വിലയിരുത്തിയതെന്നാണ് അവരുടെ വാദം.

അതേസമയം, സ്വത്തുക്കൾക്ക് ഗുരുതരമായ നാശനഷ്ടം വരുത്തുന്ന പ്രവൃത്തികളും ബ്രിട്ടീഷ് നിയമപ്രകാരം ഭീകരവാദത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

ബുധനാഴ്ച സുപ്രീം കോടതി നടപടികൾ നടക്കുന്നതിനിടെ കോടതിക്ക് പുറത്ത് പ്രതിഷേധിച്ച 27 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘടനയെ നിരോധിച്ച സർക്കാർ നടപടി നിയമപരമാണോ, അഭിപ്രായസ്വാതന്ത്ര്യത്തിനും സമാധാനപരമായ പ്രതിഷേധത്തിനുമുള്ള അവകാശങ്ങളുമായി പൊരുത്തപ്പെടുന്നതാണോ എന്ന കാര്യത്തിലാണ് സുപ്രീം കോടതിയുടെ നിർണായക പരിശോധന.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more