1 GBP = 129.19
breaking news

യുക്മ വെയിൽസ് റീജിയണൽ കലാമേള ഒക്ടോബർ 10ന് പെനാർത്തിൽ; രെജിസ്ട്രേഷൻ ഇന്ന് മുതൽ

യുക്മ വെയിൽസ് റീജിയണൽ കലാമേള ഒക്ടോബർ 10ന് പെനാർത്തിൽ; രെജിസ്ട്രേഷൻ ഇന്ന് മുതൽ

ബെന്നി അഗസ്റ്റിൻ, യുക്മ ദേശീയ കമ്മിറ്റി അംഗം

പെനാർത്ത് (കാർഡിഫ്): യുകെയിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക കൂട്ടായ്മയ്ക്ക് കൂടുതൽ നിറവും ആവേശവും പകരാൻ യുക്മ വെയിൽസ് റീജിയണൽ കലാമേള 2026, ഒക്ടോബർ 10ന് പെനാർത്തിൽ നടക്കും. പെനാർത്തിലെ St Cyres School ആണ് കലാമേളയ്ക്ക് വേദിയാകുന്നത്. കലാമേളയുടെ നടത്തിപ്പിനായി റീജിയണൽ പ്രസിഡന്റ് ശ്രീ. ജോഷി തോമസിന്റെ അധ്യക്ഷതയിൽ വിപുലമായ കമ്മിറ്റി രൂപികരിച്ചു കഴിഞ്ഞു. ഈ വർഷത്തെ കലാമേളക്ക് ആതിഥേയത്വം വഹിക്കുന്നത് ശ്രീ. ബിജു പോൾ പ്രസിഡന്റ് ആയുള്ള കാർഡിഫ് മലയാളി അസോസിയേഷൻ (സി എം എ) ആണ്. മത്സരാർത്ഥികൾക്ക് വേണ്ടിയുള്ള രെജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിച്ചതായി കലാമേള കോഓർഡിനേറ്റർ ജോബി മാത്യു അറിയിച്ചു.

കേരളത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്ക് പകർന്നുനൽകുകയും, വെയിൽസിലെ വിവിധ മലയാളി അസോസിയേഷനുകളിലെ കലാപ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാനുള്ള വേദിയൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കലാമേള സംഘടിപ്പിക്കുന്നത്.

വെയിൽസിലെ വിവിധ മലയാളി അസോസിയേഷനുകളിൽ നിന്നുള്ള കുട്ടികളും മുതിർന്നവരും കലാമേളയിൽ വിവിധ ഇനങ്ങളിൽ പങ്കെടുക്കും. നൃത്തം, സംഗീതം, ലളിതഗാനം, നാടൻപാട്ടുകൾ, പ്രസംഗം, സംഘനൃത്തം, ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, മറ്റ് കേരളീയ കലാരൂപങ്ങൾ തുടങ്ങി വിവിധ കലാ ഇനങ്ങളിൽ മത്സരങ്ങളും അവതരണങ്ങളും അരങ്ങേറും.

വെയിൽസിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി കുടുംബങ്ങളുടെയും കലാസ്നേഹികളുടെയും സാന്നിധ്യം കലാമേളയെ കൂടുതൽ ശ്രദ്ധേയമാക്കും. നോർത്ത് വെയ്‌ൽസും സൗത്ത് വെയ്‌ൽസും ഒരുമിക്കുന്ന ഒരു സുവർണ്ണ അവസരം. കലാകാരന്മാരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, വിവിധ മലയാളി സംഘടനകളെ ഒരേ വേദിയിൽ അണിനിരത്തി സൗഹൃദവും ഐക്യവും ശക്തിപ്പെടുത്താനും കലാമേള സഹായകമാകും.

യുക്മയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ മലയാളി സമൂഹത്തിന്റെ കലാ-സാംസ്കാരികവും തലമുറകളെ ബന്ധിപ്പിക്കുന്നതുമായ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിപാടികൾ യുകെയുടെ വിവിധ സ്ഥലങ്ങളിൽ വിവിധ റീജിയനുകളിൽ സംഘടിപ്പിക്കുന്നത്.

വേദി: St Cyres School, Sully Road, Penarth, CF64 2XP

തീയതി: 10 ഒക്ടോബർ 2026

സംഘടിപ്പിക്കുന്നത്: യുക്മ വെയിൽസ് റീജിയണൽ കമ്മിറ്റി & കാർഡിഫ് മലയാളി അസോസിയേഷൻ.

വെയിൽസിലെ മലയാളി സമൂഹത്തിന് ഒരുമയുടെയും കലാസ്നേഹത്തിന്റെയും ഉത്സവമായി മാറുന്ന റീജിയണൽ കലാമേള 2026-നെ വിജയിപ്പിക്കാൻ എല്ലാ മലയാളി കുടുംബങ്ങളുടെയും സഹകരണവും സാന്നിധ്യവും സംഘാടകരായ യുക്മ വെയിൽസ് റീജിയനും കാർഡിഫ് മലയാളി അസോസിയേഷനും അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more