1 GBP = 129.34
breaking news

ആസ്റ്റര്‍ ഗാര്‍ഡിയന്‍ഗ്ലോബല്‍ നഴ്‌സിങ് അവാര്‍ഡ് യുകെ മലയാളിയായ ഡോ. അജിമോള്‍ പ്രദീപിന്

ആസ്റ്റര്‍ ഗാര്‍ഡിയന്‍ഗ്ലോബല്‍ നഴ്‌സിങ് അവാര്‍ഡ് യുകെ മലയാളിയായ ഡോ. അജിമോള്‍ പ്രദീപിന്

ആസ്റ്റര്‍ ഗാര്‍ഡിയന്‍ഗ്ലോബല്‍ നഴ്‌സിങ് അവാര്‍ഡ് യുകെയിലെ മലയാളി നഴ്‌സ് ഡോ. അജിമോള്‍ പ്രദീപിന്. 2.5 ലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 2.38 കോടി രൂപ) സമ്മാനത്തുകയുള്ള പുരസ്‌കാരം കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു.

ലണ്ടന്‍ കിങ്‌സ് കോളജ് ഹോസ്പിറ്റലില്‍ സീനിയര്‍ ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്ററായും സാല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ലക്ചററായും പ്രവര്‍ത്തിക്കുന്ന അജിമോള്‍ കോട്ടയം സ്വദേശിയാണ്. യുകെയിലെ കെന്റിലാണ് കുടുംബസമേതം താമസം. ഡോ അജിമോള്‍ പ്രദീപ് കോട്ടയം ചുങ്കം കാനാക്കുന്നേല്‍ ജെ ജെ ജോസഫിന്റെയും അന്നമ്മ ജോസഫിന്റെയും മകളാണ്. ഭര്‍ത്താവ് കോട്ടയം ചാലുകുന്നേല്‍ കണിയാംകുളം വീട്ടില്‍ പ്രദീപ് ജേക്കബ്. വിദ്യാര്‍ത്ഥികളായ കാത്തി, വാലന്റീന്‍ എന്നിവര്‍ മക്കളാണ്.

ലോകമെമ്പാടുമുള്ള 1.34 ലക്ഷം അപേക്ഷകരില്‍നിന്ന് 10 പേരെയാണ് പുരസ്‌കാരത്തിന്റെ ഫൈനലിസ്റ്റുകളായി തെരഞ്ഞെടുത്തത്. ഇവരില്‍ ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ വോട്ടുകള്‍ നേടിയ അജിമോള്‍ അന്തിമ വിജയിയായി. രോഗീപരിചരണം, നഴ്‌സിങ് നേതൃത്വം, വിദ്യാഭ്യാസം, സാമൂഹിക സേവനം, ഗവേഷണം, നവീകരണം തുടങ്ങിയ മേഖലകളിലെ സംഭാവനകളാണ് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കുന്നതിന് പരിഗണിച്ചത്.

നഴ്‌സിങ് വിദ്യാഭ്യാസം, നേതൃത്വം, അവയവദാനം തുടങ്ങിയ മേഖലകളിലെ അജിമോളുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. ബ്രിട്ടനിലെ കെയര്‍ വിസയിലെത്തി ജോലി ചെയ്തിരുന്ന നിരവധി നഴ്‌സുമാര്‍ക്ക് അധിക ഇംഗ്ലിഷ് പരീക്ഷകളില്ലാതെ എന്‍എംസി രജിസ്‌ട്രേഷന്‍ സാധ്യമാക്കുന്ന നിയമനിര്‍മാണത്തിന് പിന്നിലും അജിമോളുടെ ഇടപെടല്‍ നിര്‍ണായകമായിരുന്നു.

2008 മുതല്‍ അവയവമാറ്റ രംഗത്ത് പ്രവര്‍ത്തിക്കുന്ന അജിമോളിന് 2018ല്‍ ബ്രിട്ടീഷ് എംപയര്‍ മെഡല്‍ (ലഭിച്ചിരുന്നു. ബ്രിട്ടനിലെ ഏഷ്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ അവയവദാനത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനും അജിമോള്‍ സജീവമാണ്. ‘ഉപഹാര്‍’ എന്ന ചാരിറ്റിയിലൂടെയും പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.

നഴ്‌സിങ് രംഗത്തെ മികവിന് ഹെല്‍ത്ത് സര്‍വീസ് ജേണല്‍ അവാര്‍ഡ്, ബ്രിട്ടീഷ് ജേണല്‍ ഓഫ് നഴ്‌സിങ് നഴ്‌സ് ഓഫ് ദ ഇയര്‍ പുരസ്‌കാരങ്ങളും അജിമോളിന് നേരത്തെ ലഭിച്ചിട്ടുണ്ട്. പുതിയ ആഗോള അംഗീകാരം യുകെയിലെ മലയാളി സമൂഹത്തിനും പ്രത്യേകിച്ച് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏവര്‍ക്കും അഭിമാനകരമാണ്. ഡോ അജിമോൾ പ്രദീപിന് യുക്മയുടെ അഭിനന്ദനങ്ങൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more