1 GBP = 129.78
breaking news

മലയാളി യുവതി ലിവർപൂളിൽ മരണമടഞ്ഞു; രേഷ്മ രാജന്റെ വിയോഗം ആശുപത്രിയിൽ ചികിത്സയിലിരിക്കവേ

മലയാളി യുവതി ലിവർപൂളിൽ മരണമടഞ്ഞു; രേഷ്മ രാജന്റെ വിയോഗം ആശുപത്രിയിൽ ചികിത്സയിലിരിക്കവേ

ലിവർപൂൾ: യുകെയിലെ ലിവർപൂളിൽ മലയാളി യുവതി മരണമടഞ്ഞു. വയനാട് മീനങ്ങാടി പാതിരിപ്പാലം കുമിഴിക്കൊല്ലി ആക്കൽ വീട്ടിൽ രാജൻ ഗീതാകുമാരി ദമ്പതികളുടെ മകൾ രേഷ്മ രാജനാണ് മരണമടഞ്ഞത്. മുപ്പത്തിരണ്ട് വയസ്സ് മാത്രമായിരുന്നു പ്രായം.

ഗാൾബ്ലാഡറുമായി ബന്ധപ്പെട്ട ശസ്ത്രക്രിയക്കായി രേഷ്മായെ ചൊവ്വാഴ്ച ലിവർപൂൾ എൻഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ തുടർന്ന രേഷ്മയ്ക്ക് കടുത്ത തലവേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നു. ബുധനാഴ്ച്ച രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണകാരണം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായശേഷം മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഭർത്താവ് ശ്രീരാഗ് കെ ബാബുവിനൊപ്പമാണ് രേഷ്മ ലിവർപൂളിൽ താമസിച്ച് വന്നിരുന്നത്. വിദ്യാർത്ഥി വിസയിലാണ് രേഷ്മയും ശ്രീരാഗും യുകെയിലെത്തിയത്. പഠനാന്തര വർക്ക് വിസയുടെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് അടുത്ത നടപടികളിലേക്ക് കടക്കാനിരിക്കവെയാണ് വിധി രേഷ്മയുടെ ജീവിതം കവർന്നത്. ഏകമകൾ മിഴി ശ്രീരാഗ് മാതാപിതാക്കൾക്കൊപ്പം നാട്ടിലാണ്. സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കി.

രേഷ്മ രാജന്റെ ആകസ്മിക വിയോഗത്തിൽ യുക്മ ദേശീയ സമിതിയ്ക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായരും നോർത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയ്ക്കായി റീജിയണൽ സെക്രട്ടറി സനോജ് വർഗ്ഗീസും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more