യുക്മ – ഡോ. സൈമൺസ് അക്കാദമി നോർത്ത് വെസ്റ്റ് റീജിയൺ കായികമേള ജൂൺ 13 ന് വാറിംഗ്ടണിൽ; രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു, രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതി ജൂൺ 6 ശനിയാഴ്ച
May 29, 2026
അനിൽ ഹരി(പി ആർ ഒ, യുക്മ നോർത്ത് വെസ്റ്റ് റീജിയൺ)
നോർത്ത് വെസ്ററ് റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷൻ ആയ വാറിംഗ്ടൺ മലയാളി അസോസിയേഷൻ (വാമ) ആതിഥേയത്വതം വഹിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 13 ശനിയാഴ്ച വാറിംഗ്ടണിലെ നട്സ്ഫോർഡിലുള്ള വിക്ടോറിയ പാർക്ക് സ്റ്റേഡിയത്തിൽ നടക്കും. വിശാലമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി നടത്തുന്നത്.
കായികമേള വൻ വിജയമാക്കുന്നതിനായുള്ള വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹികളായ ദേശീയ സമിതിയംഗം ബിജു പീറ്റർ, ഷാജി തോമസ് വാരകുടി (പ്രസിഡന്റ്), സനോജ് വർഗീസ് (ജനറൽ സെക്രട്ടറി), ഷാരോൺ ജോസഫ് (ട്രഷറർ), ബിനോയ് മാത്യു (സ്പോർട്സ് കോ-ഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ ദേശീയ റീജിയണൽ ഭാരവാഹികൾ ഉൾപ്പെടുന്ന പ്രത്യേക സമിതിയാണ് കായികമേളയുടെ ക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. റീജിയണൽ കമ്മിറ്റിക്ക് പൂർണ്ണ പിന്തുണയുമായി യുക്മ ദേശീയ ഭാരവാഹികളായ ഷീജോ വർഗീസ്, കുര്യൻ ജോർജ്, അലക്സ് വർഗീസ്, ജാക്സൺ തോമസ് എന്നിവരും തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച് വരുന്നു.
കുട്ടികൾ മുതൽ മുതിർന്നവർവരെ ഉള്ളവർക്ക് മത്സരിക്കുവാനുള്ള അവസരം.50, 100, 200, 400 മീറ്റർ ട്രാക്ക് മത്സരങ്ങൾ, കൂടാതെ ഷോട്ട് പുട്ട്, ലോങ്ങ് ജമ്പ്, സ്റ്റാന്റിംഗ് ലോങ്ങ് ജംബ്, തുടങ്ങിയ വിവിധ ഇനങ്ങളിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും വെവ്വേറെ മത്സരങ്ങൾ ആണ് നടക്കുക. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ നിയമാവലി അംഗ അസ്സോസിയേഷനുകളിൽനിന്നും ലഭിക്കുന്നതാണ്. രാവിലെ 8.30ന് രജിസ്ട്രേഷൻ തുടർന്ന് 9 മണിക്ക് ഉൽഘാടനത്തോടെആരംഭിക്കുന്ന കായികമത്സരങ്ങൾ കാണുവാനും പങ്കെടുക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നു. വൈകിട്ട് 5 മണിക്ക് സമ്മാനദാനത്തോടെ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ നടന്നു വരുന്നത്.
കാണികൾക്ക് പ്രവേശനം സൗജന്യമാണ് എന്ന് കൂടി ഭാരവാഹികൾ പ്രത്യേകം അറിയിച്ചിട്ടുണ്ട്.
നോർത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് (ആദ്യത്തെ മൂന്നു സ്ഥാനങ്ങൾ നേടിയവർക്ക്) ജൂൺ 20-ന് ബർമിംഗ്ഹാമിലെ സട്ടൻ കോൾഡ്ഫീൽഡിൽ വച്ച് നടക്കുന്ന യുക്മ ദേശീയ കായികമേളയിൽ റീജിയണെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള സുവർണ്ണാവസരവും ലഭിക്കും.
കായികമേളയുടെ വിശദമായ നിയമാവലി യുക്മയുടെ അംഗ അസോസിയേഷനുകൾക്ക് ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നോർത്ത് വെസ്റ്റിലെ തങ്ങളുടെ പ്രാദേശിക യുക്മ അംഗ അസോസിയേഷനുമായി അടിയന്തിരമായി ബന്ധപ്പെടേണ്ടതാണ്.
click on malayalam character to switch languages